വിഷു 

ഇന്നു വിഷു. പ്രകൃതിയിൽ രാത്രിയും പകലും തുല്യമായി വരുന്ന ദിനം. കേരളത്തിൽ അതിനു കാർഷികോത്സവത്തിന്റെ ഛായയാണു. കേരളത്തിനു പുറത്തും വിഷു ആഘോഷമുണ്ട്. ആസ്സമിൽ അതു ബിഘുവാണു.

തുല്യദിനരാത്രങ്ങളെ ലോകമെമ്പാടുമുള്ള മനീഷികൾ ശ്രദ്ധിച്ചിരുന്നു എന്നുവേണം വിചാരിക്കാൻ. ബി.സി 45ആം നൂറ്റാണ്ടു മുതൽ പാശ്ചാത്യർ അതിനെക്കുറിച്ച് ബോധവാന്മാരായിരുന്നു. സമരാത്ര ദിനങ്ങളെ ‘ഇക്വിനോസ്’ എന്നവർ വിളിച്ചു. ജൂലിയസ് സീസറിന്റെ കലണ്ടറിൽ അതേക്കുറിച്ച് പരാമർശമുണ്ട്.

Loading...

മേടത്തിലെ വിഷുപോലെ തുലാത്തിലും ഒരു സമരാത്രം വരുന്നുണ്ട്. എങ്കിലും മേടവിഷുവിനാണു പ്രാധാന്യം. ഒരു കർഷകസമൂഹമായിരുന്നതുകൊണ്ടായിരിക്കണം വിഷുസംക്രമത്തിന്റെ മികവുമുഴുവൻ മലയാളി കാർഷിക രംഗത്തു ഉപയോഗപ്പെടുത്തിയതു. മേടപ്പത്തിലാണു തെങ്ങും, മറ്റു പ്രധാനവിളകളും നടുന്നതു. പ്രകൃതിക്ക് മൊത്തം മോദമുള്ളകാലമാണു വിഷുപ്പത്തു. അപ്പോൾ നല്ല മനസും നല്ല വിളയുമുണ്ടാകും. അന്നമാണു ജീവജാലങ്ങളുടെ നിലനില്പിനു ആധാരം. വിളയുടെ നല്പുതില്പുകൾ മനുഷ്യന്റെ നന്മതിന്മകളായി വരുമെന്നു അവൻ വിശ്വസിച്ചു. അതു കൊണ്ട് പ്രകൃതി മോദിച്ചിരിക്കുമ്പോൾ, മനസ് നന്നായിരിക്കുമ്പോൾ വിളകൾ നടുക. അതു തരുന്ന നല്ല ഫലങ്ങൾ കഴിച്ച് നല്ലവരായി ജീവിക്കുക. വിഷുനൽകുന്ന സന്ദേശമതാണു.

happy vishu

പരിസ്ഥിതിയേക്കുറിച്ച് ഇന്നു നാം ഏറെ ബോധവാന്മാരാണു. പക്ഷെ ഇന്നത്തേ ശാസ്ത്രമനുഷ്യരേക്കാൾ ജാഗ്രത പണ്ടുള്ളവർക്കു ഉണ്ടായിരുന്നു എന്നു വിഷു ആഘോഷങ്ങൾ ഒക്കെ കാണുമ്പോൾ തോന്നുന്നു. മനുഷ്യന്റെ വികലമായ മനസ് പ്രകൃതിയേ നശിപ്പിച്ചു കഴിഞ്ഞ ശേഷമാണു ഇന്നവനു ബോധോദയം ഉണ്ടായിരിക്കുന്നതു. പണ്ട് പ്രകൃതിയേ അവൻ ഒരുതരത്തിലും ശല്യപ്പെടുത്തിയിരുന്നില്ല. ശാസ്ത്രചിന്ത വ്യാപകമായതോടെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. നിലനില്പിനു വേണ്ടിയായിരുന്നു എന്നൊക്കെയാണു അതിനു പറയുന്ന ന്യായം. ചൂഷണം അതിന്റെ പാര‌മ്യത്തിലെത്തിയപ്പോൾ മനുഷ്യന്റെ ജീവന്റെ നിലനില്പു തന്നെ പരുങ്ങലിലായി. ഇപ്പോൾ നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണു. അതിന്റെ സംത്രാസം അവനെ കൂടുതൽ വിഹ്വലമാക്കുന്നു. kanikonna

