കുവൈത്ത്‌ സിറ്റി: നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ രണ്ടാംപ്രതി ഉതുപ്പു വര്‍ഗീസിനെ കണ്ടുപിടിക്കാന്‍ സിബിഐ ഇന്ത്യയില്‍ തിരയുമ്പോള്‍ അദ്ദേഹം കുവൈത്തില്‍ രാജാവായി ജീവിക്കുകയും പണം ആവശ്യപ്പെട്ട് നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിലെ നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ. അന്വേഷിക്കുന്ന അല്‍ സറാഫ്‌ റിക്രൂട്ടിങ്‌ ഏജന്‍സി ഉടമയായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ്‌ വര്‍ഗീസ്‌ കുവൈത്തില്‍ നഴ്സുമാരുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടാഴ്‌ച മുമ്പ്‌ ഓഫീസ്‌ റെയ്‌ഡ്‌ നടത്തിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്‌തതു വഴി അനധികൃതമായി കോടികള്‍ കൈക്കലാക്കിയത്‌ ആദായ നികുതി വകുപ്പ്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ സി.ബി.ഐ. കേെസടുത്തത്‌. കേസില്‍ രണ്ടാം പ്രതിയാണ്‌ ഉതുപ്പ്‌ വര്‍ഗീസ്‌. ഇയാള്‍ക്ക്‌ സി.ബി.ഐ. ഇ-മെയിലൂടെ നോട്ടീസ്‌ നല്‍കിയിട്ടണ്ട്‌.

Loading...

വിദേശത്തേക്ക്‌ കടന്ന ഇയാള്‍ ദുബായിലും കുവൈത്തിലുമായാണു കഴിയുന്നത്‌. കുവൈത്തിലെത്തിയ ഇയാള്‍ നാട്ടില്‍നിന്നു കരാര്‍ പ്രകാരമുള്ള നഴ്‌സുമാരെ ഏപ്രില്‍ 30ന്‌ മുമ്പ്‌ കൊണ്ടുവരുന്ന നീക്കം നിരീക്ഷിക്കുകയും ലഭിക്കാനുള്ള പണം സ്വരൂപിക്കുകയുമാണ്‌. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരത്തഞ്ഞൂറിലധികം നഴ്‌സുമാരെയാണ്‌ 20 മുതല്‍ 23 ലക്ഷം രൂപ വരെ വാങ്ങി കുവൈത്തിലെത്തിച്ചത്‌. വിദേശത്തേക്കുള്ള നഴ്‌സ്‌ റിക്രൂട്ട്‌മെന്റ്‌ അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ഏജന്‍സി വഴിയാകുന്ന സാഹചര്യത്തില്‍ മുഴുവന്‍ പണം നല്‍കിയവരെയും പകുതി നല്‍കിയവരെയും കൊണ്ടുവന്നുകൊണ്ടിരീക്കുകയാണ്. കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിന്റെ വിസയില്‍ എത്തിയിരിക്കുന്ന ഇവരില്‍ നൂറുകണക്കിന്‌ നഴ്‌സുമാരെ ഫഹഹീല്‍, മെഹ്‌ബൂല പ്രദേശത്തെ ഫ്‌ളാറ്റുകളിലാണു പാര്‍പ്പിച്ചിരിക്കുന്നത്‌. ജോലിക്കായി വന്‍ തുക വാങ്ങിയതിനു പുറമേ ഇവിടെ ഇപ്പോഴത്തെ താമസത്തിനു വാടകയായും പണം ഈടാക്കുന്നുണ്ട്‌.

ഇവിടെ എത്തിയ നഴ്‌സുമാരെക്കൊണ്ട്‌ നിരവധി പേപ്പറുകളില്‍ ഒപ്പിടുവിച്ചിട്ടുണ്ട്‌. ബാക്കി ലഭിക്കാനുള്ള തുകയ്‌ക്ക്‌ കുവൈത്തിലെ ഏജന്‍സി മുഖേന പ്രോമിസറി നോട്ട്‌ ഒപ്പുവച്ചു വാങ്ങിയതായും അറിയുന്നു. കഴിഞ്ഞ ദിവസം ലോക്കല്‍ ഏജന്‍സിയുടെ വക മുന്നറിയിപ്പും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്‌. സി.ബി.ഐ. ചോദിച്ചാല്‍ സത്യം പറഞ്ഞോളാനും പത്രക്കാര്‍ ചോദിച്ചാല്‍ ഒന്നും പറയരുതെന്നും അറിയിച്ചതായി നഴ്‌സുമാര്‍ പറഞ്ഞു. ഇപ്പോഴും ഈ ഏജന്‍സിയുടെ കീഴില്‍ നഴ്‌സുമാര്‍ വന്നുകൊണ്ടിരിക്കുകയാണ്‌. പലരും മുംബൈ അടക്കമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ്‌ എത്തുന്നത്‌.

ആരോഗ്യ മന്ത്രാലയത്തില്‍ സെലക്‌ഷന്‍ കഴിഞ്ഞാലും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ജോലിക്കു കയറാന്‍ ആറു മാസമെങ്കിലും എടുക്കാറാണു പതിവ്‌. അതുവരെ താമസവും ഭക്ഷണവും അടക്കമുള്ള ചെലവിന്‌ ഇവര്‍ പണം കണ്ടെത്തേണ്ടിവരും.