മൊയ്തീനെ നഷ്ടപ്പെട്ട കാഞ്ചനമലാ തന്റെ ഈ ജന്മം മുഴുവന്‍ മൊയ്തീന്റെ ഓര്‍മകള്‍ക്ക് വേണ്ടി മാറ്റിവച്ചതിനെ ഒരു വലിയ ത്യാഗമായിട്ടാണ് കേരളക്കര വിലയിരുത്തിയത്. കാഞ്ചനമാലയുടെ ജീവിതം ത്യാഗനിര്‍ഭരമല്ലെന്ന് നടന്‍ സിദ്ദീഖ്.

കാഞ്ചനമാല പണ്ടെങ്ങോ മൊയ്തീനെ സ്‌നേഹിച്ചു, അതിന്റെ പേരില്‍ കുറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു, ഒടുവില്‍ മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്‍ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്‍ പ്രണയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി അവര്‍ സ്വയം അവരോധിതയാകുന്നു. ആ പിന്‍ബലത്തില്‍നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Loading...

കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയമാണ് കാഞ്ചനമാലയുടെ പ്രസ്താവനകള്‍, പ്രഖ്യാപനങ്ങള്‍, മുള്ളുവെച്ച സംസാരങ്ങള്‍. അധികവും മാധ്യമങ്ങളിലൂടെയാണ് ഞാന്‍ കേട്ടത്. അപ്പോള്‍ മുതല്‍ മനസ്സില്‍ നാമ്പിട്ട സംശയങ്ങളാണ്, എന്റെ മാത്രം അഭിപ്രായങ്ങളാണ് ഞാന്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നതും സിദ്ദീഖ

കാഞ്ചനമാലയുടേത് ത്യാഗനിര്‍ഭരമായ ഒരു പ്രണയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്‍ കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.
കാഞ്ചനമാലയുടേതിനെക്കാള്‍ എത്രയോ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്‌നേഹിച്ച് അയാളുടെ മക്കളെ വളര്‍ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്‍ക്കുവേണ്ടി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്‍. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്‍ ത്യാഗപൂര്‍ണ്ണമായ പ്രണയം?

ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാര്‍ഢ്യത്തിനുമപ്പുറം ഞാന്‍ വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്‍ ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ. ആ യാഥാര്‍ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല. കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളില്‍ നിന്നുകൊണ്ടാണ് ആര്‍.എസ്. വിമല്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകര്‍ത്തുകയല്ല കലാകാരന്‍ ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതില്‍ ഇതള്‍ വിടര്‍ത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകര്‍ത്താന്‍ ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകര്‍ത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.

ഈ നിര്‍ബന്ധബുദ്ധി അവരെ ഭരിച്ചിരുന്നതുകൊണ്ടാകണം തിരക്കഥയൊക്കെ നേരിട്ട് കാണണമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്. അതിലൂടെ കാഞ്ചനമാല സ്വയം ചെറുതാവുകയായിരുന്നില്ലേ?

ഈ സമയം എന്റെ ഓര്‍മ്മയിലേക്ക് വരുന്നത് ചെമ്മീന്‍ എന്ന സിനിമയുടെ അമ്പതാം ദിനാഘോഷ ചടങ്ങുകള്‍ അരങ്ങേറിയ ആ ദിവസമാണ്. അന്ന് തകഴിച്ചേട്ടന്‍ പ്രസംഗിച്ചത് ഞാന്‍ മറന്നിട്ടില്ല. ‘ചെമ്മീന്‍ എന്ന എന്റെ നോവല്‍ സിനിമയായപ്പോഴാണ് അത് കൂടുതല്‍ നന്നായത്. സിനിമയാണ് നോവലിനെ വളര്‍ത്തിയതും.’

മറ്റൊരാളെ അംഗീകരിക്കാനുള്ള മനസ്സാണ് ഒരു കലാകാരന്റെ മഹത്വം. കേരളജനത മുഴുവന്‍ എന്ന് നിന്റെ മൊയ്തീനെ നെഞ്ചിലേറ്റിയപ്പോഴും അത് കാരണഭൂതയായ കാഞ്ചനമാല മാത്രം ആ സിനിമയെക്കുറിച്ചൊരു നല്ല വാക്ക് പറഞ്ഞില്ല. പകരം ആ സിനിമയെ ആക്രമിക്കാനാണ് അവര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നത്.

അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്‍ഹിക്കുന്നത്. മഹത്വം ഒരിക്കലും സ്വയം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല. മറ്റുള്ളവരാല്‍ നല്‍കപ്പെടേണ്ടതാണ്. അത് അര്‍ഹിക്കുന്നവര്‍ ഏത് ചെളിക്കുണ്ടില്‍ കിടന്നാലും അവരെ തേടിയെത്തുക തന്നെ ചെയ്യും.

പിന്നെയും കാഞ്ചനമാലയുടെ ജല്‍പ്പനങ്ങള്‍ കേട്ടു. പൃഥ്വിരാജിനെ നായകനാക്കാന്‍ നിര്‍ദ്ദേശിച്ചത് അവരാണത്രെ! അവര്‍ നിര്‍ദ്ദേശിച്ചില്ലായിരുന്നുവെങ്കില്‍ വിമല്‍ പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവര്‍ വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാന്‍ കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീന്‍ ഇറങ്ങിയത് മുതല്‍ക്കാണല്ലോ കാഞ്ചനമാലയെ നാലാള്‍ കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്‌ഫോമിലേക്ക് അവരെ എത്തിച്ചത് ആര്‍.എസ്. വിമലെന്ന ചലച്ചിത്രപ്രവര്‍ത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാള്‍ തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.

നാനാ സിനിമാ വാരികയിലാണ് സിദ്ദീഖ് കാഞ്ചനമാലയ്‌ക്കെതിരെ തുറന്നടിച്ചത്.