യു.ഡി.എഫ് മന്ത്രിസഭ ഒക്ടോബറില്‍ നിലംപൊത്തുമെന്ന് നിരീക്ഷകര്‍

തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ വര്‍ഷം ഒക്ടോബര്‍ ആകുമ്പോഴേക്കും താഴെവീഴുമെന്ന് നിരീക്ഷകര്‍. കെ.എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, ജനതാദള്‍(യു), ആര്‍.എസ്.പി എന്നീ കക്ഷികള്‍ അടുത്ത തദ്ദേശതിരഞ്ഞെടുപ്പോടെ എല്‍.ഡി.എഫിലേക്ക് കടന്നുകൂടാനാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ മന്ത്രിസഭ നിലംപൊത്തുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഇപ്പോള്‍ സംസ്ഥാനത്ത് കൊണ്ടുപിടിച്ച മുന്നണിമാറ്റ ചര്‍ച്ചകളാണ് നടക്കുന്നത്.

ജെഡിയു, ആര്‍എസ്പി കക്ഷികള്‍ക്കുവേണ്ടി എല്‍.ഡി.എഫും, യു.ഡി.എഫും രംഗത്തുണ്ട്. ആര്‍എസ്പിയെയും ജനതാദളിനെയുമാണ് എല്‍ഡിഎഫ് ലക്ഷ്യം വെക്കുന്നത്. യുഡിഎഫ് പാര്‍ട്ടിയോട് വഞ്ചന കാട്ടിയെന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് കരുത്തുപകരുന്നു.

Loading...

ജനതാദളിന്‍റെ മുന്നണിമാറ്റം സര്‍ക്കാറിനെ നൂല്‍പ്പാലത്തിലാക്കുമെന്നിരിക്കെ ഇതുസംബന്ധിച്ച ചര്‍ച്ചകളെ ആശങ്കയോടെയാണ് യുഡിഎഫ് നേതൃത്വം വീക്ഷിക്കുന്നത്. അതോടൊപ്പം കെ.എം മാണിയുടെ നിലപാട് എന്തായിരിക്കുമെന്നതും ചര്‍ച്ചാവിഷയമാണ്. എന്തായാലും ഒക്ടോബറിനുമുമ്പായി ഇതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ കൂട്ടുകെട്ടില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും നിരീക്ഷകര്‍ കരുതുന്നു.