രാജ്യസഭാ സീറ്റ്: ലീഗില്‍ ഭിന്നത; സ്ഥാനാര്‍ഥിയെ പാണക്കാട്ട് ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട്‌: രാജ്യസഭാ സീറ്റിനെ ചൊല്ലി മുസ്ലീംലീഗില്‍ അഭിപ്രായഭിന്നത. സംസ്‌ഥാന പ്രവര്‍ത്തകസമിതിയിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന്‌ മുസ്‌ലിം ലീഗ്‌ രാജ്യസഭാ സ്‌ഥാനാര്‍ഥി പ്രഖ്യാപനം മാറ്റി വച്ചു. ഇന്നലെ കൂടിയ സംസ്‌ഥാന പ്രവര്‍ത്തകസമിതിയും ഉന്നതാധികാര സമിതി യോഗവും കഴിഞ്ഞ ശേഷം സ്‌ഥാനാര്‍ഥി പ്രഖ്യാപനം സംസ്‌ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഇന്നു പാണക്കാട്ട്‌ നടത്തുമെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ എംപി പി.വി. അബ്‌ദുല്‍ വഹാബിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കുന്നതിന്‌ എതിരെ അന്തരിച്ച മുന്‍ പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഇളയ മകന്‍ മുനവ്വറലി തങ്ങളുടെ ഫെയ്‌സ്‌ ബുക്ക് പോസ്‌റ്റ്‌ വിവാദമായിരുന്നു. അതിനു തൊട്ടു പിന്നാലെയാണ്‌ സംസ്‌ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്‌. വഹാബിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കാന്‍ ഏതാണ്ടു തീരുമാനമായിരുന്ന സമയത്താണ്‌ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ വരുന്നതും തുടര്‍ന്ന്‌ പ്രവര്‍ത്തക സമിതിയില്‍ രൂക്ഷമായ ഭിന്നതയുണ്ടാകുന്നതും.

Loading...

ഇന്നലെ ഉച്ചയോടെയാണ്‌ മുനവ്വറലിയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ വന്നത്‌. അബ്‌ദുല്‍ വഹാബിന്‌ സീറ്റ്‌ നല്‍കുന്നതില്‍ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ കുടുംബത്തിനുള്ള അതൃപ്‌തി വ്യക്‌തമാക്കുന്നതായിരുന്നു അതിലെ വാചകങ്ങള്‍. പാര്‍ട്ടിയുടെ പാരമ്പര്യത്തിനു കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്കു കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ്‌ ലീഗ്‌ പ്രവര്‍ത്തകരുടെ പൊതുവികാരം. മുന്‍പ്‌ ഒരു മുതലാളിക്ക്‌ ആ സ്‌ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും പോസ്‌റ്റില്‍ പറയുന്നു.

പിതാവിനെ (മുഹമ്മദലി ശിഹാബ്‌ തങ്ങള്‍) ഏറെ വിഷമിപ്പിച്ച ആ തീരുമാനം വേണ്ടായിരുന്നുവെന്നു പലതവണ അദ്ദേഹം പറയുന്നതു കേട്ടിട്ടുണ്ടെന്നും ലീഗ്‌ പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനി ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നുവെന്നുമുള്ള പോസ്‌റ്റ്‌ വിവാദമായതോടെ മുനവ്വറലി തങ്ങള്‍ പിന്‍വലിച്ചു.

എന്നാല്‍, അല്‍പസമയത്തിനകം മുനവ്വറലിയുടെ ജ്യേഷ്‌ഠന്‍ ബഷീറലി തങ്ങളുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ മറ്റൊരു പോസ്‌റ്റ്‌ വന്നു. ‘മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തശേഷം സംസ്‌ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഉചിതമായ തീരുമാനത്തിനായി നമുക്കു കാത്തിരിക്കാം എന്നായിരുന്നു അത്‌. അണികളുടെ വികാരമാണ്‌ മുനവ്വറലിയുടെ പോസ്‌റ്റില്‍ പ്രതിഫലിച്ചതെങ്കില്‍ നേതൃത്വം എടുക്കുന്ന തീരുമാനത്തിന്‌ അനുകൂലമായി ആയിരുന്നു ബഷീറലി തങ്ങളുടെ പോസ്‌റ്റ്‌.

പ്രവര്‍ത്തകസമിതി യോഗത്തില്‍ പ്രധാന നേതാക്കള്‍ പ്രസംഗിച്ചശേഷം സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്‌ ജില്ലാ ഭാരവാഹികളുടെ അഭിപ്രായങ്ങള്‍ മറ്റൊരു മുറിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റയ്ക്ക്‌ കേള്‍ക്കുകയായിരുന്നു. മലപ്പുറം, പാലക്കാട്‌ ജില്ലാ ഭാരവാഹികള്‍ ഒഴികെ എല്ലാവരും കെ.പി.എ. മജീദിനൊപ്പം നിന്നു. എന്നാല്‍, ദേശീയ പ്രസിഡന്റ്‌ ഇ. അഹമ്മദ്‌, അബ്‌ദുല്‍ വഹാബിനായി വാദിച്ചു. തുടര്‍ന്ന്‌ അടിയന്തരമായി ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലും സ്‌ഥാനാര്‍ഥി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനായില്ല.

സ്‌ഥാനാര്‍ഥിയായി പരിഗണിക്കുന്ന സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ ഉന്നതസമിതി യോഗത്തില്‍നിന്നു വിട്ടുനിന്നു. അതേസമയം സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്‌ ലീഗില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

കെ.പി.എ. മജീദിന്റെയും വഹാബിന്റെയും പേരില്‍ നേതാക്കള്‍ ഇരുവിഭാഗമായി നിലയുറപ്പിച്ചതോടെ അന്തിമതീരുമാനം ഹൈദരലി തങ്ങള്‍ക്കു വിടുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ പൊതുചര്‍ച്ച അനുവദിച്ചിരുന്നില്ല.