പാരമ്പര്യത്തെ പിന്തള്ളുമ്പോൾ ഒന്നു ആലോചിച്ചിരുന്നെങ്കിൽ ഈ നടുക്കവും വിഷാദവും മനുഷ്യനു ഉണ്ടാകുമായിരുന്നോ? എന്തുകൊണ്ടാണു മുൻ‌തലമുറകൾ പ്രകൃതിയോട് സമന്വയിച്ച ജീവിതരീതി പിന്തുടർന്നു വന്നതെന്നു ചിന്തിച്ചിരുന്നെങ്കിൽ മനുഷ്യനു ഇന്നു എത്ര സുഖമായി ജീവിക്കാൻ കഴിയുമായിരുന്നു! ആധുനിക മനുഷ്യൻ അങ്ങനെ ചിന്തിച്ചില്ല. ഭൂതകാലത്തെ പെട്ടെന്നു മറക്കുകയും തന്റെ അഭിലാഷങ്ങളാൽ പ്രേരിതമായ ഭാവിയേക്കുറിച്ചുള്ള സങ്കല്പത്തിൽ മുഴുകുകയും ചെയ്തു. അതിനൊരു ന്യായീകരണമായി അപൂർണ്ണമായൊരു ശാസ്ത്രത്തെ അവതരിപ്പിച്ചു. ആധുനികൻ വരുത്തിയ ഏറ്റവും വലിയ തെറ്റ് അതായിരുന്നു. ഇന്നു പ്രചരിക്കുന്ന ശാസ്ത്രം ശരിക്കും ശാസ്ത്രമായിരുന്നോ ശാസ്ത്രാഭാസമായിരുന്നോ എന്നു കാലം തെളിയിക്കാനിരിക്കുന്നതേയുള്ളു.

രാസവളവും, ശാസ്ത്രീയ കൃഷിയും വിളവ് വർദ്ധിപ്പിച്ചു എന്നു ആവേശം കൊണ്ടവർ ഇന്നു നാട്ടുകൃഷിയുടെ പ്രചാരകരാണു. ആ വിരോധാഭാസത്തെ ശ്രദ്ധിച്ചാലെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലായ്മ മനസിലാക്കാവുന്നതേയുള്ളു. തങ്ങൾ ഏറെ പ്രഘോഷിച്ച രാസകൃഷിയുടെ പരാജയമാണു അവർ അതിലൂടെ തെളിയിച്ചതു.

ചെടികൾക്ക് വളരാനുള്ളതു പ്രകൃതിയൊരുക്കിയിട്ടുണ്ട്. അതിൽ മനുഷ്യന്റെ അഭിലാഷവും, ആർത്തിയും പ്രവർത്തിച്ചപ്പോഴാണു പ്രകൃതിനശീകരണം തുടങ്ങിയതു. അതിപ്പോൾ അവനു തന്നെ നിയന്ത്രിക്കാനാവാതെയായിരിക്കുന്നു. പ്രകൃതിയുടെ നോട്ടത്തിൽ മനുഷ്യനു വലിയ പ്രാധാന്യമൊന്നുമില്ല. കാറ്റും, മഴയും, ദിനരാത്രങ്ങളുമൊന്നും അവന്റെ വരുതിയിലല്ല. മറ്റുജീവജാലങ്ങളേപ്പോലെ പ്രകൃതിയുമായി സമന്വയിച്ചാൽ പ്രകൃതി കനിയും. അല്ലെങ്കിൽ മനുഷ്യൻ കരയും. അതിൽ പ്രകൃതിക്ക് വിശേഷിച്ചൊന്നും തോന്നില്ല. ‘കർമ്മഫലം’‘ എന്നു വേണമെങ്കിൽ മനുഷ്യനു ആശ്വസിക്കാം.

