എസ്.എസ്.എല്‍.സി ഫലം വെബ്സൈറ്റുകളില്‍ നിന്ന് നീക്കി; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഒളിച്ചോടാനൊരുങ്ങുന്നു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചിരുന്ന വെബ്സൈറ്റുകളില്‍ നിന്ന് നീക്കി. ഫലത്തില്‍ വന്ന പിഴവുകള്‍ മാറ്റി ഗ്രേസ് മാര്‍ക്കുകള്‍ ചേര്‍ത്ത് പുതിയ റിസള്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. ഐറ്റി അറ്റ്‌ സ്‌കൂള്‍, പരീക്ഷാഭവന്‍ വെബ്‌ സൈറ്റുകളിലെ ഫലമാണ്‌ എടുത്തുമാറ്റിയിരിക്കുന്നത്. അതോടൊപ്പം നാണംകെട്ട് പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും തന്നെ ഒഴിവാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് അഭ്യര്‍ഥിച്ചതായി അറിയുന്നു. നടപടി പൂര്‍ത്തിയാക്കും മുമ്പ് ഫലം പ്രഖ്യാപിക്കാന്‍ മന്ത്രി കാണിച്ച തിടുക്കവും പരീക്ഷാഭവനടക്കമുള്ള സ്ഥാപനങ്ങളില്‍ മന്ത്രി ഓഫീസിന്റെ അനധികൃത ഇടപെടലുമാണ് ഡിപിഐയെ സ്ഥാനത്യാഗത്തിന് നിര്‍ബന്ധിതനാക്കുന്നത്.

കൂടാതെ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന്‌ മാര്‍ക്കുകള്‍ വീണ്ടും ശേഖരിക്കുന്ന പ്രവര്‍ത്തി തുടരുകയാണ്‌. 34 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചു. ഇനി 20 ക്യാംപില്‍ നിന്നു കൂടി ലഭിക്കാനുണ്ട്‌. ഫലം നാളെ പൂര്‍ണമായി പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍. പരീക്ഷാഭവനില്‍ ഫലം ഏകോപിപ്പിക്കേണ്ട എ സെക്‌ഷനിലെ ജീവനക്കാരുടെ വീഴ്‌ചയാണു പ്രശ്‌നത്തിനു കാരണമെന്ന്‌ ആക്ഷേപമുണ്ട്‌. എന്‍ഐസിയുടെ വീഴ്‌ചയാണു ഫലം അവതാളത്തിലാക്കിയതെന്നും തങ്ങള്‍ക്കു പൂര്‍ണ ചുമതല നല്‍കിയിരുന്നുവെങ്കില്‍ ഭംഗിയായി ഫലപ്രഖ്യാപനം നടത്തുമായിരുന്നുവെന്നും ഐടി അറ്റ്‌ സ്‌കൂള്‍ അധികൃതര്‍ നിലപാടു സ്വീകരിക്കുന്നു.

Loading...