ന്യൂയോര്‍ക്ക്: പ്രമേഹം (ഡയബീറ്റിസ്) ലോക ജനസംഖ്യയെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഈ രോഗം ഉണ്ടാകുന്നതിനു പല കാരണങ്ങളും ഡോക്ടര്‍മാര്‍ നിരത്താറുണ്ട്. ആഹാരരീതികളും, വ്യായാമമില്ലായ്മയും പാരമ്പര്യവുമൊക്കെയാണ് അവര്‍ അതിനു പ്രധാനമായി പറയുക. പ്രമേഹം എന്ന രോഗത്തിനു ഇതുവരെയും ഫലപ്രദമായ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇന്‍സുലിന്‍ കൊണ്ടോ, ഗുളികകള്‍ കൊണ്ടോ ശരീരത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസിന്റെ) അളവ് സമതുലനം ചെയ്യുകയെന്നതാണ് ഏക പ്രതിവിധി.

ഈ രോഗം പിടിപെടുന്നതിനു മുമ്പേ അതിനെ തടയാന്‍ ശ്രമിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. അതിനായി പലരും പല അഭിപ്രായങ്ങളും ആശയങ്ങളും നമ്മുടെ മുമ്പില്‍ വച്ചുവെന്നുവരാം. ആഹാരം ക്രമീകരിക്കുക, ധാരാളം വ്യായാമം ചെയ്യുക, മുതലായ കാര്യങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതം തന്നെ. എന്നാല്‍ പലരും അതിനൊന്നും മുതിരാറില്ല എന്നതാണ് സത്യം.

Loading...

എന്നാല്‍ അറിവുള്ള ഗവേഷകര്‍ പഠനങ്ങള്‍ നടത്തി തെളിയിക്കുന്നതിനെ നമുക്ക് എതിര്‍ക്കാന്‍ സാധിക്കില്ലല്ലോ! അത്തരമൊരു പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതു്‌. ഒരാഴ്ചയില്‍ നാല് മുട്ട വീതം കഴിക്കുകയും ധാരാളം പാല്‍ വിഭവങ്ങള്‍ (പാല്‍ക്കട്ടിയും, തൈരും) ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ പ്രമേഹം എന്ന അസുഖത്തെ മൂന്നിലൊന്ന് അല്ലെങ്കില്‍ 37 ശതമാനം പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ്. സ്കാന്‍ഡിനേവിയന്‍ ഗവേഷകര്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇത് പ്രതിപാദിക്കുന്നത്.

ഇവയില്‍ ഏറ്റവും പ്രധാനം മുട്ട തന്നെ. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നല്ലതോതില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ആഴ്ചയില്‍ നാല് മുട്ടയില്‍ അധികം കഴിക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ധാരാളം കൊഴുപ്പുള്ള ആഹാരങ്ങള്‍ക്ക് പ്രമേഹത്തിനെ അകറ്റിനിര്‍ത്താന്‍ കഴിവുണ്ട് എന്നാല്‍ മാംസാഹാരം അധികം കഴിക്കുന്നത് പ്രമേഹത്തിനൊരു കാരണമാകുമെന്നും അവര്‍ പറയുന്നു.

ഈ പഠനം പുകവലിശീലം, ശരീരഭാരം, പച്ചക്കറിയുടെ ഉപയോഗം, വ്യായാമ ശീലം എന്നിവ കണക്കിലെടുത്തുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദുശീലങ്ങള്‍ ഉപേക്ഷിച്ച് ആരോഗ്യപരമായ ഭക്ഷണങ്ങല്‍ കഴിക്കുകയും ധാരാളം വ്യായാമം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പ്രമേഹത്തിനുള്ള സാധ്യത വളരെ കുറവാണെന്ന് ലേഖനത്തില്‍ സമര്‍ഥിക്കുന്നു.