ഇതും സ്ത്രീശാക്തീകരണമോ..

ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര

മേയ് ദിനത്തിലെ ആശംസകളുടെ കൂട്ടത്തിൽ ഒരു ആശംസ എന്നെ വല്ലാതെ അലട്ടിയതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു കുടുംബത്തിലെ അഥവാ ഭവനത്തിലെ സ്ത്രീകൾ അമ്മമാർ ഉൾപ്പെടെ അവിടെ ചെയ്യുന്ന ജോലികൾക്കൊന്നും പ്രതിഫലം ലഭിക്കുന്നില്ല എന്നും പ്രതിഫലം ലഭിക്കാതെ പണിയെടുക്കുന്ന ആ സ്‌ത്രീ തൊഴിലാളികൾ സംഘടിച്ച് തങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തുള്ളതായിരുന്നു ആ പോസ്റ്റ്.

Loading...

എവിടേക്കാണ് ഇത്തരം ആഹ്വാനങ്ങൾ കുടുംബത്തെയും സമൂഹത്തെയും കൊണ്ട് എത്തിക്കുന്നത് എന്നു ചിന്തിച്ചപ്പോൾ ഈ പ്രതികരണം എഴുതണമെന്ന് തോന്നി.സ്ത്രീകളുടെ കുടുംബത്തിലെ അവകാശങ്ങൾക്കു വേണ്ടി വാദിച്ചും സമരം ചെയ്തും ഇന്ന് living together എന്നതിലേക്ക് ചെറുപ്പക്കാരുടെ മനസുകളെ തളക്കുകയും ആജീവനാന്ത കുടുംബം എന്ന സങ്കല്പത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്തു കഴിഞ്ഞു.കുടുംബം എന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിനും നന്മയുള്ള സമൂഹത്തിനും അതുവഴി രാജ്യത്തിന്റെ കെട്ടുറപ്പിനും ആവശ്യമാണ്. ആ സത്യമുള്ള സാമൂഹ്യ അവസ്ഥ ഇന്നുണ്ടായതല്ല. പുരാതന കാലം മുതൽ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ നിലനിന്നു പൊരുന്നതാണ്.കൂടാതെ അതു ദൈവനിശ്ചയവും ആകുന്നു. അങ്ങനെ നിലനിന്നു വരുന്ന മഹത്തായ വ്യവസ്ഥിതിയെ ആണ് തകർക്കാൻ വേണ്ടി ഇന്ന് സ്ത്രീ ശാക്തീകരണമെന്നോ സ്‌ത്രീയുടെ അവകാശമെന്നോ ഒക്കെ പറഞ്ഞു നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അതു ഇന്ന് നമ്മെ എവിടെ കൊണ്ടെത്തിച്ചു. ആ അവകാശബോധം തലക്ക് പിടിച്ച ഭാര്യക്ക് ഭർത്താവിനോടോ തിരിച്ചോ സ്നേഹവും കടപ്പാടും ഇല്ലാത്ത മാനസിക നിലയിൽ അവരെ കൊണ്ടെത്തിച്ചു കഴിഞ്ഞു. അതുമൂലം അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും തകർച്ചയിലേക്കുള്ള വഴിയിൽ വളരുന്നു. തങ്ങളുടെ ശരീരം വിവാഹത്തിലൂടെ പങ്കാളിയായ വ്യക്തി ഉപയോഗിച്ചതിന്റെ പ്രതിഫലത്തിന്റെ കണക്ക് ചോദിച്ചു വാങ്ങുന്ന വിവാഹ മോചനങ്ങളും നമ്മുടെ തലമുറയിൽ കണ്ടു തുടങ്ങിയിരിക്കുന്നു.ഇന്ന് കുടുംബം കെട്ടിപ്പടുക്കൻ ആഗ്രഹിക്കുന്നവർക്കു പോലും എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതായി. തന്റെ ജീവിതപങ്കാളിയായി വരുന്ന ആൾ എത്ര നാൾ കൂടെ ഉണ്ടാകുമെന്നു നിശ്ചയമില്ലാത്ത വല്ലാത്ത ഒരു അവസ്ഥ.

