ഗൾഫിൽ മലയാളി ദമ്പതികളുടെ ക്രൂരപീഢനത്തിനു ഇരയായ കൊല്ലം സ്വദേശിനി തിരിച്ചെത്തി.

മസ്‌കറ്റ് : മലയാളിയുടെ വീട്ടില്‍ പീഡനത്തിന് ഇരയായ ജോലിക്കാരി എംബസിയുടെ സഹായത്തോടെ നാടണഞ്ഞു. കൊല്ലം സ്വദേശിനിയായ അന്‍പത്തിരണ്ടുകാരിയാണ് പൊള്ളലിന്റെയും മുറിവിന്റെയും പാടുകളുമായി നാട്ടിലെത്തിയത്.കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാരുടെ വീട്ടില്‍ നിന്നാണ് ക്രൂരപീഡനത്തിന്റെ കഥ. പീഡനത്തെക്കുറിച്ച് ജോലിക്കാരി എഴുതിയ കത്ത് സാമൂഹിക പ്രവര്‍ത്തകരുടെ ൈകയില്‍ എത്തിയതാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്.

നാലുമാസം മുന്‍പാണ് ഇവര്‍ ദമ്പതികളുടെ വീട്ടുജോലിക്കായി മസ്‌കറ്റില്‍ എത്തുന്നത്. പ്രമേഹ രോഗി കൂടി ആയ ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും നല്‍കാറില്ലായിരുന്നു. പുലര്‍ച്ചെ മുതല്‍ക്ക് രാത്രി ഏറെ വൈകുന്നത് വരെ ജോലി ചെയ്യുമ്പോഴും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കൊടുത്തിരുന്നതെന്ന് ഇവര്‍ പറയുന്നു.

Loading...

അടുത്തതാമസക്കാരോട് സഹായം അഭ്യര്‍ഥിച്ചുവെങ്കിലും പിടിച്ചുകൊണ്ടുവന്ന് വീട്ടിലിട്ട് പൂട്ടിയിടുകയായിരുന്നുവെന്ന് ജോലിക്കാരി ആരോപിച്ചു. പ്രമേഹ രോഗത്തിന്റെ ചികിത്സയ്ക്ക് ആസ്പത്രിയില്‍ കൊണ്ടുപോകുമായിരുന്നെങ്കിലും മരുന്ന് കഴിക്കാന്‍ അനുവദിക്കുമായിരുന്നില്ല. ജോലിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പോള്ളലേല്‍പ്പിക്കയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. ആപ്പിള്‍ മുറിച്ചു കൊടുക്കാന്‍ വൈകിയതിന് വീട്ടുകാരന്‍ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചുവെന്നും ഭാര്യ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് കൈകളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ൈകയില്‍ മുറിവുണ്ടായി.

മുറിവുകളുടെ ചികിത്സയ്ക്ക് ആസ്പത്രിയില്‍ എത്തിയപ്പോള്‍ ഇവര്‍ ഉപേക്ഷിച്ചിട്ട കത്ത് സാമൂഹികപ്രവര്‍ത്തകരുടെ കയ്യില്‍ കിട്ടിയതാണ് പീഡനത്തില്‍ നിന്ന് രക്ഷാമാര്‍ഗം ഒരുക്കാന്‍ സാഹചര്യം ഉണ്ടാക്കിയത്. സാമൂഹികപ്രവര്‍ത്തകര്‍ ഇത് എംബസിയില്‍ ഏല്‍പ്പിച്ചു . എംബസിയുടെ ഫലപ്രദമായ ഇടപെടലുകളെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഇവര്‍ നാടണഞ്ഞു. മകളുടെ വിവാഹത്തെത്തുടര്‍ന്നുള്ള കടബാധ്യത തീര്‍ക്കാന്‍ ആണ് ഇവര്‍ തൊഴില്‍ വിസയില്‍ ഇവിടെ എത്തിയത്. വീട്ടുകാരന്റെ പേരില്‍ തന്നെ ആണ് തൊഴില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ദമ്പതിമാരുടെ വീട്ടില്‍ മുമ്പുണ്ടായിരുന്ന മലയാളി വീട്ടുജോലിക്കാരിയും പീഡനത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയതായി അറിയാന്‍ കഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. വിദേശരാജ്യത്ത് തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇവര്‍ കേരള വനിതാ കമീഷനിലും കൊല്ലം എസ്.പി. ഓഫീസിലും പരാതി നല്‍കിയിട്ടുണ്ട്.