ലാവലിൻ കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശ്രീ. ടി. ആസിഫലിയുടെ നടപടി കടുത്ത അധികാര ദുർവിനിയോഗമാണെന്ന് വിലയിരുത്താതെ വയ്യ. കറകളഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ ആയ അദ്ദേഹം, മുമ്പ് സ്വന്തം താൽപര്യം അനുസരിച്ച് ലാവലിൻ കേസ് നടത്തിയിരുന്നുവത്രെ. ഉന്നതമായ അധികാരം കയ്യാളിക്കൊണ്ട് എന്നാൽ താൻ പ്രതിനിധീകരിക്കുന്ന സർക്കാരിന്റെ ഔദ്യോഗീക തീരുമാനത്തിന് വിരുദ്ധമായാണ് അതിവേഗ വിചാരണക്കുള്ള ഈ ഹരജി ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് കേസ് എങ്ങിനെയെങ്കിലും വിചാരണക്കെടുപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ അത് ഒരു പ്രചരണ ആയുധമാക്കാം എന്നതിൽ കുറഞ്ഞ യാതൊരു ഉദ്ദേശവും ഈ ഹരജിക്കില്ല എന്ന് പകൽ പോലെ വ്യക്തം.

പ്രോസിക്യൂഷൻ ഡയറക്ടർ എന്ന നിലയിൽ തന്റെ ഔദ്യോഗികമായ വിവേചന അധികാരം ഉപയോഗിച്ച്, സർക്കാരിന് നഷടം വന്ന ഒരു കേസ് അതിവേഗം വിചാരണ നടത്തി നഷ്ടം നികത്തുക എന്ന സദുദ്ദേശമാണ് അദ്ദേഹത്തിനുണ്ടായിരുന്നതത്രെ. ചുമതല ഏറ്റ കാലം മുതൽ അദ്ദേഹം ഇത് ചെയ്തിരുന്നു എങ്കിൽ നമ്മുടെ ഖജനാവ് എന്നേ നിറഞ്ഞു കവിഞ്ഞേനേ. സോളാറിലും, ബാറിലും, പാറ്റൂരിലും, സിവിൽ സപ്ലൈസിലും തുടങ്ങി പൊലീസുകാർക്ക് വണ്ടിയും, KSRTC ക്ക് ഡീസലും വാങ്ങിയതിൽ വരെ സർക്കാരിന് നഷ്ടം വന്നിട്ടുണ്ട്. അവയൊന്നും പക്ഷെ മുന്തിയ പരിഗണനക്ക് മേശ പുറത്ത് വന്നില്ല. ഈ കാലത്തെ സർക്കാർ കേസുകളുടെ കണക്കെടുത്താൽ ജയച്ചേക്കാൾ ഇമ്മിണി കൂടതലാണ് തോറ്റത്. അപ്പൊ അതല്ല കാര്യം. വിചാരണ കൂടാതെ പിണറായി വിജയനെ വെറുതെ വിട്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് ഏറ്റ തീരാ കളങ്കമാണത്രെ. അത് കഴുകി കളയാൻ ബക്കറ്റും മോപ്പുമായി ഇറങ്ങിയതാവാം. പക്ഷെ അതെന്തേ പാമോലിൻ കേസിൽ ഇല്ലാതായത് എന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. പാമോലിൻ കേസിൽ ചില കൂട്ടുകാരെ വിചാരണ കൂടാതെ തൃശൂർ വിജിലൻസ് കോടതി ഒഴിവാക്കിയത് സർക്കാരിന്റെ നയങ്ങൾക്കുള്ള അംഗീകാരം എന്നായിരുന്നു ഉമ്മൻ ചാണ്ടി വചനം. ചത്തതാണോ, കൊന്നതാണോ എന്നു നോക്കാതെ അത് തൊണ്ട തൊടാതെ അതങ്ങു വിഴുങ്ങി.
പക്ഷെ ഇങ്ങനെയൊക്കെ ആണേലും ഒരു സർക്കാർ അഭിഭാഷകന്റെ ഉത്തരവാദിത്വം, ചുമതല, കടമ എന്നിവയെക്കുറിച്ച് ഭയങ്കരമായ വിവരമുള്ള ആളാണ് അദ്ദേഹം.

