ഒരു വടക്കന്‍ സെല്‍ഫി കലക്കന്‍ സെല്‍ഫി തന്നെ

ഓരോ നിമിഷത്തെയും ആഘോഷിക്കുന്ന ചെറുപ്പത്തിന്റെ ചങ്ങാത്തവും നിരുത്തരവാദിത്വവും, സോഷ്യല്‍ മീഡിയകളിലേക്ക് മനപൂര്‍വ്വം ചെന്ന് വീഴുന്ന യുവത്വത്തിന് നല്ലൊരു സന്ദേശം – ഒരു വടക്കന്‍ സെല്‍ഫി, വിനീത് ശ്രീനിവാസനും സംഘവും നാലാമൂഴത്തില്‍ തമാശയ്ക്ക് പകര്‍ത്തിയത് ഒരു കലക്കന്‍ സെല്‍ഫി തന്നെ. നിരുപദ്രവ ഹാസ്യങ്ങളിലൂടെ ഉള്ളുപൊള്ളച്ചിരിയുണ്ടാക്കുന്ന ഒരു അവധിക്കാല എന്റര്‍ടെയിനര്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് ശൈലിയില്‍ ഗ്രാമീണ ഗ്രാമറും നിറച്ച വിനീത് ശ്രീനിവാസന്‍ ശൈലിയുടെ തുടര്‍ച്ച. ആ ചിത്രങ്ങള്‍ ഏറ്റെടുത്ത അതേ പ്രതീക്ഷയോടെയും ആവേശത്തോടെയും തന്നെ കാണാന്‍ പോകുന്നവര്‍ക്ക് അതുക്കും മേലെയാണ് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. ഒരേ വഴിയിലൂടെയെത്തി പ്രേക്ഷകരെ അടുത്ത പറമ്പിലേക്ക് ഇടിച്ചുവീഴ്ത്തി കടന്നുപോകുന്ന മാരക സിനിമകളില്‍ നിന്നുമുളള ആശ്വാസച്ചിരിയാണ് ഒരു വട്ടം കണ്ടിരിക്കാന്‍ വകയുള്ള ഒരു വടക്കന്‍ സെല്‍ഫി.

ORUസോഷ്യല്‍ മീഡിയയുടെ ഭ്രമാത്മകലോകത്ത് സ്ഥിരവാസികളായി സാമൂഹ്യജീവിതം കാണാതെ, അറിയാതെ പോകുന്ന ഉഴപ്പാളി പിള്ളേരെ കയ്യിലെടുത്തും പിന്നെ കാര്യമായി കിഴുക്കിയുമൊക്കെയാണ് വടക്കന്‍ സെല്‍ഫിയുടെ കഥാസഞ്ചാരം. കാര്യമായ ചിന്തകളുടെയോ കനപ്പെട്ട ആശയങ്ങളുടെ പിന്നാലെ പോകാതെ നുറുങ്ങ് തമാശകളും സാന്ദര്‍ഭിക നര്‍മ്മവും തട്ടുപൊളിപ്പന്‍ ഗാനങ്ങളുമൊക്കെയായി ഒരു പോക്ക്, അതിലൊരു നേരംപോക്കും. അധികം അധ്വാനമില്ലാത്തൊരു ജോലി ചെയ്ത് ജീവിക്കാന്‍ പറ്റിയ ഇടമാണ് സിനിമയെന്ന് കരുതുന്ന ഉമേഷ് എന്ന സ്വപ്നജീവി. എഞ്ചിനിയറിംഗ് പഠനം സപ്ലിമെന്ററി എക്‌സാമുകളിലേക്കുള്ള കാമ്പസ് സെലക്ഷനായി മാറിയപ്പോള്‍ നാട്ടിലേക്ക് വണ്ടി കയറി. മലര്‍വാടിയിലെ പക്വതയുള്ള പ്രകാശനില്‍ നിന്നും പ്രണയപ്പനി പിടിച്ച വിനോദിലേക്കും ഇപ്പോള്‍ ഉഴപ്പിന്റെ ഉത്തരമായ ഉമേഷിലേക്കും വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് തുടര്‍ച്ചയുണ്ടാക്കുന്നു.

