അമേരിക്കയിലെ ഹാവോവര്‍ ബാങ്ക് ഉള്‍പ്പെടെ മാണിക്കും മകനും വിദേശങ്ങളില്‍ അളവില്ലാത്ത സ്വത്തുക്കള്‍: പി.സി ജോര്‍ജ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കും മകന്‍ ജോസ് കെ. മാണിക്കും അമേരിക്കയിലെ ഹാനോവര്‍ ബാങ്കില്‍, ബഹാമസ് ബാങ്കുകളില്‍ അക്കൗണ്ടുകള്‍, ശ്രീലങ്കയില്‍ റിസോര്‍ട്ടുകള്‍, ഇന്ത്യയില്‍ ബിനാമി പേരില്‍ ടൈല്‍ ഫാക്ടറി എന്നീ ഗുരുതര ആരോപണങ്ങളുമായി പി.സി ജോര്‍ജ് രംഗത്ത്.

Hanover

Loading...

മാണിയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തു നല്‍കുമെന്നും ബാര്‍കോഴ കേസില്‍ വിജിലന്‍സിനു തെളിവുകള്‍ കൈമാറുമെന്നും സോളര്‍ കേസിലെ വിവരങ്ങള്‍ കമ്മീഷനു നല്‍കുമെന്നും ജോര്‍ജ്‌ പറഞ്ഞു. തിരുവനന്തപുരത്ത്‌ നല്‍കിയ പൌരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനത്തു നിന്നു മാണിയും യുഡിഎഫും ആവശ്യപ്പെട്ടാലും മാറില്ല. കേരളത്തില്‍ മുഴുവന്‍ ചെറുപ്പക്കാരുടെയും നേതൃത്വത്തില്‍ അഴിമതിവിരുദ്ധകൂട്ടായ്‌മകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. മാണി അമേരിക്കയിലെ ഹനോവര്‍ ബാങ്കിന്റെ ഡയറക്‌ടര്‍ ആയത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കണം. ഈ ബാങ്കിന്റെ ചെയര്‍മാനും മലയാളിയാണ്‌. അമേരിക്കയിലെ ബഹാമസ്‌ ഐലന്‍ഡിലെ സ്വിസ്‌ മാതൃകയിലുള്ള ബാങ്കുകളില്‍ കെ.എം. മാണിയും ജോസ്‌ കെ.മാണിയും ഇടയ്ക്കിടെ പോകുന്നത്‌ എന്തിനെന്ന്‌ അന്വേഷിക്കണം. ജോസ്‌ കെ.മാണിക്ക്‌ ശ്രീലങ്കയില്‍ മാത്രം എത്ര റിസോര്‍ട്ടുകള്‍ ഉണ്ടെന്ന്‌ അന്വേഷിക്കണം.

ഇന്ത്യയില്‍ ഒരു ടൈല്‍ ഫാക്‌ടറിയുടെ ഉടമ ജോസ്‌ കെ.മാണിയുടെ ബിനാമിയാണ്‌. മാണിയുടെ മരുമകന്‍ എം.കെ. ജോസഫിനെ സര്‍ക്കാരിന്റെ വന്‍കിടപദ്ധതികളുടെ കണ്‍സല്‍ട്ടന്റ്‌ തസ്‌തികയില്‍ നിയമിച്ചത്‌ ചട്ടങ്ങള്‍ ലംഘിച്ചാണ്‌. വിരമിച്ച ചീഫ്‌ എന്‍ജിനിയറെ നിര്‍മിതി ഡയറക്‌ടര്‍ ആക്കാന്‍ മാണി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ നല്‍കിയപ്പോള്‍ ഡയറക്‌ടറായി നിയമിച്ചെങ്കിലും ബാക്കി തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന്‌ പിരിച്ചുവിട്ടു. ഇക്കാര്യം മുഖ്യമന്ത്രിയോടു പറഞ്ഞപ്പോള്‍ ജോര്‍ജ്‌ ഇപ്പോഴാണോ ഇക്കാര്യം അറിയുന്നതെന്നായിരുന്നു മറുപടി.

ജോര്‍ജ് ഇതിനു മുമ്പ് നല്‍കിയിരുന്ന 10 പേജുള്ള കത്ത് യു.ഡി.എഫ് യോഗം ചര്‍ച്ചായോഗ്യമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു.