മതേതര രാഷ്ട്രം; പോളിങ് ബൂത്തുകള്‍ ആരാധനാലയങ്ങളിലും തുടങ്ങുക!

ന്ത്യയിൽ ഇപ്പോൾ മതമില്ല പാർട്ടി മാത്രമേയുള്ളൂ. ഹിന്ദു പാർട്ടി, മുസ്ലിം പാർട്ടി, ക്രിസ്ത്യൻ പാർട്ടി, സിക്ക് പാർട്ടി എന്നിങ്ങനെ കുറെ പാർട്ടികളുടെ ഒരു സംഗമരാജ്യമാണ്. നമുക്ക് മതമില്ലതെയായിട്ടു കുറെനാളായില്ലേ. അതിനല്ലേ “മതേതര രാഷ്ട്രം”എന്നൊക്കെ പറയുന്നത് . അല്ല അറിയാൻമേലാഞ്ഞിട്ടു ചോദിക്കുകയാ പാവപ്പെട്ട പാർട്ടിയംഗങ്ങള്‍ക്ക് പണംകൊടുത്തു പണക്കാർ അവരുടെ പാർട്ടിയിലേക്ക് അവരെ ചേർക്കട്ടെ; അതിൽ ആർക്കാണ് ഇത്ര ചേതം? അങ്ങനെയെങ്കിലും അവർക്ക് കുറച്ചു പണം കിട്ടട്ടെ. കിട്ടാൻ ബുധിമുട്ടുള്ളതിനാണല്ലോ വിലക്കൂടുതൽ. അതുകൊണ്ട് മുസ്ലീം പാർട്ടിക്കാർക്ക് അൽപ്പം കൂടുതൽ കിട്ടുമെന്നാണ് കേട്ടുകേൾവി. അങ്ങനെ മലക്കം മറിയുന്ന പാവങ്ങളായ പാർട്ടി സഖാക്കൾക്ക് പിന്നീട് കൂടുതൽ പണം വാഗ്ദാനം ചെയുന്ന അടുത്ത പാർട്ടിയിലേക്കു പോകാനുള്ള സ്വാതന്ത്ര്യം കൂടി കൊടുക്കണം. അതെൻറെ ഒരു എളിയ അപേക്ഷ മാത്രമാണ് കേട്ടോ. കാരണം ഇതും ഒരു സ്വതന്ത്ര ജാനാതിപത്യ രാജ്യമാണല്ലോ. ആർക്കും ഏതു പാർട്ടിയിലും എപ്പോള്‍ വേണമെങ്കിലും ചേരാം. അങ്ങനെയെങ്കിലും നമുക്ക് മതമില്ലാത്ത ഉത്തമ ജനാതിപത്ത്യത്തിന്റെ മാതൃകയായി ലോകത്തിന്റെ മുന്നിൽ കൈയുയർത്തി നിൽക്കാം . ജയ്‌ ഹിന്ദ്‌ എന്ന് എല്ലാവരും പഞ്ഞോട്ടെ, അതിന് ആരും എതിർക്കുമെന്നു തോന്നുന്നില്ല . മറ്റൊന്നുംകൊണ്ടല്ല അത് നമ്മുടെ ഭാരതത്തിൻറെ സിന്ധുനദീതടസംസ്കാരം എന്നതിൻറെ പ്രതീകം ആണെന്നാണല്ലോ നമ്മൾ പഠിച്ചിരിക്കുന്നത് .

ഇനിയിപ്പോള്‍ എന്താണ് സർക്കാരിന് ചെയാൻ പറ്റുക. മതപ്പാര്‍ട്ടികള്‍ ആണ് പ്രധാന പ്രശ്നമെങ്കിൽ അതിനുള്ള ഏക പരിഹാരമാർഗ്ഗം ഒന്നേയുള്ളൂ. എല്ലാ പാർട്ടിയും മറ്റു മതേതര പാട്ടികൾ എന്നവകാശപ്പെടുന്ന പാർട്ടികളെ പോലെ സർക്കാർ ചട്ടങ്ങളൊക്കെ പാലിച്ച് പാർട്ടിയായിട്ടു തന്നെ രജിസ്റ്റർ ചെയുക. ഇലക്ഷൻ നിയമങ്ങൾ അവർക്കും ബാധകമാകെട്ടെ. ഇലക്ഷൻ അടുക്കുബോൾ കാശ് കൂടുതൽ കിട്ടുന്നതനുസരിച്ച്‌ ആർക്കും ഏതു മതപാർട്ടിയിലെക്കും ചേരാം. നിലവിലുള്ള ഒരു നിയമവും അതിനെ എതിർക്കാൻ പാടില്ല . “ദീപസ്തപം മഹാശ്ചര്യം നമുക്കുംകിട്ടണം പണം” അതാകെട്ടെ നമ്മുടെ എല്ലാവരുടെയം മുദ്രാവാക്യം അല്ലപിന്നെ. മഹാനായ കവി കുഞ്ചൻ നമ്പ്യാരെ നിന്നെ ഞാൻ ഒന്നു കൂടി കാൽക്കൽ വീണു നമസകരിക്കിന്നു. എത്ര ധീർക്കവീക്ഷണത്തോടെയാണ് നീ മലയാളികളെ അന്ന് മനസിലാക്കിയത് . അടുത്ത പരിഹാരം ഇപ്പോഴുള്ള പാർട്ടികൾ കൂടി ഈ പുതിയതായി രജിസ്റ്റർ ചെയ്ത മതപാർട്ടികളിലേക്ക് ലയിക്കുക. കാരണം അവരില്ലാതെ ഇവിടെ ഒരു മതേതരം എന്ന് വീമ്പിളക്കുന്ന ഒരു പ്രസ്ഥാനത്തിനും നിലനിൽപ്പില്ല. അതൊക്കെ പകൽപോലെ സത്യമാണ്, അല്ലെങ്കിൽ മാണിസാറിനോടും , വെള്ളാപ്പള്ളി നടേശൻനോടും, നാരായണ പണിക്കരോടും, കുഞ്ഞാലിക്കുട്ടിയോടുമോക്കെ ചോദിച്ചാൽ കൃത്യമായിട്ടറിയാന്‍ സാധിക്കും.

