രേഖകളിലെ നിലം കരയാക്കി മാറ്റാം

കാഴ്ചയില്‍ കര, രേഖകളില്‍ പക്ഷേ നിലമാണ്. ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങിയപ്പോള്‍ ശ്രദ്ധിക്കാതെ വന്ന ഈ പിഴവിലൂടെ ഒന്നും ചെയ്യാനാകാതെ ഇരിക്കുന്നവര്‍ ധാരാളമാണ്. ഒന്ന് മനസുവെച്ചാല്‍ രേഖകളിലും നിങ്ങളുടെ നിലം കരയാക്കി മാറ്റാം.

വില്ലേജില്‍ കരം അടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീതില്‍ നോക്കിയാല്‍ തന്നെ ഭൂമി കരയാണോ അതോ നിലമാണോ എന്ന് അറിയാന്‍ സാധിക്കും. റെവന്യൂ രേഖകളായ ഡാറ്റ ബാങ്ക്, ബി.റ്റി.ആര്‍ (അടിസ്ഥാന നികുതി രജിസ്റ്റര്‍), തണ്ടപ്പേര്‍, ന്യായവില രജിസ്റ്റര്‍ എന്നിവയില്‍ ഭൂമിയുടെ തരംതിരിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബി.റ്റി.ആറില്‍ രേഖപ്പെടുത്തിയത് മാത്രമാണ് അടിസ്ഥാനമായി എടുക്കുക. നിങ്ങളുടെ ഭൂമി കാഴ്ചയില്‍ കരയും രേഖകളില്‍ നിലമായി കിടക്കുകയുമാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്.

Loading...

ബി.റ്റി.ആര്‍ തിരുത്താതെ നിലം കര ആയി മാറില്ല

ചില സ്ഥലം ഉടമകള്‍ ആധാരത്തില്‍ നിലത്തിനു പകരം പുരയിടം എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചില സ്ഥലം ഉടമകളാകട്ടെ ഡാറ്റാബാങ്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ആധാരത്തില്‍ പുരയിടം എന്ന് എഴുതി ചേര്‍ത്തതുകൊണ്ടോ ഡാറ്റാ ബാങ്കില്‍ മാറ്റം വരുത്തിയതുകൊണ്ടോ നിലം കര ആയി മാറില്ല. 2009 മാര്‍ച്ചിന് മുമ്പേ തയാറാക്കിയ ഡാറ്റാ ബാങ്കിന്റെ കരട് ഇപ്പോഴും ശൈശവ അവസ്ഥയില്‍ തന്നെയാണ്. ഡാറ്റാ ബാങ്ക് പ്രായോഗിക തലത്തിലെത്തിയാലും നിലം കര ആയി മാറണമെങ്കില്‍ ബി.റ്റി.ആറില്‍ തന്നെ തിരുത്തല്‍ വരുത്തണം. 1967നു മുമ്പ് കരയായിരുന്ന ഭൂമി റെവന്യൂ രേഖകളില്‍ നിലം എന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി കര ആക്കി മാറ്റാം. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിനു മുമ്പ് നികത്തിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇപ്പോള്‍ റെവന്യൂ രേഖകൡ കരയാക്കി മാറ്റാം. ഉപയോഗ യോഗ്യമല്ലാതെ നെല്‍വയലുകളും നികത്താം. ജലജ ദിലീപ് കേസിന്റെ വിധിയോടെയാണ് ഇത് സാധ്യമായത്. സ്വന്തമായി ജില്ലാ പരിധിയില്‍ വേറെ ഭൂമി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തുകൡ 10 സെന്റും നഗരസഭകളില്‍ അഞ്ച് സെന്റും നികത്താനുള്ള അനുവാദം 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നല്‍കുന്നുണ്ട്.

റെവന്യൂ രേഖകളില്‍ നിലം കരയാക്കി മാറ്റാന്‍ ഡാറ്റാ ബാങ്കിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തുകയാണ് ആദ്യ പടി. ലോക്കല്‍ ലെവല്‍ മോണിട്ടറിംഗ് കമ്മറ്റി കണ്‍വീനര്‍ കൂടി ആയ കൃഷി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താനും ലോക്കല്‍ ലെവല്‍ മോണിട്ടറിംഗ് കമ്മറ്റിക്കാണ് അപേക്ഷ നല്‍കേണ്ടത്.

