മാന്നാര്‍: പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ വി.എസ്. അച്യുതാനന്ദനെതിരെ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്നു സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യക്തിതാത്പര്യത്തിനായി പാര്‍ട്ടിയെ ബലികഴിച്ചാല്‍ ചെങ്കൊടി പുതച്ച് മരിക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ എതിര്‍പ്പ് അവഗണിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്വാശ്രയ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുത്ത മാന്നാറില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്കുമേലെ ആരെയും വളരാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണു നല്‍കിയത്.

എത്ര ഉന്നതനായ നേതാവായാലും തെറ്റുണ്ടാകാം. പക്ഷേ, തെറ്റുതിരുത്താതെ മുന്നോട്ടു പോകാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസിനു പോലും പാര്‍ട്ടി നടപടി നേരിടേണ്ടിവന്നു. അപ്പോള്‍ അദ്ദേഹം പാര്‍ട്ടിയെ ധിക്കരിക്കുന്നതിനു പകരം തെറ്റുതിരുത്തി മുന്നോട്ടു പോകുകയാണു ചെയ്തത്. ഞാന്‍ പാര്‍ട്ടിയെക്കാള്‍ വളര്‍ന്നു എന്ന ധാരണയുണ്ടാകുന്നതു സഖാക്കള്‍ക്ക് അപകടം വരുത്തിവയ്ക്കും.

Loading...

ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരായി പ്രവര്‍ത്തിച്ചതിനാണ് 1985ല്‍ പാര്‍ട്ടിയുടെ കരുത്തനായ നേതാവായിരുന്ന എം.വി. രാഘവനെ പുറത്താക്കിയതെന്നു വിഎസിനുള്ള താക്കീതെന്ന മട്ടില്‍ കോടിയേരി പറഞ്ഞു. പാര്‍ട്ടി അമ്മയാണ്. എത്ര വലിയ തെറ്റായാലും അമ്മ ക്ഷമിക്കും. എന്നുകരുതി അമ്മയെ ആരും തല്ലാന്‍ പാടില്ല – കോടിയേരി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് പ്രസക്തിയില്ല. എത്ര ഉന്നത നേതാവായാലും പാര്‍ട്ടിക്ക് കീഴടങ്ങിയേ മതിയാവൂ. അല്ലാത്തവര്‍ക്ക് എം.വി. രാഘവന്‍്റെയും ഗൗരിയമ്മയുടെയും ഗതിയാവും. എം.വി. രാഘവന്‍്റെ ആരോഗ്യം നശിച്ചപ്പോള്‍ യു.ഡി.എഫ്. അദ്ദഹേത്തെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൗരിയമ്മയോടും യു.ഡി.എഫ്. അനീതി കാട്ടി. ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റായി പ്രവര്‍ത്തിക്കാനാകുക വലിയ കാര്യമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

1985ല്‍ എം.വി. രാഘവന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനത്തിനെ തിരായി പ്രവര്‍ത്തിച്ചതിനാണ് അന്നത്തെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവായിട്ടും അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയത്. പിന്നീട്, കമ്യൂണിസ്റ്റ് വിരുദ്ധര്‍ അദ്ദേഹത്തെ നേതാവായി സ്വീകരിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. വ്യക്തികളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്നതിന്റെ തെളിവാണു സോവിയറ്റ് യൂണിയനില്‍ സംഭവിച്ചതെന്നും കോടിയേരി സൂചിപ്പിച്ചു.

അഴിമതി അലങ്കാരമായി കൊണ്ടുനടക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ബാര്‍കോഴ കേസില്‍ കുറ്റപത്രത്തില്‍നിന്ന് പേര് നീക്കം ചെയ്യാന്‍ മന്ത്രി കെ.എം. മാണി കോടതിയെ സമീപിക്കണമെന്നും കോടിയേരി പറഞ്ഞു.

വിഎസ് മാന്നാറിലെ യോഗത്തില്‍ പങ്കെടുത്തതിനെതിരെ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജി. സുധാകരന്‍ എംഎല്‍എയും പ്രതികരിച്ചു. വിഎസിനെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചവരാണു മാന്നാറിലെ ദേശാഭിമാനി സ്വയംസഹായ സംഘത്തിലെ പ്രവര്‍ത്തകര്‍. ഇവര്‍ എങ്ങനെ കമ്യൂണിസ്റ്റാകും? വിഎസിനെ വിഎസ് ആക്കിയത് മാന്നാറിലെ പ്രസംഗമല്ല. വിഎസിന്റെ പേരു പറഞ്ഞു പാര്‍ട്ടിയെ ആക്ഷേപിക്കാനാണു ശ്രമം. അദ്ദേഹം എന്നും പാര്‍ട്ടിയെ നയിക്കുമെന്നാണു കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍, ഈ നീക്കം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്നു തല്‍ക്കാലം പുറത്താക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സി.എസ്. സുജാത, ടി.കെ. ദേവകുമാര്‍, ആര്‍. നാസര്‍, എ. മഹേന്ദ്രന്‍, പി. വിശ്വംഭരപ്പണിക്കര്‍, പ്രഫ. പി.ഡി. ശശിധരന്‍, എം.എച്ച്. റഷീദ്, ജി. രാമകൃഷ്ണന്‍, മണി കയ്യത്ര, എം. ശശികുമാര്‍, സി. ജയചന്ദ്രന്‍, പി.എന്‍. ശെല്‍വരാജ്, ലീലാ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.