സോളാർ നായിക സരിതയുടെ റീ എൻട്രിക്ക് കളമൊരുങ്ങുന്നു; ലക്ഷ്യം വയ്ക്കുന്നത് കോൺഗ്രസ്-സിപിഎം നേതാക്കളെ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ വിലപേശൽ തന്ത്രവുമായി സോളാർ നായിക സരിതയെ രംഗത്തിറക്കാൻ നീക്കം. ഇടത് അനുഭാവികളായ ചില ഉന്നതരുടെ പിൻബലത്തിൽ സരിതയെ വീണ്ടും കളത്തിലിറക്കാനാണ് നീക്കങ്ങൾ സജീവമായിരിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ കോൺഗ്രസിൽ സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കപ്പെടുന്ന പലരും സോളാർ അഴിമതിക്കേസിൽ ആരോപണ വിധേയരാണ്. കേസിന്‍റെ വിചാരണ നടപടികൾ കോടതിയിൽ നടന്നു വരുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പിനായി കളമൊരുങ്ങുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ വെള്ളം കുടിപ്പിച്ചത് സോളാർ കേസും സരിതയുമായിരുന്നു. ഇടത്പക്ഷത്തിന് വൻ വിജയം നേടിക്കൊടുത്തതും ഉമ്മൻചാണ്ടിയുടെ ജനകീയ ഇമേജ് തകർത്തതും സോളാർ കേസാണ്. ഇടതുപക്ഷം ഇതിനെ വിനിയോഗിക്കുകയും ചെയ്തു. അതേസമയം ഏറെ നാളായി പ്രത്യക്ഷത്തിൽ വരാത്ത സരിതയെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ് ചിലരെന്നാണ് സൂചന.

Loading...

തമിഴ്നാട്ടിൽ ബിസിനസുമായി കഴിയുകയാണ് സരിതയിപ്പോൾ. ചില സിനിമാ ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളും നേടിയ സരിത ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് വളർത്തികൊണ്ടിരിക്കുന്നത്. കേസിനും ഇതര ആവശ്യങ്ങൾക്കും മാത്രമാണ് സരിത കേരളത്തിലെത്തുന്നത്. അതേസമയം കോൺഗ്രസിലെ തന്നെ ചില ഉന്നതരുമായി സരിത അടുപ്പം പുലർത്തുന്നതായും ഇടക്കാലത്ത് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇതിനിടെ തമിഴ്നാട്ടിൽ സരിത മത്സരിക്കുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇതിലൊന്നും പ്രതികരിക്കാനും സരിത തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ സരിതയുടെ തിരിച്ചുവരവുണ്ടാകുമെന്നും കരുതുന്നു.