വ്യോമപാത അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിട്ടും സുഷമ സ്വരാജ് പാക്കിസ്ഥാനു മുകളിലൂടെ പറന്നു

പാക്കിസ്ഥാന്റെ വ്യോമപാതകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതിനെ തുടര്‍ന്ന് ഇന്ത്യ-പാക്ക് അതിര്‍ത്തി വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

ചില സര്‍വീസുകള്‍ വഴിമാറി പറക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതല്‍ ഏഴു കോടി വരെ നഷ്ടം നേരിടുന്നുണ്ട്.

Loading...

ബാലാക്കോട്ടിലെ ഭീകരക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷമാണ് പാക്കിസ്ഥാന്റെ വ്യോമപാതകള്‍ അടച്ചിട്ടത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനു മുകളിലൂടെ പറന്നു. ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കസാക്കിസ്ഥാനില്‍ നടന്ന എസ്സിഒ ഉച്ചക്കോടിയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചത്.

കൂടുതല്‍ സമയം യാത്ര ഒഴിവാക്കാന്‍ വേണ്ടിയാണ് സുഷമ സ്വരാജ് പാക്കിസ്ഥാന്റെ വ്യോമപാത തിരഞ്ഞെടുത്തത്. ഇതിലൂടെ എട്ടു മണിക്കൂര്‍ യാത്ര നാലു മണിക്കൂറായി ചുരുക്കാന്‍ സാധിച്ചു. വ്യോമസേനയുടെ പ്രത്യേകം വിമാനത്തിലാണ് സുഷമ സ്വരാജ് യാത്ര ചെയ്തത്.

ഇന്ത്യയില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ചാണ് സുഷമ സ്വരാജിന് വ്യോമപാത അനുവദിച്ചതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, സുഷമ സ്വരാജിനു പിന്നാലെ ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്റെ വ്യോമപാത വഴി പറന്നേക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ 13 മുതല്‍ 14 വരെ നടക്കുന്ന എസ്സിഒ ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ മോദിയും ഈ വഴി യാത്ര ചെയ്യുമെന്നാണ് വിവരം.