Loading...

ഇലക്ഷൻ സമയത്ത് പള്ളിക്കുടങ്ങളിൽ മാത്രമല്ല എല്ലാ പള്ളികളിലും അമ്പലങ്ങളിലും പോളിംഗ്ബൂത്തുകൾ സ്ഥാപിക്കുക. എല്ലാം ദൈവ സന്നിധിയിലാവെട്ടെ . അപ്പോൾ കള്ളവോട്ടെങ്കിലും കുറയുമെന്ന് പ്രതീക്ഷിക്കാം. ആൾദൈവങ്ങളുള്‍പ്പെടെ എല്ലാ മതപുരോഹിതന്മാരും പരസ്യമായിട്ട് പ്രചാരണത്തിനായി അരയും തലയും മുറുക്കി ഇറങ്ങുക . അങ്ങനെയെങ്കിലും ഈ അരമന രേഹസ്യം അങ്ങാടിപ്പാട്ടാകട്ടെ . നാരായണ ഗുരു പറഞ്ഞതുപോലെ മതമേതായാലും മനുഷ്യൻ നന്നായാൽ പോരെ. അതുപറഞ്ഞ ഗുരുവിനെപോലും കണ്ണാടിക്കൂട്ടിൽ കയറ്റിയവരാ ദൈവത്തിന്റെ സ്വന്തം മലയാളി മക്കൾ.

അതൊക്കെ അവിടെ നിൽക്കട്ടെ ഇനിയിപ്പം എല്ലാവരും ഒരു പാർട്ടിയിലോ മതത്തിലോ ആയാലുള്ള ഒരു ഗെതികേടിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒന്നിനും ഒരു മത്സരമില്ലാത്ത അവസ്ഥ! ഒരുതരം വികലമായ സോഷ്യലിസം യഥാര്‍ഥ സോഷ്യലിസംതന്നെ ലോകത്തിൽ അമ്പേ പരാജയപ്പെട്ട വിവരം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. മൽസരിക്കാനാരുമില്ലെങ്കിൽ പിന്നെ ഓടിയിട്ടെന്തുകാര്യം . നടന്നാൽ ജയിക്കുമെങ്കിൽ ആരെങ്കിലും ഓടുമോ?. അങ്ങനെ ജീവിതം തന്നെ അനക്കമില്ലതെയാവുന്നു. ഒരുകാലത്ത് റഷ്യയില്‍ എല്ലാവരും മടിയന്മാരായതിന്റെ കാരണവും മറ്റൊന്നുമല്ല .

മാനവരെല്ലാരും ഒന്നുപോലെ എന്നത് നമ്മുടെ മാവേലിയാണ് ആദ്യം പറഞ്ഞതാണെങ്കിലും അങ്ങനെയുള്ള ആ അവസ്ഥ അത് തീർച്ചയായും ഒരു ദുരവസ്ഥ തന്നെയാണ്. ഒരേ ജാതി അല്ലെങ്കിൽ ഒരേ പാർട്ടി മാത്രം ഉള്ളടത്ത് ഒരു പ്രശനവും ഇല്ല എന്ന തെറ്റിദ്ധാരണയാവാം ഒരുപക്ഷെ ഈ ആളുകൂട്ടലിൻറെ പിന്നിൽ. അത് തീർച്ചയായും ഒരു മിധ്യാധാരണയാണ്. ഏറ്റവും നല്ല ഉദാഹരണം നമ്മുടെ തൊട്ടടുത്ത്‌ പാക്കിസ്ഥാനിലും അഫഗാനിസ്ഥാനിലും നടക്കുന്നതുതന്നെ. സ്വജാതിയെ കൊല്ലാൻ പറ്റാത്തതുകൊണ്ട് അതിനകത്ത് പല ജാതികളെ സൃഷ്ടിക്കുന്നു. ചുരുക്കിപറഞ്ഞാൽ മനുഷ്യർ മനുഷ്യരെ കൊല്ലാൻവേണ്ടി മാത്രം ഇപ്പോഴും എന്തെങ്കിലും ഒക്കെ കണ്ടുപിടിച്ചുകൊണ്ടിരിക്കും. എന്നിട്ട് മൃഗങ്ങളെക്കാൾ വിവേചനബുദ്ധി ഉണ്ടെന്നഭിമാനിക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ എന്നറിയില്ല . ലോകമഹായുദ്ധങ്ങൾപോലും അതിനൊക്കെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. കൊലയോടു കൊലയല്ലേ. അതും രാജ്യസ്നേഹത്തിന്റെ പേരിൽ ആർക്കും ആരെയും കൊല്ലാനുള്ള ലൈസെൻസ് ആണെല്ലോ ഈ രാജ്യസ്നേഹവും യുദ്ധവും എന്നൊക്കെ പറയുന്നത് ” ലോക സമാസ്താ സുഖിനോ ഭുവിന്ത് “

എല്ലാവർക്കും നല്ലതു വരട്ടെ!
ജയ്‌ ഹിന്ദ്‌
തമ്പി ആന്റണി