പിന്നീട് ബി.റ്റി.ആറില്‍ തിരുത്തല്‍ വരുത്തണം. ബി.റ്റി.ആറില്‍ തിരുത്തല്‍ വരുത്തുന്നതോടെ കരം തീര്‍ത്ത രസീതിയും മറ്റു രേഖകളും നിലം എന്നെഴുതിയത് മാറി പുരയിടം എന്നാകും. ബി.റ്റി.ആറില്‍ തിരുത്തല്‍ വരുത്താന്‍ തഹസില്‍ദാര്‍മാര്‍ക്കാണ് അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവുള്ള കേസുകളില്‍ മാത്രമാണ് തഹസില്‍ദാര്‍മാര്‍ ബി.റ്റി.ആറില്‍ തിരുത്തല്‍ വരുത്തി നല്‍കുന്നുള്ളൂ. അതിനാല്‍ തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷ നല്‍കി കോടതി ഉത്തരവ് വാങ്ങി നല്‍കണം.

ആധാരം ചെയ്യേണ്ടി വരുമ്പോഴും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോഴും ന്യായവില രജിസ്റ്ററില്‍ മാറ്റം വരുത്താനായി ജില്ല കളക്റ്റര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം.

അപേക്ഷ തയാറാക്കാന്‍ വേണ്ട കാര്യങ്ങള്‍
സ്ഥലം ഉടമയുടെ കൈവശം ഉള്ള ആധാരം, സ്ഥലത്തിന്റെ പ്ലാന്‍ (ടോറന്‍സ്/ലൊക്കേഷന്‍ സ്‌കെച്ച്), കരം തീര്‍ത്ത രസീത് എന്നിവയുടെ വ്യക്തതയുള്ള ഫോട്ടോസ്റ്റാറ്റ് കോപ്പി, വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന ബി.റ്റി.ആര്‍, തണ്ടപ്പേര്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സര്‍ട്ടിഫൈ ചെയ്ത കോപ്പി, കൃഷി ഓഫീസില്‍ നിന്നും ഡാറ്റാ ബാങ്കില്‍ നിങ്ങളുടെ സ്ഥലത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന പേജിന്റെ സര്‍ട്ടിഫൈ ചെയ്ത കോപ്പി, ആധാര എഴുത്തുകാരില്‍ നിന്നോ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നോ ലഭിക്കുന്ന നിങ്ങളുടെ സ്ഥലത്തിന്റെ ഇപ്പോഴത്തെ ന്യായവിലയും നിലവിലെ സ്വഭാവത്തില്‍പ്പെട്ട (ഉദാ: വഴി ഇല്ലാത്തത്/സ്വകാര്യ വഴി ഉള്ളത്/ പൊതുവഴി ഉള്ളത്/ പി.ഡബ്യൂ.ഡി.എന്‍.എച്ച് വഴി ഉള്ളത്) കര ഭൂമിയുടെ ആ പ്രദേശത്തെ ന്യായവിലയും തെളിയിക്കുന്ന ന്യായവില രജിസ്റ്ററിന്റെ വ്യക്തതയുള്ള ഫോട്ടോസ്റ്റാറ്റ് കോപ്പി, സ്ഥലത്തെ മരങ്ങളുടെ പ്രായവും നിലവിലുള്ളതോ, ഉണ്ടായിരുന്നതോ ആയ കെട്ടിടങ്ങളുടെയും മതിലിന്റേയും പഴക്കവും തെളിയിക്കാന്‍ പറ്റിയ രേഖകള്‍ (ഉദാ.ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി അടച്ച രസീത്, ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍/ ഫോട്ടോ എന്നിവയാണ് അപേക്ഷ തയാറാക്കാന്‍ വേണ്ടത്. അപേക്ഷയിലെ വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകളെല്ലാം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.