റാംപൂര്‍: ഭീഷണിഭയന്ന് മുസ്ലീമായി. കിടപ്പാടം നഷ്‌ടപ്പെടാതിരിക്കാന്‍ മതംമാറ്റം നടത്തി മുസ്‌ളീമായി. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ കുടുങ്ങി വീട്‌ ഇടിച്ചുനിരത്തല്‍ ഭീഷണിയില്‍ കഴിയുന്ന യു പി യിലെ 800 വാത്മീകികളാണ്‌ ഇസ്‌ളാമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തത്‌. റാംപൂരില്‍ പൊതുസ്വത്ത്‌ കൈവശപ്പെടുത്തി എന്ന ആരോപണത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അംബേദ്‌ക്കറിന്റെ 124 ാം ജന്മദിനം ആഘോഷിച്ച വേളയിലാണ്‌ ഇസ്ലാം മതം സ്വീകരിച്ചത്.

ദിവസങ്ങള്‍ക്ക്‌ മുമ്പായിരുന്നു ഇവരുടെ വീട്‌ പ്രാദേശിക അധികാരികള്‍ ചുവപ്പ്‌നിറം കൊണ്ട്‌ അടയാളപ്പെടുത്തിയത്‌. ഷോപ്പിംഗ്‌ മാള്‍ പണിയാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ ഇവരുടെ വീട്‌ ഇടിച്ചുനിരത്തുന്നത്‌. ഇതിന്‌ അസംഖാന്‍ അടക്കമുള്ള ഉത്തര്‍പ്രദേശ്‌ മന്ത്രിമാരുടെ പിന്തുണയും ഉണ്ട്‌. മതംമാറിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരം ഉണ്ടാകുമെന്ന് ഇവര്‍ക്ക് വിദഗ്‌ദ്ധോപദേശം കിട്ടുകയായിരുന്നു. എന്നാല്‍ മതംമാറ്റം കൊണ്ട്‌ എന്തെങ്കിലും ഗുണം ഉണ്ടാകില്ലെന്ന്‌ അസംഖാന്റെ വക്‌താവ്‌ ഫസഹത്ത്‌ അലി ഖാന്‍ പറഞ്ഞു.

Loading...

സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവര്‍ ഏതു സമുദായക്കാര്‍ ആണെങ്കിലും അത്‌ അനുവദനീയമല്ല. റാംപൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നതില്‍ കൂടുതലും മുസ്‌ളീങ്ങളാണെന്നും ഖാന്‍ പറഞ്ഞു. കനത്ത പോലീസ്‌ കാവല്‍ ഉള്ള പ്രദേശത്ത്‌ നാടകീയമായി ഓരോരുത്തരും തങ്ങള്‍ മതം മാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ചടങ്ങുകളുടേയോ പുരോഹിതന്മാരുടെ നിര്‍ദേശമോ കൂടാതെയാണ്‌ മതംമാറ്റം നടന്നത്‌. അംറോഹയില്‍ നിന്നുള്ള പുരോഹിതര്‍ എത്തിയായിരുന്നു ഇവരെ മതംമാറാന്‍ സഹായിച്ചത്‌. വെളളത്തൊപ്പി ധരിച്ച്‌ കൂട്ടമായി എത്തിയ വാല്‍മീകികള്‍ തങ്ങളെ ഇനി മുതല്‍ മുസ്‌ളീങ്ങളായി പരിഗണിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു മുനിസിപ്പല്‍ ജീവനക്കാരന്‍ എത്തി തങ്ങളോട്‌ വീട്‌ ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്ന്‌ ചോദിച്ചപ്പോള്‍ പെട്ടെന്ന്‌ ഇസ്‌ളാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനും അതിലൂടെ വീടുകള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന്‌ വാല്‍മീകി ബസ്‌തി പ്രദേശവാസികള്‍ പറഞ്ഞു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ വീടുകള്‍ക്ക്‌ ഒന്നും സംഭവിക്കില്ലെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും അത്‌ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എഴുതി തരികയാണ്‌ വേണ്ടതെന്നും മറ്റൊരു പരിസരവാസി പറഞ്ഞു.