vishu 2015രാത്രികൾക്കും പകലുകൾക്കും മനസുമായും ബന്ധമുണ്ടെന്നു പ്രാചീനർക്ക് അറിയാമായിരുന്നു. മനുഷ്യൻ ഒരു പകൽ ജീവിയാണു. സൂര്യനെ ബന്ധപ്പെടുത്തിയാണു അവന്റെ കർമ്മകാണ്ഡം. രാത്രി വിശ്രമിക്കാനുള്ളതാണു. കർമ്മനിരതനായിരിക്കുമ്പോൾ അവന്റെ മനസു ഉണർന്നിരിക്കും. അതു പകൽ. കർമ്മവിമുക്തി നേടി മനസ്സ് അടങ്ങുമ്പോൾ അതു രാത്രി. ഇന്നു ആ ഭാവനയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. ജീവിക്കാൻ വേണ്ടിയാണെന്നു പറഞ്ഞ് രാത്രിയേപ്പോലും പകലാക്കുകയാണു. യഥാർത്ഥത്തിൽ ജീവിക്കാൻ വേണ്ടിയാണോ? ആശകൾക്കും, ആർഭാടങ്ങൾക്കും വേണ്ടിയുള്ള രാപ്പകൽ പാച്ചിലല്ലെ ഇന്നു നമുക്ക് ചുറ്റും? അതിനെ എങ്ങനെ ജീവിതമെന്നു വിളിക്കും? ഒരാൾ അയാൾക്ക് ജീവിക്കാൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ചെലവ് ചെയ്യുന്നതു അവന്റെ ചുറ്റുപാടുകളിലെ ഭ്രമാത്മസ്വപ്നങ്ങളുമായി ചേർന്നുപോകാനാണു. നാം ഇത്രയധികം വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നതു എന്തു ആവശ്യത്തിനാണു? പരസ്യങ്ങൾ പ്രചോദിപ്പിക്കുന്നതു കൊണ്ടല്ലെ? അതുവഴി നമ്മുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനല്ലേ? അതുപോലെ തന്നെയാണു ഓരോ ആശകളും ആർഭാടങ്ങളും.

മറ്റുള്ളവരാൽ പ്രചോദിതരായി ഓരോരോ ആർഭാടങ്ങളിൽ പെട്ടുപോവുകയും പിന്നീട് അതിൽ നിന്നും മോചനമില്ലാതായിത്തീരുകയും ചെയ്യുന്നതാണു ഇന്നത്തെ മനുഷ്യാവസ്ഥ. രാപ്പകലുകളുടെ മിശ്രണമാണു അതിനു കാരണം. രാവിൽ സംഭവിക്കണ്ടതു പകലും പകലു സംഭവിക്കണ്ട പലതും രാത്രിയും സംഭവിക്കുന്നു. പ്രകൃതിയിൽ നിന്നകന്നതോടെ ആ മിശ്രണം മനസിനും സംഭവിച്ചു. മനസിന്റെ മിശ്രണം ഭാന്തിലാണു അവസാനിക്കുന്നതു. മനുഷ്യനു ഇന്നുഭ്രാന്താണു. ജീവിതമില്ല. മനസിനെ തുല്യ ദിനരാത്രങ്ങളേപ്പോലെ നിലനിർത്തുവാൻ കഴിഞ്ഞാലെ മനുഷ്യനു സമാധാനം ഉണ്ടാകാൻ പോകുന്നുള്ളു. മനസു സമമാകുമ്പോൾ ഈ പ്രകൃതിയിലേക്ക് ഒന്നു കണ്ണുതുറന്നു നോക്കണം. അപ്പോൾ കാണാം അതിന്റെ മനോഹാരിതയും സാദ്ധ്യതകളും. അതോടെ മനുഷ്യന്റെ ജീവിതവും തെളിച്ചമുള്ളതാകും. ആ സമചിത്തതയിലേക്കുയരുവാൻ മനുഷ്യനെ ഈ വിഷു പ്രചോദിപ്പിക്കട്ടെ.

vishu2

ലോകമെമ്പാടുമുള്ള എല്ലാ സുമനസുകൾക്കും വിഷു ആശംസകൾ.