ചാലക്കുടി: ഞായറാഴ്ച ചാലക്കുടിയിൽ നടന്ന കലാഭവൻ മണി അനുസ്മരണ പരിപാടിയായ ‘ചിരസ്മരണ’യിൽ തന്നെ ഒഴിവാക്കി. അതിനു പിന്നിൽ ഒരു സൂപ്പർ താരമാണെന്ന് സംവിധായകൻ വിനയൻ. ചിരസ്മരണയിലേക്ക് എന്നെ ക്ഷണിക്കാൻ സംഘാടകർ ആദ്യം പദ്ധതിയിട്ടിരുന്നതായി പിന്നീടറിഞ്ഞു. പക്ഷേ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ഒരു പ്രമുഖ താരം പറഞ്ഞത്രേ, എന്നെ വിളിച്ചാൽ അദ്ദേഹം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന്. അതിനാൽ സംഘാടകർ തീരുമാനം മാറ്റുകയായിരുന്നു.

ഇതിന് പിന്നിൽ പ്രവർത്തിച്ച ആ പ്രമുഖ താരത്തിന്റെ പേര് ഇപ്പോൾ പറയുന്നില്ല. അത് തുറന്നുപറയാൻ ഭയമുണ്ടായിട്ടല്ല. പക്ഷേ ഇപ്പോഴത് പറയുന്നത് ശരിയല്ലെന്ന് തോന്നുന്നു. മണിയുടെ മരണം കഴിഞ്ഞതല്ലേയുള്ളൂ. അതേത്തുടർന്ന് ഒരു വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് അത് ആരാണെന്ന് പറയാത്തത്, കലാഭവൻ മണി അനുസ്മരണത്തിൽ നിന്ന് താൻ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് വിനയൻ പറഞ്ഞു.

Loading...

മണിയെ അനുസ്മരിച്ച് ഒരു പരിപാടി നടത്തുമ്പോൾ അതിന് ആദ്യം ക്ഷണിക്കേണ്ടവരിൽ ഒരാളായി എന്നെയാവും മിക്കവരും പരിഗണിക്കുക. സിനിമാ രംഗത്തുനിന്നുള്ള 90 ശതമാനം പേർക്കും അതേ അഭിപ്രായമാവും ഉള്ളത്. അവിടെ വന്നവരിൽ പലരും, നടന്മാർ ഉൾപ്പെടെയുള്ളവർ എന്നെ വിളിച്ചുപറഞ്ഞതും അങ്ങനെ ആയിരുന്നു. മണിയെക്കുറിച്ച് നിങ്ങൾ പറയുന്നത് കേൾക്കാനാണ് അവിടെ കൂടിയ ജനം ആഗ്രഹിച്ചതെന്നാണ് എന്നെ വിളിച്ചവരെല്ലാം പറഞ്ഞത്. ഗിന്നസ് പക്രുവൊക്കെ വളരെ വികാരത്തോടെ ആയിരുന്നു ഇക്കാര്യം സംസാരിച്ചത്. എന്നെ ക്ഷണിക്കാത്ത സ്ഥലത്ത് എന്റെ സിനിമകളുടെ ക്ലിപ്പിംഗുകൾ പ്രദർശിപ്പിച്ച കാര്യവും പലരും പറഞ്ഞു.

ആ സൂപ്പർതാരത്തെകുറിച്ച് വരുംകാലങ്ങളിൽ വിനയൻ തന്നെ പുറത്തുപറയുമോ? മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.