Loading...

ബാർ കേസിൽ അറ്റോർണി ജനറൽ ഹാജരായപ്പോൾ അതിൽ മനംനൊന്ത് അദ്ദേഹം ഒരു അനുശോചനക്കുറിപ്പ് എഴുതിയിരുന്നു. അക്കാര്യത്തിൽ ഉണ്ടായ സുപ്രീം കോടതി ഉത്തരവ് പോലും സ്വന്തം നിലപാട് വ്യക്തമാക്കുന്നതിന് അദ്ദേഹത്തിന് മുന്നിൽ തടസ്സമായില്ല. അന്ന് സുപ്രീംകോടതിയിൽ ഉണ്ടായിരുന്നവർ കാണുകയും കേൾക്കുകയും ചെയ്യാത്ത കാര്യങ്ങൾ പോലും കൊച്ചിയിലിരുന്ന് അദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചു. മുഗൾ റോത്തഗി എന്ന മുതിർന്ന അഭിഭാഷകൻ എതിർ പക്ഷത്ത് വന്നാൽ പരിക്ക് പറ്റുമോ എന്ന വേവലാതിയാന്നതിനാധാരം എന്നാണ് നിരീക്ഷണം.ഒരേ കേസിൽ വാദിയിൽ നിന്നും പ്രതിയിൽ നിന്നും കാശു വാങ്ങുന്ന മുതിർന്ന നേതാവിനെ വക്കീലായി വെച്ചിട്ടും ഒരു വേവലാതി. സർക്കാരിന്റെ അധികാരത്തിൽ ഇടപെടേണ്ട എന്ന് കോടതി തീരുമാനിച്ചത് കൊണ്ട് അന്ന് കേസു ജയിച്ചു എന്ന് മാത്രം.

പക്ഷെ ആ ദയയൊന്നും ജസ്റ്റിസ് ഉബൈദ് കാണിച്ചില്ല. ബാർ കേസിൽ മന്ത്രി ബാബുവിനോടും, സോളാർ കേസിൽ മന്ത്രി ആര്യാടനോടും പിന്നെ സാക്ഷാൽ മുഖ്യമന്ത്രിയോടും കാട്ടിയ അനുകമ്പയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പണ്ട് ശ്രീ.നായനാർ പറയുന്ന പോലെ ”ഓൻ ഞമ്മന്റെ ആളാ’ എന്നൊരു തോന്നൽ. പക്ഷെ സകല പ്രതീക്ഷകളേയും തച്ചുതകർത്ത് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കോടതിയെ രാഷ്ട്രീയ പ്രചരണത്തിന് വേദിയാക്കരുതെന്ന ശാസന വന്നതോടെ കളി കോടതിക്കും ബോധ്യമായി എന്നർത്ഥം. മാനം മുക്കാൽ പങ്കും പോയി. ജഡ്ജിയെ പഴയ DYFI എന്നോ, പാക്കിസ്ഥാൻ ചാരനെന്നോ, ചായ കോപ്പയിലെ കുറുക്കനെന്നോ, മുള്ളിത്തെറിച്ച ബന്ധത്തിൽ ഏതെങ്കിലും പാർടി മെമ്പർ ഉണ്ടായിരുന്നെന്നോ പറയാം എന്ന് വച്ചാൽ അതിന് യാതൊരു നിർവ്വാഹവും ഇല്ല. ഈ സർക്കാർ കാലാവധി പൂർത്തീകരിച്ചത് തന്നെ ജസ്റ്റിസ് ഉബൈദിന്റെ രണ്ട് ഉത്തരവിന്റെ ബലത്തിൽ ആണല്ലൊ.

