അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാന കേരളത്തിന്റെ സുസ്ഥിര, ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുകൊണ്ട് ഒരു നൂതന പദ്ധതി തയാറാക്കുന്നു. വ്യത്യസ്ത മേഖലകളില്‍ കേരളത്തിന്റെ രാജ്യാന്തര തലത്തിലുള്ള വികസന സാധ്യതകളെ വിശദമായി അനാവരണം ചെയ്യുന്ന പഠനമാണിതെന്ന് ഫൊക്കാനയുടെ കേരള ഡെവലപ്‌മെന്റ് പ്രോജക്റ്റ് ചെയര്‍മാന്‍ ഡോ. എ.കെ ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

കൃഷി, വ്യവസായം, വ്യാപാരം, ഭൂപ്രകൃതി, കൈത്തൊഴില്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണവും വികസനവും ലക്ഷ്യമിട്ട് തയാറാക്കുന്ന രൂപരേഖ കേരളത്തിന്റെ കയറ്റുമതി സാധ്യതകളും വെളിപ്പെടുത്തുന്നതാണ്. ”പ്രകൃതി വിഭവങ്ങള്‍, വിദ്യാസമ്പന്നരായ യുവജനങ്ങള്‍ എന്നിവയാല്‍ കേരളം സമ്പന്നമാണെങ്കിലും അതിനൊത്ത വികസനം ഇവിടെ സംഭവിച്ചിട്ടില്ല. സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ ഇതിനു പരിഹാരം കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്്” ഡോ. ബാലകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി. ടൂറിസം രംഗത്തെ വരുമാനം അടുത്ത രണ്ട് വര്‍ഷം കൊണ്ട്് 10 ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്തും. മാലിന്യത്തെ വളവും വൈദ്യുതിയുമാക്കി മാറ്റുന്ന പദ്ധതികളുമുണ്ടാകും. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കാവുന്ന നൂറുകണക്കിന് പുത്തന്‍ വ്യവസായ സാധ്യതകളാണ് മറ്റൊരു ആകര്‍ഷണം.

Loading...

”കേരളത്തിലെ വ്യവസായ വാണിജ്യ സംരംഭങ്ങളെ പരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടത് അനിവാര്യമാണ്. മറുനാടന്‍ മലയാളികളുടെ നിക്ഷേപ സാധ്യത 10 ശതമാനം പോലും പ്രയോജനപ്പെടുത്താനായിട്ടില്ല. അതിനായി ആസൂത്രിത ശ്രമം ഉണ്ടാകണം” ഡോ. ബാലകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ മാറാരോഗങ്ങളുടെ വ്യാപ്തി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തോളം കുറയ്ക്കുന്നതിനുള്ള കര്‍മപദ്ധതികളും രേഖയിലുണ്ട്.

നദികള്‍ വരളുന്നു
സംസ്ഥാനത്തെ വലിയ നദികളൊക്കെ വരള്‍ച്ചയുടെ ഭീഷണിയിലാണെന്നും 500ഓളം നീരുറവകള്‍ വറ്റിവരണ്ടുകഴിഞ്ഞെന്നും 2050 ഓടെ അഞ്ച് നദികള്‍ പൂര്‍ണമായി ഇല്ലാതാകുമെന്നും പഠനരേഖ സൂചിപ്പിക്കുന്നു. ആയുര്‍വേദം, ഭക്ഷ്യസംസ്‌കരണം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, മനുഷ്യവിഭവശേഷി എന്നിവയ്ക്കു പുറമേ സ്‌പോര്‍ട്‌സ്, കല, സാഹിത്യം, സംസ്‌കാരം തുടങ്ങിയ മേഖലകളിലൊക്കെ എങ്ങനെ കേരളത്തിന്റെ മുന്നേറ്റം സാധ്യമാക്കാമെന്നുള്ള വസ്തുതയും പഠന വിധേയമാക്കുന്നുണ്ട്. ദേശീയ അന്തര്‍ദേശീയ രംഗത്ത് വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സാങ്കേതിക വിദഗ്ധര്‍, പ്രമുഖ സ്ഥാപനങ്ങള്‍, സംരംഭകര്‍ തുടങ്ങിയവരുടെ സേവനവും പഠന രേഖയ്ക്കായി പ്രയോജനപ്പെടുത്തും. ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തിയാകുന്ന ഈ വികസനരേഖ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ തുറന്ന ചര്‍ച്ചക്കായി വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കി അവര്‍ക്കെല്ലാം മാനസിക സംതൃപ്തി ഉണ്ടാകത്തക്ക വിധത്തിലുള്ള സാമ്പത്തിക സാമൂഹിക മുന്നേറ്റമാണ് ഫൊക്കാനയുടെ വികസനരേഖയിലൂടെ ഇദ്ദേഹം ലക്ഷ്യമിടുന്നത്.