വിയന്ന: ബെന്നി ബെഹനാന്‍ എം.എ.എയെയും കുടുംബത്തിനെയും പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നല്‍കി ആദരിച്ചു. പി.എം.എഫ് ഓസ്ട്രിയ ബെന്നി ബെഹനാനും കുടുംബത്തിനുമായി പ്രത്യേകം തയ്യാറാക്കിയ അത്താഴവിരുന്നിലാണ് അദ്ദേഹത്തെ ആദരിച്ചത്. തന്റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹൃസ്വസന്ദര്‍ശനത്തിനായി വിയന്നയില്‍ എത്തിയതായിരുന്നു ബെന്നി ബെഹനാന്‍.

രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശോബ് അച്ചന്റെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു ചടങ്ങ്. ഫാ. പ്രശോബ് ബെന്നി ബെഹനാന്റെ മണ്ഡലത്തില്‍ നിന്നുള്ളതും അദ്ദേഹത്തെയും കുടുംബത്തെയും നേരിട്ടറിയുകയും ചെയ്യുന്ന വ്യക്തിയാണ്.

Loading...

pmf2

പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം.എഫ് ഓസ്ട്രിയന്‍ ചാപ്റ്റര്‍ സെക്രട്ടറി ഷിന്‍ഡോ ജോസ് സ്വാഗതം ആശംസിക്കുകയും, പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

പി.എംഫ് യൂറോപ്പ്യന്‍ റീജിയന്‍ ചെയര്‍മാന്‍ കുര്യന്‍ മനിയാനിപ്പുറത്ത്, പി.എംഫ് യൂറോപ്പ്യന്‍ റീജിയന്‍ പ്രസിഡന്റ് ജോഷിമോന്‍ എര്‍ണാകേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുര്യന്‍ മനിയാനിപ്പുറത്ത് ബെന്നി ബെഹനാന്റെ യൗവനകാലത്തെയും വിദ്യാര്‍ഥി ജീവിതത്തിലെയും സ്മരണകള്‍ പങ്കുവെച്ചു. ജോഷിമോന്‍ എര്‍ണാകേരില്‍ ഭരണനിര്‍വ്വഹണത്തില്‍ സര്‍ക്കാരിന്റെ സംശുദ്ധതയുടെ ആവശ്യകതെയെപ്പറ്റി പ്രതിപാദിച്ചു. കൂടാതെ പ്രവാസി മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിവരിക്കുകയും ചെയ്തു.

pmf3

ബെന്നി ബെഹനാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ കേരള ഗവണ്മെന്റ് ക്യാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഓട്ടിസം എന്നീ വിഷയങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും കൂടിയിരുന്നവരുമായി സംവദിക്കുകയും ചെയ്തു. പ്രവാസി മലയാളി ഫെഡറേഷന്‍ അംഗങ്ങള്‍ ചികിത്സാ സഹായം ആവശ്യമുള്ളവരുടെ അടുത്ത് ഈ കാര്യങ്ങള്‍ പ്രബോധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൂടാതെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏത് എം.എല്‍.എയ്ക്കും മുഖ്യമന്ത്രിയുടെ അടുത്ത് പോയി ഈ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സഹായം വാങ്ങി അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവാസി മലയാളികള്‍ക്കായി ചെയ്യുന്ന നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.

ജോയിന്റ് സെക്രട്ടറി ജോളി കുര്യന്‍, ജോയിന്റ് ട്രഷറര്‍ സഞ്ജീവന്‍ ആണ്ടിവീട്, പി.ആര്‍.ഒ ടോണി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യാത്രയിലായിരിക്കുന്ന പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടിയും ചില അസൗകര്യങ്ങള്‍ കാരണം ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ചെയര്‍മാന്‍ തോമസ് പാരുക്കുന്നേലും ബെന്നി ബെഹനാനും കുടുംബത്തിനും ആശംസാദൂത് അയച്ചു. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഭക്ഷണത്തിനു ശേഷം യോഗം പര്യവസാനിച്ചു.