കെ.എം മാണി കളിയറിയുന്ന രാഷ്ട്രീയക്കാരന്‍

ഇതാണ് കേരളം! ക്രിമിനലുകള്‍ വിളയാടുന്ന ഭ്രാന്താലയം!

രാജ്യസഭാ തിരഞ്ഞെടുപ്പ് ഉയര്‍ത്തിക്കാട്ടി മന്ത്രി കെ.എം. മാണി ഒന്നു വിരട്ടിയപ്പോള്‍ അവിടെ തീര്‍ന്നു ബാര്‍ക്കോഴ കുറ്റപത്ര വിചാരണകള്‍. രാഷ്ട്രീയ ചതുരംഗത്തില്‍ ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ വിരട്ടിയാല്‍ കാര്യം എളുപ്പമാണെന്ന് നല്ലവണ്ണം അറിയുന്ന ശ്രി. കെ.എം മാണി പിടിക്കേണ്ടടത്തു തന്നെ പിടിച്ചു അതോടെ കോണ്‍ഗ്രസ്സിന്റെ പത്തി താഴുകയും ചെയ്തു. മാണിയ്ക്ക് പണം കൊടുക്കുന്നത് നേരിട്ട് കണ്ട സാക്ഷിയോ അതിന് വേണ്ട തെളിവോ ഇല്ലാത്തതുകൊണ്ട് കുറ്റപത്രം ആവശ്യമില്ലെന്നാണ് പുതിയ അറിവുകള്‍ വ്യക്തമാക്കുന്നതു്‌.

Loading...

രാജ്യസഭാതെരഞ്ഞെടുപ്പിന് മുമ്പ് ബാര്‍ക്കോഴ കേസില്‍ തീരുമാനം വേണമെന്ന നിലപാടാണ് മാണി സ്വീകരിച്ചത്. രാജ്യസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ മാണി യു.ഡി.എഫിന് തല്‍ക്കാലം വേണ്ടാത്ത അവസ്ഥയിലാകും. അതുകൊണ്ട് അതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം വേണമെന്ന് മാണി കടുംപിടുത്തം പിടിച്ചത്.

പി.സി. ജോര്‍ജിനെ ഒഴിവാക്കിയാല്‍പ്പോലും നിലവില്‍ നിയമസഭയില്‍ മാണി വിഭാഗത്തിന് എട്ട് എം.എല്‍.എമാരുണ്ട്. ഇപ്പോഴത്തെ നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 36 വോട്ട് വേണം. രണ്ടു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടത് 72. നിലവില്‍ യു.ഡി.എഫിന് 73 അംഗങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മാണി ഉടക്കിയാല്‍ ഒരു സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നത് ഉറപ്പാണ്. ഇത് മുന്നില്‍കണ്ടാണ് മാണി സമ്മര്‍ദ്ദം ശക്തമാക്കിയത്.

മാണിയുടെ വോട്ടില്ലെങ്കിലും കോണ്‍ഗ്രസിന് കുഴപ്പമൊന്നും വരില്ല. എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്ന ലീഗിന് മാണിയുടെ വോട്ട് അനിവാര്യമാണ്. അതുകൊണ്ട് മാണി ലീഗിന് മുകളിലും ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. അവരുടെകൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ക്കോഴയില്‍ കുറ്റപത്രം വേണ്ടെന്ന് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ബാര്‍ക്കോഴ കേസില്‍ ആരോപണം ഉന്നയിച്ച ബിജു രമേശ് ഒഴികെ മറ്റാരും മാണിയെ പ്രതിയാക്കാന്‍ പറ്റുന്ന മൊഴി നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. ഇനി ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ ക്രിമിനല്‍ നടപടിക്രമം 164 അനുസരിച്ച് നല്‍കിയ മൊഴികൂടി പരിശോധിച്ചശേഷം കുറ്റപത്രം വേണ്ടെന്ന നിലപാട് ഉറപ്പിക്കും. ഇതുവരെ മൊഴികൊടുത്തവരാരും മാണി നേരിട്ട് പണം ചോദിക്കുന്നത് കേട്ടന്നോ, വാങ്ങുന്നത് കണ്ടന്നോ മൊഴി കൊടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ മാണിയെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. ഇതിനിടെ ബിജു രമേശ് മാണിയെ വിട്ട് കോണ്‍ഗ്രസ് മന്ത്രിമാരിലേക്ക് നീങ്ങിയതിന് പിന്നിലും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ശ്രദ്ധ മാണിയില്‍നിന്നും മറ്റുള്ളവരിലേക്ക് നീങ്ങും.

എന്നാല്‍ ബാര്‍ഉടമകളില്‍ നിന്നും മൊഴിയെടുത്തതല്ലാതെ അതുമായ ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് തയാറായിട്ടില്ലെന്ന പരാതി കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ സാഹചര്യ-ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാല്‍ തന്നെ തെളിവുകള്‍ ലഭിക്കും. മാത്രമല്ല, മാണി പണം ആവശ്യപ്പെടുന്ന സംഭാഷണം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ കൈവശമുണ്ടെന്ന് ബിജു രമേശ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് ശേഖരിക്കാനോ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കാനോ വിജിലന്‍സ് ശ്രമിച്ചിട്ടുമില്ല. ഇതൊക്കെ മറച്ചുവച്ചുകൊണ്ടാണ് സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ മാണിയെ കുറ്റവിമുക്തനാക്കാന്‍ പോകുന്നത്.

കൂടാതെ ബാര്‍മുതലാളിമാര്‍ പലതട്ടില്‍ നില്‍ക്കുന്നത് മാണിക്ക് ആശ്വാസമാണ്. ഈ നീക്കങ്ങള്‍ക്കെതിരെ പി.സി. ജോര്‍ജ് ശക്തമായി രംഗത്തുണ്ട്. കുറ്റപത്രമുണ്ടായില്ലെങ്കില്‍ അദ്ദേഹം നേരിട്ട് തന്നെ ചില തെളിവുകള്‍ പുറത്തുവിടുമെന്ന് കരുതാം. ഇനി ജോര്‍ജും നിലവിലുള്ള പ്രതിപക്ഷവും എത്ര ശ്രമിച്ചാലും മാണിയെ പ്രതിക്കൂട്ടില്‍ കയറ്റുകയെന്നത് അപ്രാപ്യമായി മാറിയെന്നും വരാം.