ഡിവൈഎസ്പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായങ്ങള്‍ വെറും വാക്കിലൊതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തിന് സഹായം നല്‍കാതെ സര്‍ക്കാര്‍. സംഭവം നടന്ന് ഒരു മാസം ആയിട്ടും ഒരു രൂപപോലും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡിജിപി ശുപാര്‍ശയും നടപ്പായില്ല. ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ജപ്തിഭീഷണിയിലുമാണ്.

പൊലീസുകാരനാല്‍ കൊല്ലപ്പെട്ടതുകൊണ്ട് തന്നെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. സഹായം തേടി വിജി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടതുമാണ്. എല്ലാം ശരിയാക്കുമെന്ന ഉറപ്പ് മാത്രമാണ് മിച്ചം. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടം കയറി ആത്മഹത്യ ചെയ്തതാണ് സനലിന്റെ പിതാവ്. ആ ബാധ്യതയാണ് പെരുകിയിപ്പോള്‍ 22 ലക്ഷത്തിന് മുകളിലായിരിക്കുന്നത്. തീരാ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിജിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം വീണ്ടും ഇരുളിലാക്കുന്നതും ഈ കടക്കെണിയാണ്.

Loading...