ഞങ്ങൾ രണ്ടു പേരും ശ്രദ്ധിക്കപ്പെട്ടതു സല്ലാപത്തിലൂടെയാണ്. സല്ലാപത്തിൽ ആദ്യമായി നായികയാകുന്നു എന്നതിലും സന്തോഷം മണിയേട്ടനോടൊപ്പം അഭിനയിക്കാൻ പറ്റുമെന്നതായിരുന്നു. ചെറുപ്പം മുതൽ മണിയേട്ടന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു ഞാൻ. ചിരിപ്പിക്കാനും കരയിപ്പിക്കാനും ഒരുപോലെ കഴിവുണ്ടായിരുന്ന കലാകാരനായിരുന്നു കലാഭവൻ മണിയെന്നു മഞ്ജു വാരിയർ. ഇഎംഎസ് സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

അവധിക്കാലത്ത് വിസിആർ വാടകയ്‌ക്കെടുമ്പോൾ ആദ്യം കണ്ടിരുന്നതു മണിയേട്ടന്റെ ഗൾഫ് പ്രോഗാമുകളായിരുന്നു. സല്ലാപത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ഞാനതൊക്കെ ആസ്വദിക്കുന്ന ആളാണെന്നറിഞ്ഞപ്പോൾ എന്നോട് ഏറെ സ്‌നേഹവും വാൽസല്യവും മണിയേട്ടൻ കാണിച്ചിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ പല രംഗങ്ങളിലും ഞാനും മണിയേട്ടനുമുള്ള രംഗങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട്.

Loading...

പ്രതിസന്ധി ഘട്ടങ്ങളിൽ ചങ്കൂറ്റത്തോടെ ഒപ്പം നിന്ന വ്യക്തിയാണു മണിയേട്ടൻ. മണിയേട്ടന്റെ മരണത്തോടു പകുതി മനസ്സേ പൊരുത്തപ്പെട്ടിട്ടുള്ളൂ. ആ മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മഞ്ജു പറഞ്ഞു. ഏതു വേഷവും ചെയ്യാൻ ധൈര്യമുള്ള വ്യക്തിയായിരുന്നു മണിയെന്നു സംവിധായകൻ സിബി മലയിൽ അനുസ്മരിച്ചു. കഥാപാത്രത്തിനു വേണ്ടി എന്തും സഹിക്കാൻ തയാറായിരുന്നു. ആയിരത്തിലൊരുവൻ എന്ന സിനിമയിൽ ഗ്ലിസറിനില്ലാതെ മണി കരഞ്ഞിട്ടുണ്ട്.

എങ്ങനെ ഗ്ലിസറിനില്ലാതെ കരയുന്നുവെന്നു ചോദിച്ചപ്പോൾ പഴയകാലം ഓർക്കുമ്പോൾ കരച്ചിലു വരുമെന്നായിരുന്നു മണിയുടെ മറുപടി. അത്രയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ആളാണു മണി. വറുതിയുടെ മരുഭൂമി കടന്നു സിനിമയിൽ വന്നയാളായിരുന്നു മണി. ഇത്രയും ആഘാതമുണ്ടാക്കിയ ഒരു മരണം മലയാളസിനിമയിൽ ഉണ്ടായിട്ടില്ലെന്നും സിബി മലയിൽ പറഞ്ഞു. ഇഎംഎസ് സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ പ്രഫ. മാത്യു പൈലി അധ്യക്ഷനായിരുന്നു. ടിനി ടോം, കലാഭവൻ അൻസാർ, എ.കെ. സാജൻ, കെ.എസ്. പ്രസാദ്, ദീപൻ, കെ.ജെ. ജേക്കബ്, ടി.എൻ. സീനുലാൽ, എം. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.