രോ യാത്രയും ഓരോരോ അനുഭവങ്ങൾ എന്നല്ലേ പറയുന്നത്? മനസ്സിനെ വഴിയോരക്കാഴ്ചകളിലേയ്ക്കോ… സഹയാത്രികരിലേക്കോ പറത്തി വിട്ട് – ചിന്തകളുടെ ലോകത്തിലൂടെ…. കാഴ്ചകളുടെ വിസ്മയത്തിലൂടെ നടത്തുന്ന യാത്രകൾ എത്രയെത്ര ചെറുതും വലുതുമായ അനുഭവങ്ങളാണ് തരുന്നത്? ചെറിയ ഒരു ബസ് യാത്ര പോലും വളരെ അനുഭവക്കാഴ്ചകൾ സമ്മാനിക്കുന്ന യാത്രകൾ ആയി മാറാറുണ്ട്.

അത്തരം ഒരു കൊച്ചു ബസ് യാത്ര സമ്മാനിച്ച ഒരു അനുഭവം പങ്കുവയ്ക്കട്ടെ. ഞാൻ ബസിലാണ് ഡ്യൂട്ടിക്കു പോകുന്നത്. (ഈ പോളിടെക്നിക്കിലൊന്നും പഠിക്കാത്ത കാരണം യന്ത്രങ്ങളുടെ പ്രവർത്തനമൊക്കെ പഠിച്ചു വരുന്നേയുള്ളൂ.) എങ്കിലും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഓരോ കാഴ്ചകളും ബസ് യാത്രയെ ഒരിക്കലും മടുക്കാത്ത ഒരു സംഭവമാക്കി തീർത്തിരിക്കുന്നു. വീടിന്റെ തൊട്ടടുത്തുള്ള സ്റ്റോപ്പിൽ നിന്നാണ് ബസ് സ്റ്റാർട്ട് ചെയ്യുന്നത്. ആയതിനാൽ സീറ്റുകൾ മിക്കതും മിക്ക ദിവസങ്ങളിലും ഒഴിഞ്ഞുകിടക്കുന്നുണ്ടാകും. ബസിന്റെ ഏകദേശം മധ്യഭാഗത്ത് ഇരുവശങ്ങളിലുമായി ഒരല്പം ഉയർന്നു നിൽക്കുന്ന സീറ്റ് ആണ് എന്റെ ഇഷ്ട സ്ഥലം. മിക്കപ്പോഴും അവിടം ഒഴിഞ്ഞുകിടക്കുന്നുണ്ടാകും. വല്ലപ്പോഴും ആരെങ്കിലും ഉണ്ടാകാനും മതി.

Loading...

സ്ഥിരം ബസ് യാത്രികർ കുറച്ചു പേരുണ്ട്. പേരും നാളും രാജ്യവും ഭാഷയും ഒന്നുമറിയില്ലെങ്കിലും ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ! ചിരിച്ചാലായി. അല്ലെങ്കിലും ആയി! അങ്ങനെയുള്ള ചുരുക്കം ചില മുഖങ്ങളിൽ അമ്പതിനു മേൽ പ്രായം തോന്നിക്കുന്ന ഒരു ചൈനാക്കാരന്റെ മുഖവും കണ്ടു തുടങ്ങി. കാരണം ഞാനിരിക്കുന്ന സീറ്റിൽ ഒന്നോ രണ്ടോ തവണ അയാളെ കണ്ടിരിക്കുന്നു. എന്റെ സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിൽ നിന്നായിരിക്കണം അയാൾ കയറുന്നതെന്ന് ഞാൻ ഊഹിച്ചു. മിക്കപ്പോഴും ഒന്നു മുഖത്തു പോലും നോക്കാതെ…. ചിരിക്കാതെ അയാൾ പുറത്തേക്ക് നോക്കി ചെവിയിലെ പാട്ടിൽ ആസ്വദിച്ചിരിക്കുന്നതു കാണാം. എങ്കിലും ഒരേ സീറ്റ് പങ്കിടുന്ന രണ്ട് ‘അപരിചിതർ’ എന്ന ‘പരിചയം’ ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങനെ വീണ്ടുമൊരു വെളുപ്പാൻകാലം! രണ്ടാമത്തെ ലോംഗ് ഡേ. തലേദിവസത്തെ തിരക്കുപിടിച്ച ഡ്യൂട്ടിയും തലേ രാത്രിയിലെ ശരിയാകാത്ത ഉറക്കവും (പിറ്റേന്ന് ജോലിയുണ്ടെങ്കിൽ രാത്രി. ഇടയ്ക്ക് എണീറ്റ് നേരം ആയോ നേരം ആയോ എന്നു നോക്കുന്ന സ്വഭാവം ചില രാത്രികളിലെങ്കിലും ഉറക്കത്തെ തടസ്സപ്പെടുത്താറുണ്ട്.)…

രാവിലെ തന്നെയുള്ള ശ്ശി കടുപ്പത്തിലുള്ള തണുപ്പും എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയിലാണ് ബസിൽ കയറിയത്. അന്ന് പതിവിലും കൂടുതൽ തിരക്കുണ്ട്. ബസിൽ കയറിയപ്പോൾ എന്റെ സീറ്റിലൊരു അപരിചിത മുഖം. എന്നാലും ചെന്നിരുന്നു. അത്രേ ഓർമയുള്ളൂ.  ഉറങ്ങിപ്പോയിരിക്കണം. (കൂർക്കം വലിച്ചോ ആവോ? അത്രയ്ക്ക് ക്ഷീണണ്ടാർന്നു.) അത്രയ്ക്കു ക്ഷീണമുണ്ടായിരുന്നു. ആരോ തോളിൽ തട്ടുന്നതു പോലെ തോന്നുന്നുണ്ട്. കണ്ണ് തുറക്കാൻ വയ്യ! വീണ്ടും ശക്തിയായി തട്ടുന്നു. പെട്ടെന്ന് കണ്ണ് തുറന്നു. ബസ്സിൽ സൂചി കുത്താനിടമില്ലാത്തത്ര തിരക്ക്! അടുത്ത സ്റ്റോപ്പ് എനിക്കറങ്ങാനുള്ള സ്റ്റോപ്പ് ആണെന്ന് എഴുതി കാണിക്കുന്നു. ഞാൻ ചാടിയെണീറ്റു. ആരാണ് എന്നറിയാൻ തിരിഞ്ഞു നോക്കി. തൊട്ടു പുറകിലെ സീറ്റിൽ നിന്നും നമ്മുടെ ചൈനാക്കാരൻ ചങ്ങായി. അപ്പൊഴെക്കും ബസ് നിർത്തിയിരുന്നു. ഓടി ബസിൽ നിന്നിറങ്ങി .ഒരു നന്ദി പോലും അയാളോട് പറഞ്ഞില്ലല്ലോ എന്നോർത്ത് നീങ്ങിത്തുടങ്ങിയ ബസ്സിനുള്ളിലേയ്ക്ക് അയാളുടെ മുഖമന്വേഷിച്ച് ഞാൻ നോക്കി! പക്ഷേ ആ തിരക്കിൽ എനിക്കയാളെ കാണാൻ കഴിഞ്ഞില്ല. എങ്കിലും അയാളുടെ കണ്ണുകൾ എന്നെ കാണുന്നുണ്ടെന്നുള്ള പ്രതീക്ഷയിൽ ഞാൻ വെറുതെ കൈ വീശി!

ഉറക്കച്ചടവോടെ നടന്നു തുടങ്ങിയപ്പോൾ ആലോചിച്ചതൊക്കെയും അയാളെക്കുറിച്ചായിരുന്നു. അവിടെങ്ങാനും വച്ച് എണീറ്റില്ലായിരുന്നു എങ്കിൽ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വൈകിയേ ഡ്യൂട്ടിക്ക് എത്താൻ കഴിയുമായിരുന്നുള്ളൂ! മാനഹാനിയും ധനനഷ്ടവും വേറെയും. അങ്ങനെ ഒരു അടുപ്പമില്ലാതിരുന്നിട്ടു കൂടി അപ്രതീക്ഷിതമായി എത്തിയ ഒരു സഹായം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം അപരിചിതയായി… സീറ്റ് പങ്കിട്ടെടുത്ത് യാത്ര ചെയ്തിട്ടുള്ള രണ്ട് പേർ. ഞാൻ എവിടെയാണ് ഇറങ്ങുന്നതെന്ന് അയാൾ ഓർമ്മിച്ചു വച്ചിട്ടുണ്ടായിരുന്ന എന്നതും എനിക്ക് ആശ്ചര്യമുണ്ടാക്കി.. എന്നെ തട്ടി വിളിച്ചില്ലാ എങ്കിലും അയാൾക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. എങ്കിലും ചെറിയ ഒരു ഉപകാരം …അത് എത്ര ചെറുതായാലും ആരിൽ നിന്നായാലും ചിലപ്പോഴത് ഒരു ദിവസത്തെ മുഴുവനും മാറ്റാൻ കഴിവുള്ളതായിരിക്കും. മനസ്സാ അയാൾക്ക് നന്ദി പറഞ്ഞു. പിന്നീട് ഇതുവരെ ഞാൻ അയാളെ കണ്ടിട്ടില്ല. ഇനി കാണുമ്പോൾ നേരിട്ടൊരു നന്ദി പറയണം എന്ന് മനസ്സിൽ കുറിച്ചിട്ടു. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കായി ക്രിസ്തുമസ്സ് കാർഡിൽ ആശംസകളെഴുതുമ്പോൾ അയാളുടെ മുഖവും മനസ്സിലേയ്ക്ക് വന്നു. എന്തോ… ഒരു കാർഡ് പേരും ഊരും അറിയാത്ത ആ മനുഷ്യന്നു വേണ്ടി മാറ്റിവെയ്ക്കണമെന്ന് തോന്നി. To The Strainger… Am sure we will meet Again .. And here is my Left over thanks t1o you … Season wishes !! എന്നെഴുതി എന്റെ ബാഗിൽ വച്ചു. ക്രിസ്തുമസ്സിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ … അങ്ങ് നോർത്ത് പോളിൽ നിന്ന് വരുന്ന സാന്താക്ലോസ് അപ്പൂപ്പനോട് എനിക്കും ഒരു അപേക്ഷയുണ്ട്. ഒരിക്കൽ കൂടി അയാളെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിലെന്ന്! കടം വച്ച ഒരു നന്ദിയുടെ ബാക്കിപത്രം പോലെ ബസിൽ കയറുമ്പോഴെല്ലാം എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു കൊണ്ടേയിരുന്നു.