വിവാഹമോചനം ഫേസ്ബുക്ക് വഴിയുമാകാം; എല്ലനോറ ബൈഡു ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് വിവാഹമോചനത്തിനും ഇനി വഴിയൊരുക്കും. ഫേസ്ബുക്ക് മെസ്സേജ് വഴി സമന്‍സ് അയച്ച് വിവാഹബന്ധം വേര്‍പെടുത്തുവാനുള്ള അനുമതി ഒരു സ്ത്രീക്ക് ന്യൂയോര്‍ക്ക് ജഡ്ജി നല്‍കി. എല്ലനോറ ബൈഡൂ (36)ന് തന്റെ ഭര്‍ത്താവ് വിക്ടര്‍ സേന ബ്ലഡ്-ഡിസാക്രുവില്‍ നിന്ന് വിവാഹമോചനം ഫേസ്ബുക്ക് മെസ്സേജ് വഴി നേടാനുള്ള അനുമതി ന്യൂയോര്‍ക്ക് മന്‍ഹാറ്റന്‍ സുപ്രീംകോര്‍ട്ട് ജഡ്ജ് മാത്യു കൂപ്പറാണ് നല്‍കിയത്.

ഇവര്‍ക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറിനടന്നിരുന്ന ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ഫേസ്ബുക്ക് മെസ്സേജില്‍ കൂടി മാത്രമേ സാധിക്കുകയുള്ളുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ വഴി തിരഞ്ഞെടുത്തുകൊള്ളാന്‍ ജഡ്ജ് അനുവദിച്ചത്.ellanora

Loading...

2009-ല്‍ ആയിരുന്നു എല്ലനോറയും വിക്ടറും തമ്മില്‍ വിവാഹിതരായത്. ഘാന വംശജയായ എല്ലനോറയ്ക്ക് ഘാന പാരമ്പര്യപ്രകാരമുള്ള ഒരു വിവാഹമായിരുന്നു വിക്ടര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ഥമായുള്ള ഒരു വിവാഹമാണ് നടന്നത്. അന്നുമുതല്‍ക്കെ ഇവരുടെ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചു. പാരമ്പര്യപ്രകാരമുള്ള വിവാഹം നടക്കാഞ്ഞതിനാല്‍ വിവാഹം പൂര്‍ണമായിട്ടില്ല എന്നാണ് എല്ലനോറ കരുതുന്നത്. തന്മൂലം വിവാഹാനന്തരം ഇവര്‍ ഒരിക്കലും ഒരുമിച്ചു ജീവിച്ചിരുന്നില്ല.

പിന്നീട് ആകെയുണ്ടായിരുന്നത് ഫോണില്‍കൂടിയും ഫേസ്ബുക്കില്‍ കൂടെയുമുള്ള ബന്ധപ്പെടലുകള്‍ മാത്രമാണ്. വിക്ടറിന്റെ പഴയ ഒരു അപ്പാര്‍ട്ട്മെന്റ് അഡ്രസ് മാത്രമെ എല്ലനോറയ്ക്ക് അറിയാമായിരുന്നുള്ളു. എന്നാല്‍ 2011-ല്‍ വിക്ടര്‍ ആ വീട് കാലിയാക്കി എങ്ങോട്ടോ മാറിതാമസിച്ചു. വിക്ടര്‍ തന്റെ പുതിയ അഡ്രസ് ഒരിക്കലും എല്ലനോറയ്ക്ക് നല്‍കിയതുമില്ല. ചോദിച്ചപ്പോഴൊക്കെ തനിക്ക് ശരിയായ അഡ്രസ്സോ ജോലിയോ ഇല്ല എന്നുമാത്രമായിരുന്നു വിക്ടറിന്റെ മറുപടി.

കൂടെ താമസിച്ചിട്ടില്ലെങ്കിലും വിക്ടറുമായി ഉണ്ടാക്കിയ ഉടമ്പടി അവസാനിപ്പിക്കുവാന്‍ എല്ലനോറ തീരുമാനിച്ചു. തുടര്‍ന്ന് ഒരു വക്കീലിനെ ബന്ധപ്പെടുകയും അദ്ദേഹം മുഖാന്തിരം സമന്‍സുകള്‍ പഴയ അഡ്രസ്സില്‍ അയയ്ക്കുകയും ചെയ്തു. അയച്ച സമന്‍സുകള്‍ വിക്ടറിന്റെ പുതിയ അഡ്രസ് അറിയില്ലാത്തതിനാല്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധ്യമല്ലായെന്നുള്ള സ്റ്റിക്കര്‍ ഒട്ടിച്ച് പോസ്റ്റ് ഓഫീസ് എല്ലനോറയ്ക്ക് മടക്കി അയച്ചു. തുടര്‍ന്നാണ് കോടതിയില്‍ നിന്നും ഫേസ്ബുക്കുവഴി സമന്‍സ് അയയ്ക്കാനുള്ള അനുമതി എല്ലനോറ നേടിയെടുത്തത്.

ഒരു ആഴ്ചയില്‍ ഒരു സമന്‍സ് പ്രൈവറ്റ് മെസ്സേജ് ആയി മൂന്നാഴ്ച തുടര്‍ച്ചയായി അയയ്ക്കാനാണ് ജഡ്ജി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനയാള്‍ പ്രതികരിക്കാത്ത പക്ഷം എന്തുചെയ്യണമെന്ന് ജഡ്ജി തീരുമാനിക്കും. ഇതിനോടകം ഒരു സമന്‍സ് വിക്ടറിന് എല്ലനോറ അയച്ചു. എന്നാല്‍ വിക്ടറില്‍ നിന്ന് ഇതുവരെയും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല!

എന്നിരുന്നാലും ചരിത്രത്തിലാദ്യമായി ഫേസ്ബുക്കിന്റെ സഹായത്താല്‍ വിവാഹമോചനം നേടുന്ന ആദ്യ വ്യക്തി എല്ലനോറയായിരിക്കും. അതിന്റെ ഒരു സന്തോഷവും എല്ലനോറയുടെ മുഖത്ത് നിഴലിക്കുന്നു.