കേന്ദ്ര സർക്കാറിന്റെ സൗജന്യ ഹൃദ്യോഗ ചികിത്സാപദ്ധതിയിൽ നിന്നും ശ്രീചിത്രയെ ഒഴിവാക്കാൻ നീക്കങ്ങൾ, സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആക്ഷേപം

തിരുവനന്തപുരം : കേന്ദ്ര സർക്കാറിന്റെ സൗജന്യ ഹൃദ്യോഗ ചികിത്സാപദ്ധതിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിനെ പൂർണ്ണമായും ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ നീക്കം. നവജാതശിശുക്കൾക്കായുള്ള ‘ഹൃദ്യം’ പദ്ധതി ശിശുമരണനിരക്ക് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതാണ്. ഹൃദ്യം പദ്ധതി ശ്രീചിത്രയിൽ നിലച്ചിട്ട് രണ്ടുവർഷം പിന്നിടുകയാണ്. ശ്രീചിത്രയെ ഒഴിവാക്കി ചില സ്വകാര്യ ആശു പത്രികളെ തിരുകികയറ്റാനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രമം എന്നാണ് ഉയരുന്ന ആരോപണം.

കേരളത്തിൽ ഹൃദ്യം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി തുക അനുവദിച്ച് നൽകുന്നതും കേന്ദ്രസർക്കാരാണ്. എന്നാൽ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പനായില്ല. ഗുരുതര അനാസ്ഥയാണ് ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. ഓരോ വർഷവും
14 കോടി രൂപവീതമാണ് കേന്ദ്ര സർക്കാർ പദ്ധതിക്കായി മാറ്റിവെക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് മുൻപ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് ഹൃദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്യാനാകും.

Loading...

അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് പരിധിയില്ലാത്ത ചികിത്സ ഉറപ്പാക്കും. എന്നാൽ കേരളത്തിൽ ഹ്യദ്യോഗത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പദ്ധതി ഇപ്പോൾ നടപ്പിലാകുന്നില്ല. പദ്ധതിയുടെ ഭാഗമാകാനായി ശ്രീചിത്ര ഭരണ സമിതി കത്ത് നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. . ആശുപത്രിയെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഫയൽ ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ടെങ്കിലും നടപടികൾ എടുക്കുന്നില്ല.

എത്രയോ നിർധനരായ ആളുകൾ ആശ്രയിക്കുന്ന ഇത്തരമൊരു ആശുപത്രിയിൽ ഇത്തരം പദ്ധതികൾ നടത്താൻ വഴിയുണ്ടായിട്ടും ഇവ തഴയുന്നത് രോഗികളോട് കാട്ടുന്ന അനീതിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന തിരുവനന്തപുരം മെഡിക്കൽകോളേജിലെ എസ്എടിയ്‌ക്ക് സമീപത്തെ ശ്രീചിത്രയിലേക്ക് നിരവധി കുഞ്ഞുങ്ങളെയാണ് ഹൃദ്രോഗ ചികിത്സയ്‌ക്കായി എത്തിക്കുന്നത്. ഹൃദയം പദ്ധതി വീണ്ടും നടത്താൻ കഴിഞ്ഞാൽ എത്രയോ കുഞ്ഞുങ്ങൾക്ക് അത് പുതുജീവൻ ഏകൻ സഹായകമാകും.