യു.എ.ഇയില്‍ ബിസിനസ് രംഗത്ത് സ്ത്രീകള്‍ വന്‍ ശക്തി

ദുബൈ: യു.എ.ഇയില്‍ ബിസിനസ് രംഗത്ത് സ്ത്രീകള്‍ വന്‍ ശക്തിയായി മാറുന്നു. രാജ്യത്തെ സ്വകാര്യ വ്യവസായ മേഖലയില്‍ വിവിധ തരത്തിലുള്ള ബിസിനസുകളുമായി 21000 സ്ത്രീകള്‍ രംഗത്ത്. സ്വകാര്യ മേഖലയിലെ സംരഭങ്ങളില്‍ പത്തു ശതമാനത്തിന്റെ ഉടമസ്ഥതയുള്ള രാജ്യത്തെ സ്ത്രീകളുടെ മൊത്തം നിക്ഷേപം 40 ബില്യന്‍ ദിര്‍ഹമാണിപ്പോള്‍. യു.എ.ഇയുടെ വിദേശ സഹകരണ, വികസന മന്ത്രിയും സായിദ് യൂനിവാഴ്‌സിറ്റി പ്രസിഡണ്ടുമായ ശൈഖ ലുബ്‌ന ബിന്ത് ഖാലിദ് അല്‍ ഖാസിമി അറിയിച്ചതാണിത്.

ബഹറൈനില്‍ സംഘടിപ്പിച്ച രാജ്യാന്തര സ്ത്രീ സംരഭകത്വ ഉച്ച കോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ശൈഖ ലുബ്‌ന യു.എ.ഇ സ്ത്രീകളുടെ നേട്ടങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളിലെ മൊത്തം ബോര്‍ഡ് അംഗങ്ങളില്‍ പതിനഞ്ച് ശതമാനം വരും സ്ത്രീകളുടെ പ്രാതിനിധ്യം. 2012-ലെ മന്ത്രിസഭാ ഉത്തരവിലൂടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഡയരക്ടര്‍ ബോര്‍ഡില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയതും അവര്‍ അനുസ്മരിച്ചു.

Loading...

യു.എ.ഇയിലെ സ്ത്രീകളുടെ മുന്നേറ്റവും സാമൂഹിക പദവിയും വ്യക്തമാക്കിയാണ് ജി.സി.സി രാജ്യങ്ങളിലെ സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയത്. ബഹറൈന്‍ രാജാവിന്റെ പത്‌നി സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജ്ഞിയാണ് മനാമയില്‍ അറബ് സ്ത്രീ സംരംഭക ഉച്ചകോടി സംഘടിപ്പിച്ചത്.