കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭ രാജിവയ്ക്കണം: കാനം രാജേന്ദ്രൻ

കോഴിക്കോട്‌: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട ഉമ്മൻചാണ്ടി മന്ത്രിസഭ രാജിവെച്ച്‌ ഒഴിയണമെന്ന്‌ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ ധനകാര്യ, നിയമവകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി ആഭ്യന്തര വകുപ്പിന്റെ മന്ത്രിയെ വിമർശിച്ച്‌ സംസാരിക്കുന്നു. ചില മന്ത്രിമാർ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട വിധമാണ്‌ മന്ത്രിമാർ തമ്മിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌. യു ഡി എഫ്‌ മന്ത്രിസഭയ്ക്ക്‌ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ്‌ മന്ത്രിമാരുടെ വാക്കുകളായി പുറത്തുവരുന്നത്‌. ഈ സാഹചര്യത്തിൽ, ഭരണഘടനയെ തൊട്ട്‌ സത്യം ചെയ്ത അധികാരത്തിലേറിയ ഒരു മന്ത്രിസഭ രാജിവെച്ച്‌ പുതിയ ജനവിധി തേടുകയാണ്‌ രാഷ്ട്രീയപരമായും ധാർമികമായും ചെയ്യേണ്ടത്‌- കാനം പറഞ്ഞു. കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദി പ്രസ്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

ബാർ കോഴ കേസിൽ മറ്റു മന്ത്രിമാരുടെ പങ്ക്‌ പുറത്തുവന്നപ്പോൾ ഒരേ കാര്യത്തിൽ രണ്ടു നീതിയാണ്‌ ഉണ്ടായതെന്ന്‌ കെ എം മാണി പറയുന്നു. തനിക്കെതിരെ നടക്കുന്ന ഗൂഢോലോചനയുടെ കിങ്‌ പിൻ ആരാണെന്ന്‌ അറിയാമെന്നും അദ്ദേഹം പറയുന്നു. കിങ്‌ പിൻ ആരെന്ന്‌ വ്യക്തമാക്കാൻ മാണി തയ്യാറാവണം- കാനം ആവശ്യപ്പെട്ടു. ബാറുകൾ പൂട്ടിയ കേസിൽ ഹൈക്കോടതി വിധി സർക്കാരിന്റെ വിജയമല്ല. മദ്യത്തിന്റെ കാര്യത്തിൽ നയരൂപീകരണത്തിന്‌ സർക്കാരിന്‌ അധികാരമുണ്ടെന്ന്‌ മാത്രമെ ഹൈക്കടോതി വിധിയുലുള്ളു. അതിനപ്പുറമുള്ള യു ഡി എഫിന്റെ അവകാശവാദങ്ങൾ ബാലിശമാണ്‌. യു ഡി എഫ്‌ മന്ത്രിസഭയിൽ അഴിമതിയും ആഭ്യന്തരകലഹവും മൂർഛിച്ചിരിക്കുകയാണ്‌. സർക്കാരിനെതിരായ ജനവികാരം വളരെ ശക്തമാണ്‌. അതിനാൽ യു ഡി എഫിനെ മത്സരമില്ലാതെ വിജയിക്കാൻ വിടരുത്‌ എന്നതിനാലാണ്‌ രാജ്യസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക്‌ മത്സരിക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്‌.

Loading...

അഴിമതിയിൽ മുങ്ങിയ യു ഡി എഫ്‌ സർക്കാരിനെതിരെയും രാജ്യത്തിന്റെ മതേതരത്വത്തിന്‌ ഭീഷണിയുയർത്തുന്ന മോഡി സർക്കാരിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങളുമായി ഇടതുപക്ഷം മുന്നോട്ടുപോവും. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ്‌ സി പി ഐ യുടെ കോട്ടയം സമ്മേളനവും പുതുച്ചേരി പാർട്ടി കോൺഗ്രസും തീരുമാനിച്ചത്‌. ഇടതുപക്ഷ ഐക്യം എന്നത്‌ കേവലം പാർട്ടികളിൽ ഒതുങ്ങുന്നതല്ല എന്നാണ്‌ സി പി ഐയുടെ കാഴ്ചപ്പാട്‌. വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ എന്നിവയെയെല്ലാം കൂട്ടിയോജിപ്പിച്ചുള്ള ഇടതുപക്ഷ ഐക്യമാണ്‌ സി പി ഐ ലക്ഷ്യമിടുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത്‌ ഇടതുമുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്ന നിലപാടാണ്‌ പാർട്ടി മുന്നോട്ടുവെച്ചിട്ടുള്ളത്‌. എന്നാൽ അത്‌ ഏതെങ്കിലും കക്ഷികളെ മാത്രം ഉദ്ദേശിച്ചല്ല, നയങ്ങളെ മുൻനിർത്തിയുള്ളതാണെന്നും ഒരു ചോദ്യത്തിന്‌ ഉത്തരമായി കാനം പറഞ്ഞു. ഇപ്പോൾ എൽ ഡി എഫിൽ ഘടകമായി നിൽക്കുന്ന കക്ഷികളുണ്ട്‌. സഹകരിക്കുന്ന കക്ഷികളുമുണ്ട്‌. അവരോട്‌ ചെറുതോ വലുതോ എന്ന വ്യത്യാസമില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, ഒപ്പം ഓരോ കക്ഷിയും സ്വയം ശക്തിപ്പെടുകയും ചെയ്യുക എന്നതാണ്‌ സി പി ഐയും സി പി എമ്മും സ്വീകരിച്ചിട്ടുള്ള നിലപാടെന്നും കാനം ആവർത്തിച്ചു. കെ എം മാണിയെ പിന്തുണയ്ക്കാൻ എൽ ഡി എഫ്‌ ഒരു ഘട്ടത്തിലും തീരുമാനിച്ചിട്ടില്ല. ഒരു ചർച്ചയും ഇതിനായി നടന്നിട്ടുമില്ലെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി കാനം പറഞ്ഞു.

നവലിബറൽ നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ വ്യത്യാസങ്ങളില്ല. കോർപ്പറേറ്റുകളുടെ ഇഷ്ടത്തിനു പ്രവർത്തിക്കുന്ന രാജ്യത്തെ രണ്ടു മുഖ്യധാര രാഷ്ട്രീയ പാർട്ടികളാണ്‌ ഇവ. എഴുപതുകളിലെ കോൺഗ്രസ്സിന്റെ നയങ്ങളല്ല ഇന്നുള്ളത്‌. അതിനാൽ എഴുപതുകളിലെ കോൺഗ്രസ്സിനെ കാണുന്ന പോലെ ഇന്ന്‌ കാണാനാവില്ലെന്നും ദേശിയരാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ മറുപടിയായി കാനം പറഞ്ഞു. സി പി ഐ ദേശിയ എക്സിക്യൂട്ടീവ്‌ അംഗം ബിനോയ്‌ വിശ്വം, ദേശിയ കൗൺസിൽ അംഗം കൂടിയായ ജില്ലാ സെക്രട്ടറി ടി വി ബാലൻ എന്നിവരും സംബന്ധിച്ചു. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ ബാലനാരായണൻ സ്വാഗതം പറഞ്ഞു.