മരുന്ന് കള്ളക്കടത്ത്: സൗദിയില്‍ പാലാക്കാരി നഴ്സ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍

റിയാദ്: വിലപിടിപ്പുള്ള മരുന്നുകളുമായി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി നഴ്സ് സൗദി വിമാനത്താവളത്തില്‍ പിടിയിലായി. വളരെ നാളുകളായി സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോട്ടയം പാലാ സ്വദേശിനിയാണ് പിടിയിലായത്. കുടല്‍ രോഗങ്ങള്‍ക്കുപയോഗിക്കുന്ന സഞ്ചി, ഹാര്‍ട്ട് അറ്റാക്കിനുള്ള ഗുളികകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍, വൈറ്റമിന്‍ ഗുളികകള്‍ മുതലായവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മൊത്തം 9,000 റിയാല്‍ വിലപിടിപ്പുള്ള മരുന്നുകള്‍ ഇവരുടെ പക്കലുണ്ടായിരുന്നതായി കണക്കാക്കുന്നു.

Loading...

മരുന്നുകള്‍ വീടിനടുത്തുള്ള ക്യാന്‍സര്‍ രോഗിക്ക് നല്‍കാനാണെന്നാണ് ഇവര്‍ പോലീസിനു കൊടുത്ത വിവരങ്ങള്‍. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ മുദ്രയുള്ളതായിരുന്നു പിടിച്ചെടുത്ത മരുന്നുകള്‍. കഴിഞ്ഞ തിങ്കളാഴ്ച പിടിയിലായ ഇവരെ അബഹ സെന്‍ സെന്‍‌ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഇവരുടെ ഡ്രൈവര്‍ മുഖാന്തിരമാണ് മരുന്നുകള്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചത്. പെട്ടികളില്‍ സംശയം തോന്നി പരിശോധിക്കുന്നതിനിടയിലാണ് മരുന്നുകള്‍ കണ്ടെത്തിയത്. ഡ്രൈവറെ അപ്പോള്‍ തന്നെ എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചു. പിന്നീട് ഇവര്‍ എത്തിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിന്റെ അറിവോടെയാണ് ഈ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതെന്നും പ്രവാസി ശബ്ദത്തിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ഭര്‍ത്താവ് ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകരുടേയും, ഇന്ത്യന്‍ എംബസ്സിയുടേയും സഹായം തേടിയിരുന്നു. ഇവര്‍ 13 തവണ കേരളത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ഓരോ തവണയും 9,000 റിയാലിന്റെ വീതം മരുന്നുകള്‍ കടത്തിയിട്ടുണ്ടാവുമെന്നുമാണ് സൗദി അധികാരികള്‍ കണക്കു കൂട്ടുന്നത്. മൊത്തം 117,000 റിയാലിന്റെ മരുന്നുകള്‍ കടത്തിയെന്നാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. കൂടാതെ ഈ മരുന്നുകളില്‍ പലതും ഇന്ത്യയില്‍ വിലക്കിയിട്ടുള്ളതായും അറിയുന്നു. പോള്‍ എന്നാണ് ഡ്രൈവറുടെ പേര്. അദ്ദേഹം നിരപരാധിയെന്നു കണ്ടതിനാല്‍ പോലീസ് പോളിനെ വെറുതെ വിട്ടു.