സൗദിയില്‍ ഫാമിലി റീഎന്‍‌ട്രിവിസയ്ക്ക് നേരിട്ട് ജവാസാത്തിനെ സമീപിച്ചാല്‍ ഒരു വര്‍ഷം വരെ

ജിദ്ദ: സൗദിയിലെ പലര്‍ക്കും പിടികിട്ടാത്ത വിസാക്കാര്യങ്ങള്‍. സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് പരമാവധി 6 മാസം വരെയാണു റീഎന്‍‌ട്രി വിസ ലഭിക്കാറുള്ളതെങ്കിലും അവരുടെ ആശ്രിതര്‍ക്ക് പരമാവധി ഒരുവര്‍ഷം വരെ റീഎന്‍‌ട്രി വിസ ലഭിക്കാറുണ്ട്. എന്നാല്‍ ജവാസാത്തിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ‘അബ്ശിര്‍’ വഴി ഫാമിലികള്‍ക്കുള്ള റീഎന്‍‌ട്രി വിസകള്‍ ഇപ്പോള്‍ പരമാവധി 6 മാസം വരെമാത്രമേ ലഭിക്കുന്നുള്ളൂ. നേരത്തെ ആവശ്യമായ ദിവസങ്ങള്‍ രേഖപ്പെടുത്തി റീഎന്‍‌ട്രി വിസ ഇഷ്യൂചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിശ്ചിത തിയതിക്കുള്ളില്‍ മടങ്ങിവരുന്ന രീതിയില്‍ വിസ ഇഷ്യൂചെയ്യാനേ അബ്ശിര്‍ വഴി സാധിക്കുന്നുള്ളൂ.ഇതിലാകട്ടെ പരമാവധി 6 മാസത്തിനുള്ളില്‍ മടങ്ങി വരുന്ന രീതിയില്‍ തിയതി രേഖപ്പെടുത്തിയാല്‍ മാത്രമെ വിസ ലഭിക്കൂ. അബ്ശിര്‍ വഴി ഈ സേവനം 6 മാസത്തേക്കാക്കി ചുരുക്കിയെങ്കിലും പാസ്‌പോര്‍ട്ട് വിഭാഗത്തെ (ജവാസാത്ത് ) സമീപിച്ചാല്‍ റീഎന്‍‌ട്രി 1 വര്‍ഷം വരെ ലഭിക്കുന്നുണ്ട്.

ഇതിനായി www.gdp.gov.sa/sites/pgd/ar-SA/PassportServices/Forms/Pages/default.aspx

എന്ന ലിങ്കില്‍ പോയി റീഎന്‍‌ട്രി വിസ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്റൗട്ട് എടുത്ത് ഫോട്ടോ പതിക്കുകയും വിസ ലഭിക്കേണ്ടയാളുടെ ഇഖാമ കോപ്പിയും ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഗൃഹനാഥന്റെ ഇഖാമ കോപ്പിയും അബ്ശിര്‍ സൈറ്റിലൂടെ 6 മാസത്തിലധികം കാലാവധിക്ക് റിഎന്ട്രി വിസക്ക് അപേക്ഷിച്ചത് തള്ളിയതായി അറിയിക്കുന്ന പേജിന്റെ പ്രിന്റൗട്ടും സഹിതം ജവാസാത്തിലെ ബന്ധപെട്ട കൗണ്ടറില്‍ സമര്‍പ്പിക്കുകയും വേണം. സ്വദേശങ്ങളില്‍ വിദ്യാഭ്യാസം നടത്തുന്ന പ്രവാസി കുടുംബങ്ങള്‍ പലരും ഒരു വര്‍ഷത്തേക്ക് റി എന്ട്രി വിസ ഇഷ്യൂ ചെയ്ത് നാട്ടില്‍ പോകുകയും റി എന്ട്രി പുതുക്കാനായി മാത്രം സൗദിയിലേക്ക് തിരിച്ച് വരികയും ചെയ്യുന്നത് പതിവാണെന്നിരിക്കെ ജവാസാത്തില്‍ നേരിട്ട് പോയാല്‍ ഒരു വര്‍ഷത്തേക്ക് വിസ ലഭിക്കുമെന്ന വാര്‍ത്ത പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണൂ.