“എനിക്കെന്തെങ്കിലും സംഭവിച്ച് ഞാനില്ലാതായിപ്പോയാല്‍ ആരേയും സൂക്ഷിക്കാന്‍ എന്റെ ശരീരം വിട്ടു നല്‍കരുത്… ഒരു ചിതയില്‍ വച്ച് അത് കത്തിക്കണം…”

ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വ ചിത്രത്തിന്‍റെ നിലപാടാണത്. തന്‍റെ ശരീരം ഒരു മോര്‍ച്ചറിയിലും സൂക്ഷിക്കാതെ എത്രയും പെട്ടെന്ന് കത്തിച്ചു കളയേണ്ടത് ആ ശരീരത്തില്‍ അപ്പോഴും തേജസ്സുണ്ടാകുമെന്ന വ്യാമോഹത്താലൊന്നുമല്ല, മറിച്ച് കാമം ഭ്രാന്തായി മാറിയ മനുഷ്യജന്‍മങ്ങളെ മരണശേഷവും ശരീരം പേറേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ടാണ്. ആര്യന്‍ കൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത് സിനിമാ താരങ്ങളായ നാദിര്‍ഷ, അപര്‍ണ എന്നിവര്‍ അഭിനയിച്ച് ബിജിപാല്‍ സംഗീതം നല്‍കിയ ഈ ഹ്രസ്വചിത്രം ആധുനികകാലത്തെ പല സത്യങ്ങളേയും വിളിച്ചു പറയുന്നു. മരിച്ച സ്ത്രീ ശരീരം വരെ റേപ്പ് ചെയ്യപ്പെടാനുള്ള ഉപകരണങ്ങളായി മാറിപ്പോകുന്ന അവസ്ഥ. അതേ അത് പരിതാപകരമാണ്.

Loading...

സ്ത്രീയെ ശരീരം മാത്രമായി കാണുന്ന ചിലരോടുള്ളതാണ്, ആ നിലപാടുകള്‍. ഒരു പറ്റം മനോരോഗികളുടെ ഇടയില്‍ ഒരു സ്ത്രീ മരണം വിലയിരുത്തപ്പെടുന്നതെങ്ങനെ എന്നും ഈ ചിത്രം ഉറക്കെ പറയുന്നു. അതും മരണം ഒരു സെലിബ്രിറ്റിയുടേതാകുമ്പോള്‍ കാരണങ്ങള്‍ സ്വാഭാവികമായി തന്നെ വര്‍ദ്ധിക്കുന്നു. സ്ത്രീയുടെ അഹങ്കാരം, ബന്ധങ്ങള്‍, ജനത്തിന്‍റെ കണ്ണില്‍ അതിന്, ഗര്‍ഭത്തിന്‍റെ തലം കൂടിയും ഉണ്ടാകാം, അതൊരു ആത്മഹത്യയാകുമ്പോള്‍. രക്തബന്ധങ്ങള്‍ പോലും സേയ്ഫ് അല്ലാത്തൊരു കാലഘട്ടത്തിലാണ്, ഒരു പെണ്‍കുട്ടി ഇവിടെ ജീവിക്കേണ്ടത്. അമ്മാവന്‍ മരുമകളെ ഉപയോഗിക്കുന്നു, ചേട്ടന്‍ അനുജത്തിയേയും അച്ഛന്‍ മകളേയും ചൂഷണം ചെയ്യുന്നു. ബന്ധങ്ങളില്‍ എവിടെയാണ്, സുരക്ഷിതത്വത്തിന്‍റെ തണുപ്പുള്ളത്?

ഇതിന്, മറ്റൊരു വശം പറയാതെ പോകുന്നതു ശരിയല്ല. പലപ്പോഴും പല നിരപരാധികളായ പിതാക്കളും പുരുഷന്‍മാരും ഇത്തരത്തില്‍ ആരോപണവിധേയരാകുന്നു എന്നതാണത്. മകളെ അച്ഛനടുത്തു നിര്‍ത്തിയിട്ടു പോകാന്‍ പ്രയാസമുണ്ടെന്ന് ഒരമ്മ പറയുന്നതിനെ അതീവ വേദനയോടെ ചങ്ക് നൊന്ത് കേള്‍ക്കുന്ന അച്ഛന്‍മാരുടേയും നാടാണിത്. മകളുടെ പ്രായമുള്ള കുട്ടിയെ തോളില്‍ വാത്സല്യത്തോടെ തട്ടിയതിന്, അവള്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിന്, ആരോപണങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട പുരുഷന്‍മാരുടെ നാട്. അതേ എണ്ണത്തില്‍ അത്തരക്കാര്‍ തന്നെയാകാം അധികവും പക്ഷേ ഏതൊരു ശരികള്‍ക്കിടയിലും തെറ്റുകള്‍ തിരഞ്ഞു കണ്ടെത്താനുള്ള മനുഷ്യന്‍റെ ശക്തിയേറിയ ത്വര ഇത്തരം നോവുകളേ ഒന്നുമേ കാണില്ല, പകരം മനോരോഗികളുടെ പേക്കൂത്തുകള്‍ മാത്രമേ കാണൂ. ഇതൊക്കെ പറഞ്ഞതിനാല്‍ അത്തരം മനോരോഗികളെ ന്യായീകരിക്കുകയോ… ഒരിക്കലുമല്ല. പുരുഷന്‍ എന്ന വാക്കിന്‍റെ പോലും മാനം കെടുത്തുന്നവര്‍ക്ക് കൊടുക്കാന്‍ പാകപ്പെട്ട ഒരു മറുപടി പോലും ഇല്ലാ എന്നുള്ളതു തന്നെയല്ലേ വേദനിപ്പിക്കുന്നത്.

മോര്‍ച്ചറിയ്ക്കുള്ളില്‍ ഇരിക്കുന്ന പെണ്‍ശരീരത്തോട് കാമം തീര്‍ക്കുന്ന പ്രത്യേക മാനസിക അവസ്ഥയ്ക്ക് നിയമവിരുദ്ധത പോലും ഇല്ലെന്നതാണ്, സത്യം. ശരീരം എഴുന്നേറ്റ് പരാതി നല്‍കുന്നില്ല എന്നതു തന്നെ സുരക്ഷിതമാര്‍ഗമായി ഇവരുപയോഗിക്കുന്നു. ശിക്ഷയാണോ ഇവര്‍ക്കു നല്‍കേണ്ടത്? ഭ്രാന്തു മൂത്താല്‍ ഇരുട്ടറയില്‍ കൊട്ടിയടയ്ക്കപ്പെടണം. നിശബ്ദമായി ആത്മപീഡയേറ്റു വാങ്ങി സ്വയമൊടുങ്ങണം. നിസ്സഹായന്‍റെ നിലവിളി അറിഞ്ഞു തീരണം. പെണ്‍ശരീരങ്ങള്‍ കത്തിക്കപ്പെടട്ടേ എന്ന് ഉറക്കെ സമൂഹത്തോടെ നിലവിളിയ്ക്കാന്‍ തോന്നിപ്പോകുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്‍റെ നിസ്സഹായതയ്ക്കു മേല്‍ ശരീരം കൊണ്ട് ആര്‍ത്തയളക്കുന്ന പുരുഷനെ തോല്‍പ്പിക്കാന്‍ ആത്മഹത്യ ചെയ്തവള്‍ക്ക് മരണത്തിലും അതേ ഗതി വരുന്നത് അവളുടെ ആത്മാവ് നിലവിളിച്ചു കൊണ്ട് അറിയുന്നുണ്ടാകില്ലേ… ഇല്ലാ ഈ സംഭാഷണങ്ങള്‍ ഉള്ളില്‍ നിന്ന് വിട്ടു പോകില്ല… ആ മരവിച്ച ശരീരവും. ചേതനയില്ലാത്ത കാമവും.

പ്രണയത്തിന്‍റെ ഏറ്റവും സുന്ദരമായ തലത്തില്‍ പുരുഷന്‍ സ്ത്രീയ്ക്കു നല്‍കുന്ന ഒരു സമ്മാനമായി തന്നെയാണ്, ലൈംഗികതയെ കാണേണ്ടത്. സമ്മാനത്തിന്, ദാനമെന്ന് അര്‍ത്ഥമില്ല. പരസ്പരം വേണമെന്ന തോന്നലില്‍ നിന്ന് ഉണ്ടായി വരേണ്ടത്. അതിനെ ദൈവീകമായി സമീപിക്കുന്നവര്‍ക്ക് അതേ ദീപ്തതയും അത് നല്‍കും. സ്ത്രീയ്ക്കും പുരുഷനും പരസ്പരം നല്‍കാനാകുന്ന ഏറ്റവും മനോഹരമായ ഒരു സമ്മാനമായി അതു മാറുകയും ചെയ്യും. എന്നാല്‍ ഇതൊക്കെ വാക്കുകളായി മാത്രമവശേഷിക്കേ ഒന്നു പറയട്ടെ… എരിച്ചു കളയൂ നിങ്ങളുടെ പ്രിയപ്പെട്ടവളുടെ ചേതനയില്ലാത്ത ശരീരം. ആത്മാവില്ലാത്ത ഒരു കാമത്തെ അവളുടെ ശരീരം അര്‍ഹിക്കുന്നില്ല.