മുഖം രക്ഷിക്കാൻ ഒറ്റ മാർഗ്ഗമേ പിന്നെ ഉണ്ടായുള്ളൂ. CBl യും പിണറായിയും ഗൂഢാലോചന നടത്തി എന്നങ്ങു കാച്ചുക. പിണറായി പറഞ്ഞതനുസരിച്ചാണ് CBl അഭിഭാഷകൻ സമയം നീട്ടി ചോദിച്ചത് എന്നായി. പക്ഷെ, സംഭവിച്ചത് എന്തായിരുന്നു. സോളിസിറ്റർ ജനറൽ ഹാജരാകുവാൻ 15 ദിവസം സമയം വേണമെന്നായിരുന്നു CBI അഭിഭാഷകൻ ആവശ്യ പെട്ടത്. മാക്‌സിമം പോയാൽ മാർച്ച് 15. തെരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുവാനിരിക്കെ മാർച്ച് 15ന് കേസ് വിചാരണ നടത്തുവാൻ ഗൂഢാലോചന നടത്തിയ പിണറായി വിജയന്റെ ബുദ്ധി അപാരം തന്നെ!

സംഗതി അതൊന്നുമല്ല സർ. നിങ്ങളുടെ കള്ളക്കളി കയ്യോടെ കോടതി പിടികൂടി. നാട്ടുകാരും അറിഞ്ഞു നാണക്കേടും ആയി. ലാവലിൻ കേസിൽ പെട്ട് പിണറായി മത്സരിക്കാതിരിക്കുന്നതും, UDF ഏകപക്ഷീയമായി മേൽക്കൈ നേടുന്നതും, LDF അടിപതറുന്നതും സ്വപ്നം കണ്ടവർക്ക് പണി പാളി. താമ്രപത്രം പ്രതീക്ഷിച്ചവർക്ക് കിട്ടിയത് ചാണകവെള്ളം. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോടതിയെ വേദിയാക്കി ആപ്പിലായി എന്ന ചീത്തപ്പേരും ബാക്കി. കഴിഞ്ഞ പ്രാവശ്യം വിചാരണക്ക് വന്നപ്പോൾ പ്രാധാന്യം ഉണ്ട് എന്ന് കോടതി തന്നെ പറഞ്ഞല്ലൊ എന്നൊക്കെ വാദിച്ചു നോക്കി. അങ്ങിനെ ഉദ്ദേശിച്ചിട്ടേ ഇല്ല എന്നായിരുന്നു രേഖാമൂലം മറുപടി. കുറച്ചു കാലമായി ഏകദേശം ഇതുപോലൊരു മറുപടി നമ്മൾ കേൾക്കുവാൻ തുടങ്ങിയിട്ട്. മുൻപ് പറഞ്ഞതിനെ കുറിച്ച് ചോദിച്ചാൽ ഉടനെ വരും മറുപടി, ‘അങ്ങനെ പറഞ്ഞതിന് തെളിവുണ്ടോ?’ കൊടുത്താൽ എവിടുന്നെങ്കിലും കിട്ടും എന്ന കാര്യം ഉറപ്പായി.

എങ്ങിനെ പോയാലും കേസ് ഇനി തെരഞ്ഞെടുപ്പിന് മുമ്പ് വരാനിടയില്ല. രണ്ട് മാസം കഴിയുമ്പോഴേക്കും കോടതിക്ക് വേനലവധി ആയി. അതവസാനിക്കുമ്പോഴേക്കും തെരഞ്ഞെടുപ്പും കഴിയും. പുതിയ സർക്കാരിനാകട്ടെ ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ട ഗതികേടൊന്നും ഇല്ല. എന്തെന്നാൽ, ലാവലിൻ കേസിൽ പ്രാധാന്യം ഇല്ല എന്ന് ഫയലിൽ കുറിച്ച് ഇപ്പൊഴേ ഒപ്പുവച്ചിട്ടുണ്ടത്രെ. ആഭ്യന്തര വകുപ്പു മന്ത്രിയും സെക്രട്ടറിയും. അവർക്ക് പിന്നെന്താ പാട് !