അങ്ങനെയുള്ള മാനസികനിലയിൽ വിവാഹിതരായാൽ പോലും ഭർത്താവിനും ഭാര്യക്കും അന്യോന്യം മനസ്സിലാക്കാൻ പറ്റാത്ത ദയനീയമായ അവസ്ഥ.അവരിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അതിലേറെ കഷ്ടത്തിലുമാകുന്നു.അവർ അരക്ഷിത ബോധത്തിൽ വളരുകയും മാതാപിതാക്കളെ എന്നല്ല സകലതിനെയും തച്ചുടക്കാനും നശിപ്പിച്ചു കളയാനും ഉള്ള മാനസികനിലയിൽ എത്തുകയും താൻ ആർക്കു വേണ്ടി സമ്പാദിക്കണം, എന്തിനു വേണ്ടി സമ്പാദിക്കണം, കിടന്നു പോയാൽ നോക്കാനും സംരക്ഷിക്കാനും ആരുണ്ട് എന്നൊക്കെയുള്ള വ്യാകുലതകളിൽ മനസ്സ് വ്യാപരിക്കുകയും കുടുംബത്തെ വിട്ടു മറ്റു (വ്യാജത്തിൽ കലാശിക്കുന്ന ) സ്നേഹങ്ങൾ തേടി അലയുകയും ചെയ്യുന്നു.മക്കൾ സ്നേഹം കിട്ടാത്ത അരക്ഷിത ബോധത്തിൽ വളർത്തപ്പെടുന്നതിനാൽ കുടുംബത്തിനു കിട്ടേണ്ട അനുഗ്രഹങ്ങൾ കിട്ടാതെ വരുകയും അവ രാജ്യത്തിന് കിട്ടാക്കനികളാകുക മാത്രമല്ല നാശത്തിലേക്ക് കുതിക്കുന്ന തലമുറകൾ ഉള്ള മോശപ്പെട്ട രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്ന കണ്ണികൾ ആവുകയും ചെയ്യുന്നു.

കുടുംബത്തെ തൊഴിൽ ചെയ്യുന്ന ഒരു സ്ഥാപനമായി തരം താഴ്ത്തുമ്പോൾ ഭർത്താവും ഭാര്യയും അന്യോന്യം പകർന്നു നൽകിയ സ്നേഹത്തിന്റെയും ശാരീരിക സുഖത്തിന്റെയും കണക്കുകൾക്കു കൂടി പ്രതിഫലത്തുക നിശ്ചയിച്ചാൽ പിന്നെ അധികകാലമൊന്നും നോക്കിയിരിക്കേണ്ടി വരില്ല.അതിന്റെ കണക്കു കൂടി സൂക്ഷിച്ചു മാസാമാസം ലഭിക്കേണ്ട പ്രതിഫലത്തുക കൈപ്പറ്റുക.അപ്പോൾ എല്ലാം തികയും.അങ്ങനെ കുടുംബത്തതിന്റെ ബാക്കിയുള്ള അസ്ഥിവാരം കൂടി തോണ്ടാവുന്നതാണ്.സ്‌ത്രീയ്ക്ക് ഭർത്താവിൽ നിന്നു കിട്ടിയ രതിമൂർച്ചയുടെയും പുരുഷൻ ഭാര്യയുടെ ശരീരം ഉപയോഗിച്ചു അനുഭവിച്ച രതിസുഖത്തിന്റെയും കണക്കുകൾ സൂക്ഷിക്കുന്ന കുടുംബനിലവാരത്തിനായി ഈ സ്വാതന്ത്ര്യ വാദികൾ മുന്നോട്ടു പോകുമെങ്കിൽ ആ ദിനം ഉറക്കെ പാടണം…..കുടുംബ (ത്തിലെ) സ്ത്രീ തൊഴിലാളികളെ സംഘടിക്കുവീൻ……സംഘടിച്ചു സംഘടിച്ചു ശക്തരാകുവീൻ….

അതിനു മുൻനിരയിൽ നിൽക്കാൻ കരുത്തുള്ള നേതാക്കളും ഇന്നു വളർന്നു വന്നു കഴിഞ്ഞു.എങ്കിലും ഒന്നോർത്തു കൊള്ളുക…ഇന്നത്തെ കുടുംബം എന്ന വ്യവസ്ഥിതിയെ തകർത്ത ശേഷം അതു തിരിച്ചു പിടിക്കുക തികച്ചും ദുഷ്കരമാകും.കാരണം കുടുംബങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രബല രാജ്യമോ പിൻകാലങ്ങളിൽ നല്ല പ്രജകളോ അങ്ങനെ നശിക്കുന്ന ഒരിടത്തും ഉണ്ടാകില്ലല്ലോ.സ്ത്രീ ശാക്തീകരണത്തിനു വേണ്ടി കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും ശിഥിലമാക്കുന്ന ഒരു നിയമവും ഉണ്ടാകരുത്.ഉണ്ടാക്കിയവ പിൻവലിക്കുകയും വേണം ആത്യന്തികമായി രാജ്യതാത്പര്യത്തിനു വേണ്ടി അതു ചെയ്യേണ്ടതുമാണ്