തന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ വരെ നിക് ചുമന്നിട്ടുണ്ടെന്ന് പ്രിയങ്ക

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതാണ്. വിവാഹ സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങള്‍ കപില്‍ ശര്‍മ്മ ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് വേണ്ടി നിക് ജൊനാസും കുടുംബവും പത്ത് ദിവസം പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. നികിന്റെ മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും അതില്‍ ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയുമായിരുന്നു ഇന്ത്യയിലെത്തിയത്.

Loading...

ഇത്രയും ദിവസം പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്. ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. ‘ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു’ പ്രിയങ്ക പറഞ്ഞു.

വിവാഹത്തിന് മുന്‍പ് ഇവരെല്ലാം കൂടി ക്രിക്കറ്റ് മാച്ച് കളിച്ചതിന്റെ ഓര്‍മ്മകളും താരം നേരത്തെ പങ്കുവെച്ചിരുന്നു. ‘എന്റെ കസിന്‍സെല്ലാം ക്രിക്കറ്റ് ഫാന്‍സ് ആണ്. അപ്പോള്‍ ഞങ്ങള്‍ വധുവിന്റെ/വരന്റെ എന്നിങ്ങനെ രണ്ട് ടീമുകളായി ക്രിക്കറ്റ് കളിച്ചു. നിക് ഒരു നല്ല ബേസ്‌ബോള്‍ പ്ലേയറാണ്. പക്ഷേ രണ്ട് കളിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും വധുവിന്റെ ടീം ആണ് ജയിച്ചത്’ പ്രിയങ്ക സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ലൈവില്‍ പങ്കെടുക്കുന്നതിനിടെ പറഞ്ഞു.