ചാലക്കുടി: എത്ര വലിയ ആളാണെങ്കിലും ഋഷിരാജ് സിംഗിന് വിഷയമല്ല. വൈദ്യുതി വകുപ്പിലെത്തിയപ്പോഴും അത് അങ്ങനെ തന്നെ. സിനിമ താരം കലാഭവന്‍ മണിയാണ് ഒടുവില്‍ കുടുങ്ങിയത്.  നടന്‍ കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം തന്നെ. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് നടത്തിയ അന്വേഷണത്തിലാണ് മണിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയത്. മണിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസിലാണ് വന്‍ വൈദ്യുതി മോഷണം കണ്ടെത്തിയത്. വൈദ്യുതി ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും മണിക്കുണ്ടായിരുന്നു. വര്‍ഷങ്ങളായി ഇവിടെ വൈദ്യുതി മോഷണം പതിവാണെന്നാണ് വകുപ്പ് നല്‍കുന്ന വിവരം.

കഴിഞ്ഞയാഴ്ചയാണ് മണിയുടെ ഗസ്റ്റ് ഹൗസില്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സ്‌ക്വാഡിനെ തടഞ്ഞാല്‍ ഗുരുതരമായ ഭവിഷത്തുണ്ടാകുമെന്ന് ഋഷിരാജ് അറിയിച്ചതിനെത്തുടര്‍ന്ന് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നവര്‍ പിന്മാറുകയായിരുന്നു.ഇതോടെ റെയ്ഡ് സുഗമമാവുകയിരുന്നു. സിങ്കത്തിന്റെ അറസ്റ്റ് ഭീഷണി ഏറ്റതോടെ നേരത്തെ വനപാലകരെ മര്‍ദ്ദിച്ച കേസിനേക്കാള്‍ കുരുക്കായി ഇതുമാറുമെന്ന് മണിക്കും ബോധ്യമായി. ഇതോടെയാണ് പിഴയടച്ച് നല്ലപിള്ളയാകാമെന്ന നിലയിലേക്ക് കലാഭവന്‍ മണി എത്തിയത്.

Loading...

അതേസമയം കെഎസ്ഇബിയും ഋഷിരാജ് സിങും വൈദ്യുതി മോഷണം തടയാന്‍ രംഗത്തിറങ്ങിയപ്പോള്‍ പിടികൂടിയത് മാര്‍ച്ച് മാസം വരെ 6475 കേസുകള്‍, പിഴയിലൂടെ ബോര്‍ഡിലേക്കെത്തിയത് 19.68 കോടി രൂപയും. വൈദ്യുതി മോഷണവും ദുരുപയോഗവും തടയുന്നതിനായി വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പതിമൂന്ന് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡുകള്‍, ഇതിന്റെ കീഴില്‍ രൂപീകരിച്ച സെക്ഷന്‍, ഡിവിഷന്‍ സ്‌ക്വാഡുകളും റീജണല്‍ ഫാഡിറ്റ് ഓഫീസില്‍ നിന്നുള്ള സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവയും ചേര്‍ന്നാണ് കോടികള്‍ ബോര്‍ഡിലേക്കെത്തിച്ചത്. ഇവര്‍ തന്നെയാണ് കലാഭവന്‍ മണിക്കും വിനയായത്. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദക്ഷിണ മേഖലയില്‍ നിന്നു് 1289 വൈദ്യുതി മോഷണങ്ങള്‍ കണ്ടെത്തി, 7.04 കോടി രൂപ ഈടാക്കി. മധ്യമേഖലയില്‍ നിന്ന് 1337 മോഷണങ്ങള്‍ പിടികൂടി, 5.96കോടി രൂപ പിഴ ഈടാക്കി. ഉത്തര മേഖലയില്‍ നിന്നും 3715 മോഷണങ്ങളാണ് പിടികൂടിയത് ഇതിന്റെ പിഴയായി 6.68 കോടി രൂപ ബോര്‍ഡിലേക്കെത്തി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മോഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യാപാരസ്ഥാപനങ്ങളേക്കാള്‍ വൈദ്യുതി മോഷണം നടത്തുന്നത് ഗാര്‍ഹിക ഉപയോക്താക്കളാണ്. പാവപ്പെട്ടവരേക്കാള്‍ സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ് കുടുങ്ങിയവരില്‍ കൂടുതലും.

മുന്പ് മുന്‍ മന്ത്രി ടിഎച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണവും ഋഷിരാജ് സിംഗ് പിടിച്ചിരുന്നു. സ്‌ക്വാഡുകളുടെ രൂപീകരണത്തോടെ ഭീമമായ വൈദ്യുതി മോഷണം തടയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. വൈദ്യുതി ചോര്‍ച്ച തടയുന്നതിനായി മീറ്ററില്‍ കൃത്രിമം നടത്തിയാല്‍ അക്കാര്യം രേഖപ്പെടുത്തുന്ന മീറ്ററുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മീറ്റര്‍ തുറന്നുള്ള മോഷണം തടയുന്നതിനായി സംസ്ഥാനത്തുള്ള എല്ലാ മീറ്ററുകളും പോളികാര്‍ബണേറ്റ് സീലുകള്‍ ഉപയോഗിച്ച് അടുത്ത മൂന്നുമാസത്തിനുള്ളില്‍ സീല്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടക്കുന്ന വൈദ്യുതി മോഷണവും ദുരുപയോഗവും പൂര്‍ണമായി തടയാനാണ് കെഎസ്ഇബിയുടെ പദ്ധതി.