ഒരു സൂപ്പര്‍ കാറിനെപ്പോലെ പായാന്‍ കരുത്തന്‍ മിനി കൂപ്പര്‍

പ്രകടനക്ഷമതയേറിയ മിനി കൂപ്പറിനെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചു. മിനി കൂപ്പര്‍ എസ് എന്ന പുതിയ മോഡലിന്റെ 2.0 ലീറ്റര്‍ , നാല് സിലിണ്ടര്‍ , ഇരട്ട ടര്‍ബോ പെട്രോള്‍ എന്‍ജിന് 189 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സുള്ള കാറിന് പരമാവധി ടോര്‍ക്ക് 280 എന്‍എം. ഫലത്തില്‍ ഒരു സൂപ്പര്‍ കാറിനെപ്പോലെ പായാന്‍ ലക്ഷുറി ഹാച്ച്ബാക്കിനു കഴിയും. മൂന്ന് ഡോര്‍ ഹാച്ച്ബാക്കിന് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 6.7 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 233 കിമീ.

മൈലേജിന്റെ കാര്യത്തിലും മിനി കൂപ്പര്‍ എസ് നിരാശപ്പെടുത്തുന്നില്ല. ലീറ്ററിന് 18.20 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഫ്രണ്ട് വീല്‍ ഡ്രൈവായ മിനി കൂപ്പര്‍ എസ് പുതിയ തലമുറ ബിഎംഡബ്ല്യു വണ്‍ സീരീസിന്റെ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. മറ്റ് മിനി മോഡലുകളെക്കാള്‍ കരുത്ത് കൂടുതലുണ്ട് , മിനി കൂപ്പര്‍ എസിന്. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന മിനി കൂപ്പര്‍ എസിന്റെ എക്സ്‍ഷോറൂം വില 34.65 ലക്ഷം രൂപ.
മിനി ബ്രാന്‍ഡിനെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചത് 2012 ലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുതിയ തലമുറ മിനിയെ ജര്‍മന്‍ കമ്പനി വിപണിയിലിറക്കി.

Loading...