നൈജീരിയയില്‍ കുട്ടികളെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നതായി യു.എന്‍.

നൈജീരിയയില്‍ ബോകോഹറം കുട്ടികളെ മനുഷ്യ ബോംബായി ഉപയോഗിക്കുന്നതായി യു.എന്‍. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും യു.എന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ബോകോ ഹറമിനെ പരാജയപ്പെടുത്താന്‍ ലഭിക്കുന്ന ഒരു ശ്രമവും പാ‍ഴാക്കില്ലെന്ന്​ നൈജീരിയയുടെ നിയുക്ത പ്രസിഡന്റ്​ മുഹമ്മദ്​ ബുഖാരി പറഞ്ഞു. തെരഞ്ഞെടുപ്പ്​ വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ്​ ബുഖാരിയുടെ പ്രസ്താവന.

ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ്​ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ സെയ്ദ്​ റാദ്​ അല്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍. പല സംഘര്‍ഷ ഭൂമിയില്‍ നിന്നും 12 വയസ്സോളം പ്രായം വരുന്ന കുട്ടികളുടെ മൃതശരീരം ലഭിക്കാറുണ്ട്​. കുഞ്ഞുമായി വന്ന പതിനാല്​ വയസ്സുള്ള പെണ്‍കുട്ടി കച്ചവട സ്ഥലത്ത്​ മനുഷ്യബോംബായി പൊട്ടിത്തെറിച്ചതായും സെയ്ദ്​ റാദ്​ പറഞ്ഞു. ക‍ഴിഞ്ഞ ആറ്​ വര്‍ഷത്തിനിടെ ബോകോഹറം ആയിരത്തിലധികം ആളുകളെ കൊല്ലുകയും പതിനഞ്ച്​ ലക്ഷം ആളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്തതായും യു.എന്‍ കണക്കുകള്‍ പറയുന്നു.

Loading...

അതേസമയം അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെ പരാജയപ്പെടുത്തി അധികാരമേറ്റ ആദ്യ നൈജീരിയന്‍ പ്രസിഡന്റ്​ മുഹമ്മദ്​ ബുഖാരി ബോകോഹറമിനെ വെല്ലുവിളിച്ചിരിക്കുകയാണ്​. തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ്​ രാജ്യത്തെ തീവ്രവാദ ഗ്രൂപ്പായ ബോകോ ഹറമിനെതിരെ കടുത്ത നിലപാട്​ പ്രഖ്യാപിച്ച്​ പ്രസിഡന്റ്​ മുഹമ്മദ്​ ബൂഖാരി രംഗത്തെത്തിയത്​. രാജ്യം ഏറ്റവുമധികം ദുരിതമനുഭവിച്ച ബോകോ ഹറമിനെ പരാജയപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും പാ‍ഴാക്കില്ലെന്നായിരുന്നു ബുഖാരി രാജ്യത്തിന്​ നല്‍കിയ ഉറപ്പ്​.