സുമനസ്സുകളുടെ സഹായം തേടി മീന എന്ന എഴുത്തുകാരി കാത്തിരിക്കുന്നു

മീനയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘മുഷിഞ്ഞ ദാരിദ്ര്യത്തിന്റെ കരിന്തിരി പുകയുന്ന കാലമാണിത്’. രോഗത്തിന്റെ ദുരിതവും, ദാരിദ്രവും വേട്ടയാടുന്നു. പക്ഷേ, മീന പ്രതീക്ഷ കൈവിടുന്നില്ല. എവിടെയോ ഒരു നുറുങ്ങുവെട്ടം അവര്‍ കാണുന്നു. കഥാകാരിയും, പത്രപ്രവര്‍ത്തകയും, അധ്യാപികയുമൊക്കെയായിരുന്നു ഫിലോമിന എന്ന മീന.

പക്ഷേ, ഈ 53 കാരിയെ അങ്ങനെയാരും അറിയുന്നില്ല. കയറിക്കിടക്കാനിടമില്ലാതെ, മരുന്നുവാങ്ങാന്‍ പണമില്ലാതെ, ഭക്ഷണത്തിനു പോലും വകയില്ലാതെ രോഗിയായി അവര്‍ ഇവിടെ ജീവിക്കുന്നു. ഫോര്‍ട്ടുകൊച്ചിക്കാരിയാണ് മീന. മീനയുടെ നാലു നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടെണ്ണം പ്രസിദ്ധീകരിച്ചത് എന്‍.ബി.എസ്സാണ്.ചിത, ചാമ്പല്‍, മൂകരാഗം, മുകില്‍ എന്നിവയാണ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ നോവലുകള്‍. കര്‍മ്മ വേദിയിലെ ദാര്‍ശിനികന്‍ എന്ന മറ്റൊരു ഗ്രന്ഥവുമുണ്ട്.

Loading...

മഹാരാജാസ് കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും, കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവുമെടുത്ത മീന കുറെക്കാലം അധ്യാപികയായിരുന്നു. ഈ സമയത്താണ് അവര്‍ രോഗങ്ങള്‍ക്ക് അടിമയാകുന്നത്.

ഹൃദയവും, ശ്വാസകോശവും ഇടയ്ക്കിടെ പണിമുടക്കി. രോഗങ്ങളെ വക വെയ്ക്കാതെ വീണ്ടും പഠിക്കാനാണ് മീന ശ്രമിച്ചത്. ജേര്‍ണലിസം പഠിച്ചശേഷം അവര്‍ ബാംഗ്‌ളൂര്‍ക്ക് പോയി. അവിടെയായിരുന്നു പത്രപ്രവര്‍ത്തനം. ഇടയ്ക്ക് കൊച്ചിയില്‍ തിരിച്ചെത്തി. ചില പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തു.

പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ മീന, ഹിജഡകളുടെ ജീവിതത്തെക്കുറിച്ച് പഠിച്ചു. ഫീച്ചറിനൊപ്പം, ഒരു നോവെലെറ്റും അവര്‍ എഴുതി. ‘കഥ’ വാരികയില്‍ പ്രസിദ്ധീകരിച്ച ഈ നോവലെറ്റ് പുസ്തകമാക്കാനുള്ള ശ്രമം പാതിവഴി മുടങ്ങി. ഡോക്ടര്‍ ഭാസ്‌കരന്‍ നായരാണ് ഇതിന് അവതാരിക എഴുതിയത്.

ഒരുപാട് കഥകള്‍ മീന എഴുതി. ആനുകാലികങ്ങളില്‍ പലതും പ്രസിദ്ധീകരിച്ചു. രോഗം രണ്ടു തവണ അവരെ വീഴ്ത്തി. ഹൃദയ ശസ്ത്രക്രിയയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലാണ് ചികിത്സ. ശസ്ത്രക്രിയയ്ക്ക് അഞ്ചുലക്ഷം രൂപയോളം െചലവുവരും. ഈ തുകയെക്കുറിച്ച് മീനയ്ക്ക് ചിന്തിക്കാനാവില്ല.

വിവാഹം കഴിച്ചിട്ടില്ല ഒറ്റപ്പെട്ട നിലയിലാണ്. ചികിത്സക്കു വേണ്ടിയാണ് ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്നത്. ഇപ്പോള്‍ കൊച്ചിയില്‍ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നു. അതെത്ര ദിവസമെന്ന് മീനയ്ക്ക് നിശ്ചയമില്ല. പക്ഷേ, പ്രതീക്ഷയുടെ ഒരു തിരിവെട്ടം മീന ഇപ്പോഴും മനസ്സില്‍ കാണുന്നു. എഴുതി തീര്‍ന്ന ചിലകഥകള്‍ മാത്രമാണ് കൈയിലുള്ളത്.

മീനയുടെ ചികിത്സയ്ക്കു വേണ്ടി ഫോര്‍ട്ടുകൊച്ചിയില്‍ കൊച്ചി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്റെ നേതൃത്വത്തില്‍ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായിക്കാന്‍ ആരെങ്കിലും എത്താതിരിക്കില്ല. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മീന.ഫോണ്‍: 9037571226.