ന്യൂയോര്‍ക്ക്‌ വിദ്യാര്‍ഥികള്‍ നിരാഹാര സമരമാരംഭിച്ചു

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സംസ്‌ഥാന ബഡ്‌ജറ്റില്‍ ഡ്രീം ആക്‌ടിനുളള തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ചു ന്യൂയോര്‍ക്കിലെ ഒരു വിഭാഗം കോളേജ്‌ വിദ്യാര്‍ഥികള്‍ മാര്‍ച്ച്‌ 25 ബുധനാഴ്‌ച മുതല്‍ അനിശ്‌ചിത കാല നിരാഹാര സമരം ആരംഭിച്ചു.

ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക്‌ കുടിയേറിയ മാതാപിതാക്കളുടെ മക്കള്‍ക്ക്‌ ഇവിടെ നിയമാനുസൃതം വിദ്യാഭ്യാസം തുടരുന്നതിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രസിഡന്റ്‌ ഒബാമ വാഗ്‌ദാനം ചെയ്‌തതാണ്‌ ഡ്രീം ആക്‌ട്‌.

Loading...

ചൊവ്വാഴ്‌ച അര്‍ദ്ധ രാത്രിയില്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ അവരുടെ ആവശ്യം അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന്‌ സംഘാടകയായ കോളേജ്‌ ഓഫ്‌ സ്‌റ്റാറ്റന്‍ ഐലന്റിലെ വിദ്യാര്‍ഥിനി മോനിക്ക ഇന്ന്‌ നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്‌തമാക്കി.

അമ്പതോളം വിദ്യാര്‍ഥികളാണ്‌ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്‌. ഡ്രീം ആക്‌ടിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുപോലും സെനറ്റ്‌ വിസമ്മതിച്ചു. അസംബ്ലി സ്‌പീക്കറുടെ വക്‌താവ്‌ പറഞ്ഞു.

നികുതിദായകരുടെ പണം നിയമാനുസൃതമല്ലാതെ ഇവിടെ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക്‌ നല്‍കാനാവില്ല. സെനറ്റ്‌ ഭൂരിപക്ഷ പാര്‍ട്ടി ലീഡര്‍ ഡീന്‍ സ്‌കെലോസ്‌ വ്യക്‌തമാക്കി.

വരുമാനമില്ലാത്ത വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീസ്‌ അടക്കുവാന്‍ ബുദ്ധിമുട്ടുന്നു. വിദ്യാര്‍ഥികളുടെ ജീവിതം വെച്ചു പന്താടുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനുവദിക്കില്ല. ന്യൂയോര്‍ക്ക്‌ സംസ്‌ഥാനം ഡ്രീം ആക്‌ട്‌ ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തുന്നതുവരെ ഈ സമരം തുടരും. നേതാവ്‌ മോണിക്കാ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്‌തമാക്കി.