കുഞ്ഞാലികുട്ടിയുടെ എല്ലാ കളികളേയും വെട്ടിമാറ്റിയാണു വഹാബ് രാജ്യസഭയിലേക്ക് പോകുന്നത്. കെ പി എ മജീദിനു വേണ്ടി പാര്‍ട്ടി സംവിധാനം ഉപയോഗിച്ച്​ കുഞ്ഞാലിക്കുട്ടി നടത്തിയ കനത്ത സമ്മര്‍ദ്ധം അതിജീവിച്ചാണ്​ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈദരലി തങ്ങള്‍ തീരുമാനിച്ചത്​. ഇക്കാര്യത്തിൽ തങ്ങളെ വഹാബ് സ്വന്തമാക്കുകയായിരുന്നു. പാർട്ടിയും, കുഞ്ഞാലികുട്ടിയുമല്ല വലുത്, പാര്ട്ടി പ്രസിഡന്റാണെന്ന് ലീഗ് ഒരിക്കൽ കൂടി തെളിയിച്ചു. എല്ലാ ജനാധിപത്യവും പാർട്ടി തീരുമാനവും പ്രസിഡന്റിന്റെ വാക്കിൽ ഒതുക്കപെടുകയാണു ലീഗിൽ.

 പാണക്കാട്​ കുടുംബത്തില്‍ നിന്നു പോലും ഉയര്‍ന്ന എതിര്‍ശബ്ദങ്ങളെ അവഗണിച്ചുള്ള ഈ തീരുമാനം മുസ്ലിം ലീഗില്‍ പാര്‍ട്ടി അധ്യക്ഷന്‍റേതാണ്​ അവസാന വാക്കെന്ന്​ തെളിയിക്കുന്നത്​ കൂടിയാണ്​.

Loading...

പാര്‍ട്ടിയില്‍ മേധാവിത്വമുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ്​ ലീഗ്​ അധ്യക്ഷന്‍മാര്‍ തീരുമാനങ്ങള്‍ എടുക്കാറുള്ളത്​. പി കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ കെപിഎ മജീദിനെ ഒ‍ഴിവാക്കി പി വി അബ്ദുല്‍ വഹാബിന്​ രാജ്യസഭാ സീറ്റ്​ നല്‍കിയതോടെ ഈ കീ‍ഴ്​വ‍ഴക്കം ഹൈദരലി തങ്ങള്‍ ലംഘിച്ചു. സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അധികാരം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ വിനിയോഗിച്ചപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ അത്​ വലിയ തിരിച്ചടിയായി. പാര്‍ട്ടിയുടെ തീര്‍പ്പുകളില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ അവസാന വാക്കാകാന്‍ ക‍ഴിയില്ല എന്ന കൃത്യമായ സന്ദേശമാണ്​ ഹൈദരലി തങ്ങള്‍ നല്‍കിയത്​. ജില്ലാ ഭാരവാഹികളെയും മുനവ്വറലി തങ്ങളെയുമെല്ലാം ഉപയോഗിച്ച്​ നടത്തിയ സമ്മര്‍ദ്ധങ്ങള്‍ക്കും ഹൈദരലി തങ്ങളുടെ നിലപാടിനെ സ്വാധീനിക്കാനായില്ല.

ഹൈദരലി തങ്ങളുടെ സ്വതന്ത്ര തീരുമാനം മുസ്ലിം ലീഗ്​ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്കും കാരണമാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ ഇപ്പോ‍ഴത്തെ തീരുമാനത്തിന്‍റെ പ്രതിഫലനമുണ്ടാകും. പാര്‍ട്ടിയിലെ ഗ്രൂപ്പ്​ സമവാക്യങ്ങളില്‍ മാറ്റമുണ്ടാകാനും വഹാബിന്‍റെ സ്ഥാനാര്‍ത്ഥിത്വം കാരണമാകും.