Loading...

കോളേജ് ജീവിതമെന്നാല്‍ പുതുകാല സിനിമയ്ക്ക് രാഷ്ട്രീയമൊഴിഞ്ഞ, പ്രണയവാകകള്‍ പൂക്കാത്ത, കാന്റീനുകളുടെ തമാശയൊലികള്‍ ഇല്ലാത്ത, ക്ലാസ്സുകളിലേക്ക് ക്യാമറയെത്താതെ കട്ട് ചെയ്തിറങ്ങുന്ന അരാഷ്ട്രീയ ഇടമാണ്. കലാലയ ജീവിതം ഏറ്റവും സങ്കീര്‍ണ്ണഘട്ടമായി കാണുന്ന പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളുടേതാവും കഥ. ഇവിടെ പണം നല്‍കി സീറ്റൊപ്പിച്ച മറുനാടന്‍ എഞ്ചിനിയറിംഗ് കോളജിലാണ് ഉമേഷ്. നാടിന് പ്രിയങ്കരനാകാനും നാലാളറിയാനുമുള്ള കുറുക്കുവഴികള്‍ തേടുകയാണ് ഉമേഷ്. അജു വര്‍ഗ്ഗീസിന്റെ ഷാജി, നീരജ് മാധവിന്റെ തങ്കമ്മ എന്ന തങ്കപ്രസാദ് എന്നിവരാണ് തല്ലിപ്പൊളിജീവിതത്തിന് നാട്ടിലെ കൂട്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തമാശകളിലാണ് ആദ്യപകുതി. (നാഗരിക ജീവിത്തിലെ രാപ്പകലുകളും കോഫീകപ്പ് ബര്‍മുഡാ ജീവിതവും നിറച്ചെത്തുന്ന ന്യൂജെന്‍ സിനിമകളില്‍ നാടന്‍ ശീലുകയറ്റി നേരെ തിരിച്ചിടുന്നത് വിനീതും സംഘവും എത്തുമ്പോഴാണ്) ചായക്കടയും തോട്ടിന്‍കരയുമൊക്കെയായി സൗഹൃദവും, കുടുംബവും നിരുത്തരവാദ യുവജീവിതത്തിന്റെ അര്‍മാദം.

manjiചെറുപ്പത്തിന്റെ പള്‍സ് തിരിച്ചറിഞ്ഞ് യുവത്വം ‘സെല്‍ഫി’യെന്ന പേരില്‍ മാത്രം ഒതുക്കാതെ രചനയിലുടനീളം പ്രകടിപ്പിച്ച വിനീത് ശ്രീനിവാസനും ആ വേഗം ഒട്ടും ചോരാതെ സ്‌ക്രീനിലേക്കെത്തിച്ച പ്രജിത്തും അഭിനന്ദനമര്‍ഹിക്കുന്നു. മുന്‍പ് പലവട്ടം കഴിവു തെളിയിച്ചയാളാണ് വിനീത് എങ്കില്‍ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് താനെന്ന് പ്രജിത്ത് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.

ജോമോന്‍ ടി. ജോണിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. പഴനി, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഭംഗി ഒപ്പി എടുത്തതിനൊപ്പം ചില രംഗങ്ങള്‍ (തൂക്കുപാലത്തിലെ മദ്യപാനരംഗം) യോജിച്ച ലൈറ്റിങ്ങിന്റെയൊക്കെ സഹായത്തോടെ അതിമനോഹരമാക്കാന്‍ അദ്ദേഹത്തിനായി. ടൈറ്റില്‍ സോങ്ങില്‍ തുടങ്ങി മികച്ച പശ്ചാത്തലസംഗീതവും ഒപ്പം മറ്റു ഗാനങ്ങളും ഒരുക്കിയ ഷാന്‍ റഹ്മാന്‍ സിനിമയെ വേറൊരു തലത്തിലെത്തിച്ചു. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നീ കഥാപാത്രങ്ങളുടെ സ്വഭാവ വ്യാഖ്യാനത്തിനൊപ്പം സാന്ദര്‍ഭിക നര്‍മ്മങ്ങളെ സൃഷ്ടിച്ചെടുക്കുകയാണ് ആദ്യപകുതി. ഇടയ്ക്കിടെ ചിരിപ്പിച്ച് പോകുന്നുണ്ട് കൃത്രിമഹാസ്യങ്ങള്‍ക്കിടയിലും ഈ ഭാഗങ്ങള്‍. വെര്‍ച്വല്‍ ലോകത്തില്‍ മനോരഥമേറി നീങ്ങുന്നവരുടെ ആധിവ്യാധികളുടെ നീണ്ട കഥ. ഉമേഷ് സിനിമാക്കാരനാകുവാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നു.

