മാണിയെ തോല്‍‌പ്പിക്കാനായില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: പി.സി ജോര്‍ജ്‌

തിരുവനന്തപുരം: തന്നെ പുറത്താക്കിയ സാഹചര്യം ജനങ്ങളോട് നാളെ വിശിദീകരിക്കുമെന്ന് പി.സി ജോര്‍ജ്. മാണിയുടെ പാര്‍ട്ടിക്കുള്ളില്‍നിന്ന്‌ അയാളുടെ ആടുതല്ലിയായി പോകാന്‍ തനിക്കു പറ്റില്ല. കട്ടതിനല്ല കുഴപ്പം, അതു പുറത്തുപറഞ്ഞതാണിപ്പോള്‍ കുഴപ്പം. എന്തായാലും ചീഫ്‌വിപ്പ്‌ സ്‌ഥാനം രാജിവയ്‌ക്കില്ല. നാളെ ഗാന്ധിപാര്‍ക്കില്‍ യോഗം വിളിച്ച്‌ പൊതുജനങ്ങളോടു തന്നെ പുറത്താക്കിയ സാഹചര്യം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാന്യമായി രാജിവച്ചുപോകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതിന്‌ മാണി അനുവദിക്കുന്നില്ല. അയാള്‍ക്കു തന്നെ കൊല്ലണം. അതിനു വഴങ്ങാന്‍ താനില്ലെന്നും ജോര്‍ജ്‌ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

കൂറുമാറ്റ നിരോധന നിയമം പറഞ്ഞു ഭയപ്പെടുത്തേണ്ട. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂഞ്ഞാറിലെ ജനങ്ങളോടു പറഞ്ഞിട്ട്‌ രാജിവയ്‌ക്കും. മാണിയെ താന്‍ വെല്ലുവിളിക്കുന്നു. മാണിയും രാജിവയ്‌ക്കട്ടെ. പൂഞ്ഞാറിലും പാലയിലും മത്സരിക്കാം. അവിടെ 25,000 വോട്ടിന്‌ മാണിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും.

മാണിയുമായി തനിക്കുള്ള പ്രശ്‌നം സംബന്ധിച്ച്‌ ഇന്നു മുഖ്യമന്ത്രിക്കു വിശദമായ കത്ത്‌ നല്‍കും. മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും മന്ത്രി കുഞ്ഞാലിക്കുട്ടിയേയും മാണി ഭീഷണിപ്പെടുത്തുകയാണ്‌. എട്ട്‌ എം.എല്‍.എമാരുമായി കുത്തിയിരിക്കുമെന്നാണ്‌ പറയുന്നത്‌.

അഴിമതിക്കാരനാണെന്നു പേരുകേട്ട സാഹചര്യത്തില്‍ മാണി രാജിവച്ച്‌ അന്വേഷണം നേരിട്ടു മടങ്ങിവരണമെന്നാണു പറഞ്ഞത്‌. അധികാരമുണ്ടല്ലോ, അതുപയോഗിച്ച്‌ വേഗം വരാന്‍ കഴിയുമായിരുന്നു. യു.ഡി.എഫില്‍ നില്‍ക്കുമെന്ന്‌ താന്‍ ആവര്‍ത്തിച്ച്‌ പറയും. പിന്നെയും ചവുട്ടിതാഴ്‌ത്തിയാല്‍ കാലിന്‌ പിടിച്ച്‌ നിലത്തടിക്കും.

കള്ളനെ വേണോ, വെള്ളനെ വേണോ എന്നതാണ്‌ ഇപ്പോള്‍ യു.ഡി.എഫിനു മുന്നിലുള്ള പ്രശ്‌നം. കള്ളനായിരിക്കും പ്രഥമപരിഗണന. അവര്‍ക്ക്‌ എട്ട്‌ എം.എല്‍.എമാരുണ്ട്‌. തനിക്ക്‌ ഒരു സീറ്റ്‌ മാത്രമാണ്‌ നല്‍കിയത്‌, അതുകൊണ്ട്‌ ഒരാളെയുള്ളു.

ആത്മഹത്യചെയ്യാന്‍ സൗകര്യമില്ലാത്തതുകൊണ്ട്‌ രാജിവയ്‌ക്കണമെന്ന്‌ ആഗ്രഹമുണ്ടായിട്ടും അത്‌ ചെയ്യുന്നില്ല. ന്യായീകരിക്കാന്‍ വന്നിട്ട്‌ സരിത തന്നെ കത്ത്‌ പുറത്തുവിട്ടിട്ടുണ്ടല്ലോ. കള്ളുഷാപ്പുകാര്‍ കൊടുത്ത കാശുമുഴുവന്‍ അവള്‍ കൊണ്ടുപോയി. തന്നെ ഭീഷണിപ്പെടുത്താമെന്നു മാണി കരുതേണ്ടതില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.