ഇന്ത്യന്‍ ഓഹരി വിപണി കിതപ്പിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണോ?

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പരിഷ്‌കരണ നടപടികള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത വിധം പുതു ഊര്‍ജ്ജം കൈവരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഓഹരി വിപണി. എന്നാല്‍ രാജ്യസഭയില്‍ വളരെ ബുദ്ധിമുട്ടി ചില ബില്ലുകള്‍ സര്‍ക്കാരിന് പാസാക്കിയെടുക്കാന്‍ സാധിച്ചെങ്കിലും നിര്‍ണായകമായ ലാന്‍ഡ് അക്വിസിഷന്‍, ചരക്ക് സേവന നികുതി എന്നിവ സംബന്ധിച്ച ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കാനുതകുന്ന സുപ്രധാന നീക്കങ്ങളൊന്നും സമീപ ഭാവിയില്‍ ദര്‍ശിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിപണി തളര്‍ച്ചയിലേക്ക് വീണുപോയേക്കാമെന്ന ഭീതിയും വിപണി നിരീക്ഷകര്‍ക്കുണ്ട്.

free-indian-stock-market-tipsനീണ്ട കുതിപ്പിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണി കിതപ്പിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണോ? വിപണിയെ ഉത്തേജിപ്പിക്കുന്ന നിര്‍ണായക ഘടകങ്ങള്‍ കടന്നുവരാത്ത സാഹചര്യത്തില്‍ നിഫ്റ്റി യില്‍ അടുത്ത നാളുകളില്‍ ഇനിയും 3-4 ശതമാനം തിരുത്തല്‍ സംഭവിക്കാനിടയുണ്ടെന്ന നിഗമനമാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്.

Loading...

രാജ്യാന്തര വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും വില്‍പ്പന ഏറുന്നത്, ഇതിനകം വന്‍ മൂല്യവര്‍ധന നേടിയ ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിക്കുന്നത്, ദേശീയ-രാജ്യാന്തര സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അവ്യക്തത എന്നിവയെല്ലാം ഇന്ത്യന്‍ വിപണിയുടെ താഴോട്ട് പോക്കിന് പ്രേരണയാകുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ രാഷ്ട്രീയ അസ്വസ്ഥതകള്‍ തലപൊക്കുന്നത് ആഗോള വിപണികളെയെല്ലാം വരും ദിനങ്ങളില്‍ സ്വാധീനിച്ചേക്കാം.

യെമനിലെ വിമതരെ തുരത്താന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ വ്യോമാക്രമണം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണ വില ആറ് ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് വിപണിയില്‍ വന്‍ ഇടിവാണ് പ്രകടമായത്. നിലവില്‍ നിഫ്റ്റിയില്‍ പ്രകടമായ ഇടിവിനെ 2013ല്‍ വിപണി ദര്‍ശിച്ച അതേ താഴ്ചയുമായാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ അനലിസ്റ്റ് ധര്‍മേഷ് ഷാ താരതമ്യം ചെയ്യുന്നത്. നിഫ്റ്റിയില്‍ വരും ദിവസങ്ങളില്‍ 100-150 പോയ്ന്റിന്റെ ഇടിവ് പ്രതീക്ഷിക്കാമെന്ന് പവര്‍ മൈ വെല്‍ത്ത് സ്ഥാപകനും സിഇഒയുമായ സന്ദീപ് വാംഗ്‌ലെ പറയുന്നു.

വിപണിയെ ഉയര്‍ത്താനിടയുള്ള 4 കാര്യങ്ങള്‍

ഒരു വര്‍ഷത്തിനിടയില്‍ 45 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയ ശേഷം നിഫ്റ്റി പ്രോഫിറ്റ് ബുക്കിംഗിന്റെ ഘട്ടത്തിലാണിപ്പോള്‍. 2014ല്‍ ആരംഭിച്ച ബുള്‍ റണ്ണിന്റെ ആദ്യ വര്‍ഷത്തില്‍ 45 ശതമാനം നേട്ടമുണ്ടാക്കി കഴിഞ്ഞു. അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ നിഫ്റ്റി ഏറെ മുന്നേറുമെന്നാണ് നിഗമനം. വിപണിയെ ഉയരങ്ങളിലേക്ക് എത്തിക്കാനിടയുള്ള പ്രധാന ഘടകങ്ങള്‍ ഇതൊക്കെയാണ്.

കേന്ദ്രസര്‍ക്കാരിന്റെ പരിപാടികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയവ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം പകര്‍ന്നേക്കും.

നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമായതിന്റെ സൂചനകള്‍ കാണുന്നുണ്ട്. ഇതേ തുടര്‍ന്ന് പലിശ നിരക്ക് ഇനിയും കുറഞ്ഞേക്കാം. ഇത് വിപണിക്ക് ഗുണകരമാകും.

അടുത്തിടെ പുറത്ത് വന്ന സാമ്പത്തിക സര്‍വേ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 8.1-8.5 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എസ്&പിയും ഐഎംഎഫുമെല്ലാം പുതുതായി പുറത്തുവിട്ടിരിക്കുന്ന കണക്കുകളിലൂടെ പങ്കുവെക്കുന്നത് ഇന്ത്യയുടെ മികച്ച വളര്‍ച്ചാ പ്രതീക്ഷയാണ്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് ചൈനയെ മറികടന്നുള്ള പ്രകടനം ഇന്ത്യയില്‍ നിന്നുണ്ടാകുമെന്നും പ്രവചിക്കുന്നു.

വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഏഴ് ശതമാനം നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ കൂടുതലായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയിലേക്ക് പണമൊഴുക്കിയേക്കും. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയാലും ഈ പ്രവണത തുടരാന്‍ തന്നെയാണ് സാധ്യത.

ഈ ഘടകങ്ങള്‍ കൊണ്ട് നിഫ്റ്റി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഉയരങ്ങളിലെത്തിയേക്കാം. വിപണിയിലെ എല്ലാ ഇടിവും മികച്ച പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താനുമുള്ള അവസരമാക്കിയാണ് മാറ്റേണ്ടത്.