manjimaനായകനായി നിവിന്‍ പോളി തകര്‍ത്തപ്പോള്‍ ചില രംഗങ്ങളില്‍ നായകനെ വെല്ലുന്ന തമാശകളുമായി അജു മികച്ചു നിന്നു. ഒരു കാലത്ത് ഹരിശ്രീ അശോകനും ജഗദീഷുമൊക്കെ കൈകാര്യം ചെയ്ത രീതിയില്‍ നിന്നു വിഭിന്നമായി നായകന്റെ നിഴലായി മാത്രം ഒതുങ്ങുന്നില്ല ഈ നടന്‍. ഒരു കുറ്റാന്വേഷകനായി വിനീത് ശ്രീനിവാസനും തന്റെ വേഷത്തില്‍ മികച്ചു നിന്നു. പുതുമുഖത്തിന്റെ പതര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായി നായികാ വേഷം ചെയ്ത മഞ്ജിമ തന്റെ വേഷം കുഴപ്പമില്ലാതെ കൈകാര്യം ചെയ്തു.

ഒരേ ദിവസം തലശ്ശേരിയില്‍ നിന്ന് തീവണ്ടി കയറിയ ഉമേഷും ഡെയ്‌സിയും പിന്നീട് ആ നാടിന് പുതിയ കഥയിലെ കഥാപാത്രങ്ങളാണ്. ഒരു വടക്കന്‍ സെല്‍ഫി ഒരു സെല്‍ഫി പൊല്ലാപ്പുണ്ടാക്കിയ കഥയായി പരിണമിക്കുകയാണ്. ഒതുക്കിയൊഴുക്കിലെത്താത്ത ആദ്യപകുതിയില്‍ നിന്ന് സെമി ത്രില്ലറിലേക്ക് ഗതി മാറ്റിപ്പിടിക്കുകയാണ് സംവിധായകന്‍. ചെന്നെ നഗരവും കുംഭകോണവും തമിഴ്‌നാടന്‍ ഉള്‍ഗ്രാമവുമൊക്കെയായി കഥ വേറെ വഴിയിലേക്ക്.ഹൈവേയില്‍ ഇംതിയാസ് അലി സൃഷ്ടിച്ച ദൃശ്യശൈലീനവപാതയിലൂടെയുള്ള വണ്ടിയോട്ട ആഗ്രഹമാകാം രണ്ടാംപകുതിയില്‍ യാത്രയേറുന്നതും വൈഡ് ആംഗിളില്‍ പച്ചപ്പിലാണ്ട തമിഴ് ഉള്‍ഗ്രാമത്തെ ജോമോന്‍ ടി ജോണ്‍ കാര്യമായി നിറച്ചെടുത്തതും. വീട്ടുകാരോടോ കൂട്ടുകാരോടോ ഉള്ളതിനേക്കാള്‍ ആത്മബന്ധം അപരിചിത ഇടങ്ങളിലെവിടെയോ ഉളള വാട്ട്‌സ് ആപ്പ്‌ഫേസ്ബുക്ക്ചാറ്റ് മേ്റ്റിനോട് സൃഷ്ടിക്കപ്പെടുന്നതും സിനിമ പരാമര്‍ശിക്കുന്നു. യുവതയുടെ പുറന്തോടിലെ ജീവിതരസങ്ങളെ പരാമര്‍ശിച്ചുപോകുന്നതിനപ്പുറം വിയോജിച്ചൊരു നിലപാടിനും വടക്കന്‍ സെല്‍ഫി മുതിരുന്നില്ല.

