ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടിൽ റിപ്പോർട്ടർ ചാനൽ വെബ്‌സൈറ്റിൽ ശ്രീ. എം.വി.നികേഷ് കുമാർ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാർത്ത അവതരിപ്പിക്കുന്ന അതേ ശൈലിയിൽ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാർഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവർത്തകരെയും തൽസമയ വാർത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സർക്കാർ വകുപ്പിന്റെ പ്രവർത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സർവീസ് ടാക്‌സ് ഈടാക്കരുതെന്നും അതിൻമേൽ സർക്കാർ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാൻ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സർക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങൾ കൊണ്ടു മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തിൽ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

Loading...

1. പരസ്യക്കാർ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാൻ നിവൃത്തിയില്ല എന്നു കോടതിയിൽ വാദിച്ച താങ്കൾ, മാർച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവൻ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാൻ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റർ നികേഷ് ? കയ്യിൽ പണമില്ലെങ്കിൽ എങ്ങനെ അപ്പോൾ മുഴുവൻ തുകയും അടയ്ക്കുമായിരുന്നു ?

2. സെൻട്രൽ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണർ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാൻ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥർ എന്നാണ് മനസ്സിലാവുന്നത്. താങ്കൾക്ക് സമൻസുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവർ അനുസരിച്ചില്ല എന്നത് അവർ സ്വാധീനങ്ങൾക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റർ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത്?

3. താങ്കൾ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോൾ മുൻ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യർഥിച്ചു എന്നു താങ്കൾ പറയുന്നു. താൻ നിസ്സഹായനാണെന്നു പറഞ്ഞ രാഘവൻ നിയമപ്രകാരമുള്ള അവകാശങ്ങൾ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാൾ ഇത്തരത്തിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യർഥിക്കുന്നത് ശരിയാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാർത്ത കൊടുക്കുന്ന താങ്കൾ അതിനു തന്നെയല്ലേ അപ്പോൾ ശ്രമിച്ചത് ?

4. ഡോ.രഘവൻ കൈവിട്ടതോടെ ‘തുടർന്നു ഞാൻ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാൾ ഭേദം ജയിലാണല്ലോ…’ എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കൾ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കൾക്കു സഹായം ചെയ്യാൻ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തിൽ നിഷ്പക്ഷത പുലർത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തിൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ ഒരു സ്റ്റാൻഡ് എലോൺ ചാനൽ മുതലാളിയെക്കാൾ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാർത്ത നവമാധ്യമങ്ങളിൽ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു താങ്കളുടെ സുഹൃത്തുക്കൾ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തിൽ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവർ കടം വാങ്ങിയും സ്വർണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വർണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കൽ താങ്കളുടെ അക്കൗണ്ട് നമ്പർ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ?

6. തുടർന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കൾ താങ്കളുടെ തന്നെ മാഹാത്മ്യം വർണിക്കുകയാണ്. വായിച്ചപ്പോൾ പാവം തോന്നി. താങ്കൾ സ്വന്തമായി ചാനൽ തുടങ്ങിയത് ഈ നാട്ടിൽ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റിൽ നിന്നും പുറത്തുചാടി ഇന്ത്യാവിഷൻ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷൻ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോർട്ടർ ഉണ്ടാക്കിയത് ? അപ്പോൾ ഇന്ത്യാവിഷൻ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കിൽ എന്തുകൊണ്ടാണ് ഇപ്പോൾ ഇന്ത്യാവിഷൻ പ്രവർത്തിക്കാത്തത് ?

7. താങ്കൾ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കൾ’ തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവർത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജൻ ട്രെയിനിയെപ്പോലെ താങ്കൾ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാൾ ആത്മാർഥമായി, താങ്കളെക്കാൾ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവർത്തനം നടത്തിയ ആയിരക്കണക്കിനാളുകൾ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കൾക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാർസിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ നിന്ന് പുറത്തുവരുമ്പോൾ ചുറ്റുപാടും നോക്കിയാൽ താങ്കൾക്ക് അവരെ കാണാൻ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് താങ്കൾ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമർശങ്ങൾ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഇതിനെക്കാൾ ചെറിയ കുറ്റങ്ങൾക്ക് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കൾ ? ചെറിയ ആരോപണങ്ങളുടെ പേരിൽ ആളുകളെ സ്റ്റുഡിയോയിൽ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങൾ ചോദിച്ച് വെറുപ്പിക്കുമ്പോൾ നീതി, കരുണ തുടങ്ങിയ വാക്കുകൾ താങ്കളുടെ നിഘണ്ടുവിൽ ഇല്ലായിരുന്നോ ?

9. മൊത്തത്തിൽ താങ്കളുടെ ലേഖനത്തിൽ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കർമമാണ് ചെയ്യുന്നതെന്നും അതിനാൽ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാൻ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീർച്ചയായും അങ്ങനെയായിരിക്കാം. എന്നാൽ, റിമോട്ടെടുത്ത് ചാനലുകൾ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങൾ ഫീൽ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലർന്നുകാണാനാഗ്രഹിച്ച ധീരൻമാരായ മാധ്യമപ്രവർത്തകരുടെ പാത പിൻതുടരുന്ന താങ്കൾ ജനാധിപത്യവ്യവസ്ഥിതിയിൽ സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കൾക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ? ഉണ്ടോ? ഇല്ലേ? ഉവ്വോ?