മോദിസര്‍ക്കാരിന്റെ കേരള വിരോധം മമ്മൂട്ടിക്ക് വിനയായി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കേരളത്തോടും മലയാളികളോടുമുള്ള അവഗണന മമ്മൂട്ടിക്കും വിനയായി. 62മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നല്‍കാത്തതിന് പിന്നിലും മലയാള സിനിമകളെ പാടെ അവഗണിച്ചതിലും ബിജെപി സര്‍ക്കാരിന്റെ മലയാളി വിരോധം എന്ന് പരക്കെ ആരേപണം.

മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് കിട്ടുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ അവസാന നിമിഷം മമ്മൂട്ടിയെ തഴയുകയായിരുന്നു.

Loading...

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാതിരുന്ന സംസ്ഥാനമാണ് കേരളം. നിയമസഭയിലും ബിജെപിക്ക് ഒരു അംഗം പോലും ഇല്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും എല്ലാം കേന്ദ്രത്തിന് കേരളത്തിനോടുള്ള അവഗണന കണ്ടതാണ്. അതേ അവഗണന തന്നെയാണ് ഇപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ കാര്യത്തിലും എന്നാണ് ആക്ഷേപം ഉയര്‍ന്നരിക്കുന്നത്.

ഇത്തവണ 11 മലയാള ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. എന്നാല്‍ കിട്ടിയതാകട്ടെ വെറും അഞ്ച് പുരസ്‌കാരങ്ങള്‍ മാത്രം.

നേരത്തെ, ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടിയും ഇടം പിടിച്ചിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മമ്മൂട്ടിയെ പരിഗണിച്ചിരുന്നത്. പി കെ എന്ന ചിത്രത്തിലെ പ്രകടനത്തിന് അമീര്‍ ഖാനെയും ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷാഹിദ് കപൂറുമാണ് മമ്മൂട്ടിക്കൊപ്പം അന്തിമ പട്ടികയിലുണ്ടായിരുന്നത്.

എന്നാല്‍ അവസാന നിമിഷം ഇവരെയെല്ലാം തഴഞ്ഞ് കന്നട നടന്‍ സഞ്ചാരി വിജയിന് അവാര്‍ഡ് കൊടുക്കുകയായിരുന്നു. കന്നട ചിത്രം നാനൂ അവനല്ല അവളൂ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സഞ്ചാരി വിജയിന് മികച്ച നടനാക്കിയത്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്, സംവിധായകന്‍ കമല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.

മുന്നറിയിപ്പ് എന്ന ചിത്രത്തിലെ പി കെ രാഘവന്‍ എന്ന കഥാപാത്രം സമീപകാലത്ത് മമ്മൂട്ടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു. ഛായാഗ്രാഹകനായ വേണു ദയ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രത്തിന് ഉണ്ണി ആര്‍ ആണ് തിരക്കഥ ഒരുക്കിയിരുന്നത്.

കുറച്ച് കൂടി കടന്നാണ് ബോളിവൂഡില്‍ നിന്നുള്ളവരുടെ ആക്ഷേപം. പികെയിലെ പ്രകടനത്തിന് ആമിര്‍ ഖാനേയും, ഹൈദറിലെ അഭിനയിത്തിന് ഷാഹിദ് കപൂറിനേും മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടിയേയും ആമിറിനേയും ഷാഹദിനേയും ഒഴിവാക്കിയതിന് പിന്നില്‍ വേറെ ചില താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം.

അവാര്‍ഡിന് പരിഗണിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വിജയം നേടിയത് ആമിര്‍ ഖാന്റെ പികെ ആയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം എന്ന രീതിയിലും പികെ പേരെടുത്തിരുന്നു. പക്ഷേ സിനിമക്കെതിരെ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയത് ഹൈന്ദവ സംഘടനകളായിരുന്നു.

മുന്നറിയിപ്പ് ഉള്‍പ്പെടെ 11 മലയാള ചിത്രങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നു. മുന്നറിയിപ്പിന് പുറമെ ജയരാജ് ചിത്രം ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പൊക്കം, കെ മുഹമ്മദ് കോയയുടെ അലിഫ്, എം പത്മകുമാറിന്റെ ജലം, നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്‌മെന്റ്, പ്രിയനന്ദനന്റെ ഞാന്‍ നിന്നോട് കൂടെയുണ്ട്, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍, രഞ്ജിത് ചിത്രം ഞാന്‍ എന്നിവയായിരുന്നു മലയാളത്തില്‍ നിന്ന് മത്സരിച്ച ചിത്രങ്ങള്‍. ബാംഗ്ലൂര്‍ ഡേയ്‌സ് ജനപ്രിയ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് മത്സരിച്ചിരുന്നു.