ക്ലീന് കോമിക് സ്വഭാവത്തില്‍ നിന്ന് സെമി ത്രില്ലര്‍ ട്രാക്കിലേക്കുള്ള വഴിതിരിയലിലും ട്വിസ്റ്റടിച്ചു വീഴ്ത്താനോ ഞെട്ടിക്കാനോ സംവിധായകന്‍ സാഹസം കാട്ടിയില്ലെന്നത് ആശ്വാസം. കഥാസന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളിലും പാരഡി ശ്രമങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന നാടകീയത വീനീത് ശ്രീനിവാസന്റെ ജാക്ക് എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെ കൂടുന്നുണ്ട്. പരസ്പരം ഞെട്ടിക്കൊണ്ടുള്ള പാരഡിത്തമാശകള്‍ വിനീത്,നിവിന്‍,അജു എന്നിവരും കഥാപാത്രങ്ങളെയും കാര്യമായി ബാധിച്ചിച്ചുണ്ട്. സെവന്‍ത് ഡേ,സപ്തമശ്രീ തസ്‌കര തുടങ്ങി സിനിമകളെ ബോക്‌സ് ഓഫീസില്‍ രക്ഷിച്ചെടുത്തതില്‍ പങ്കുണ്ടായിരുന്ന ടെയില്‍ എന്‍ഡ് ട്വിസ്റ്റ് മറ്റൊരുതരത്തില്‍ വടക്കന്‍ സെല്‍ഫിയിലുണ്ട്.

വടക്കന്‍ സെല്‍ഫിയെന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകത ഇതിലുടനീളം യുവത്വത്തിന്റെ ഒരു പള്‍സ് നിലനില്‍ക്കുന്നു എന്നതാണ്. വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍ പോലും പെട്ടെന്ന് പൊട്ടിച്ചിരിക്ക് വഴി മാറുമ്പോള്‍ സിനിമ പൊടുന്നനെ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. ഊടും പാവും വേറെ വേറെയാക്കി ഒരു പോസ്റ്റ് മോര്‍ട്ടത്തിന് മുതിര്‍ന്നാല്‍ പോലും ഈ സെല്‍ഫിയെ കുറ്റം പറയാന്‍ ബുദ്ധിമുട്ടാണ്.

ദൈര്‍ഘ്യം താരതമ്യേന കുറച്ച് കൂടുതലാണെങ്കിലും ഈ സിനിമ നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കല്ല. തുടക്കം മുതല്‍ ഈ ചിത്രം സൂക്ഷിക്കുന്ന ഒരു വേഗത എവിടെയെങ്കിലും കൈമോശം വരുന്നു എന്ന് തോന്നുന്ന മാത്രയില്‍ എത്തും ചിരിയുടെ ഒരു ആറ്റംബോംബ്. ഈ ചിത്രം പെട്ടെന്ന് അവസാനിക്കരുതേയെന്ന് പ്രേക്ഷകന്‍ പ്രാര്‍ഥിച്ചു പോകുന്ന അവസ്ഥ. ഒരു വടക്കന്‍ സെല്‍ഫി ചിന്താഭാരമില്ലാതെ വെറുംകാഴ്ചയ്ക്ക് പ്രയോജനപ്പെടും.

മാസങ്ങളായി ഒരു ക്ലീന്‍ എന്റര്‍ടെയിനറിനായി കാത്തിരുന്ന നിരാശനായ മലയാളി പ്രേക്ഷകന് ഇനി ധൈര്യമായി തിയറ്ററിലേക്ക് ചെല്ലാം. എല്ലാം മറന്ന് ചിരിക്കാം, രസിക്കാം, ത്രില്ലടിക്കാം. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കും ഈ സെല്‍ഫിയിലെ കഥാപാത്രങ്ങള്‍.