സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ബോളിവുഡിലുള്ളത്: സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്ന് സോനു നിഗം

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് സിനിമാരം​ഗത്തെ കുറ്റപ്പെടുത്തി പലരും രം​ഗത്ത് വന്നിരുന്നു. ഇപ്പോളിതാ ബോളിവുഡ്
സംഗീത മേഖലയില്‍ നടക്കുന്ന ചിലമാഫിയാ ബന്ധങ്ങളെപ്പറ്റി തുറന്നടിക്കുകയാണ് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം. സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി മോശമാണെന്ന് സോനു നി​ഗം വ്യക്തമാക്കുന്നു.

ഇപ്പോള്‍ കേട്ടത് ഒരു നടന്‍റെ ആത്മഹത്യാ വാർത്തയാണ്, സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്നാണ് സോനു നിഗം പറഞ്ഞുവെയ്ക്കുന്നത്. ‍നവാഗതരോട് കുറച്ചെങ്കിലും കരുണ കാണിക്കണം. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും തന്നെ വിളിച്ച് വരുത്തി പാട്ട് പാടിച്ച ശേഷം അത് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും സോനു പറയുന്നു. നവാഗതരേക്കൊണ്ട് പത്ത് പാട്ട് പാടിക്കും അവയെല്ലാം ഒഴിവാക്കും ഇതാണ് മുംബൈയില്‍ നടക്കുന്നത്. ഇത് നവാഗതരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വലുതാണ്. താങ്ങാനാവാതെ അവര്‍ എന്തെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചാല്‍ നഷ്ടമാകുന്നത് അനുഗ്രഹീതരായ കലാകാരന്മാരെയും കലാകാരികളേയുമാകുമെന്നും സോനു നിഗം ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കുന്നു

Loading...

നവാഗതര്‍ക്കൊപ്പം നിര്‍മ്മാതാവും സംവിധായകനും സംഗീതം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ പോലും അനുവദിക്കാത്ത മ്യൂസിക് കമ്പനികളാണ് ഇവിടെയുള്ളത്. നിങ്ങള്‍ ബിസിനസ് ചെയ്യുന്നവരാണ് അത് താന്‍ മനസിലാക്കുന്നു. എനിക്ക് പാടണമെന്ന് ഇല്ല, ഇനി അവസരം ലഭിച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ല. രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ നിങ്ങളുടെ പെരുമാറ്റം കൊണ്ട് നവാഗതരുടെ കണ്ണില്‍ നിന്നും രക്തം കണ്ണീരായി വരുന്ന അവസ്ഥയ്ക്ക് താന്‍ സാക്ഷിയാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞുവെയ്ക്കുന്നു.