രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ദൃശ്യങ്ങള്‍ സഹിതം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി ബിജെപി

തിരുവനന്തപുരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതായി ബിജെപി നേതാവ് വിവി രാജേഷ്. 1000 കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാര്‍ച്ചിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വിട്ടു. മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമ്മോറിയല്‍ ഹാളിലും കുടപ്പനക്കുന്ന് തീര്‍ത്ഥ ഓഡിറ്റോറിയത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നുവെന്നും ബിജെപി വ്യക്തമാക്കുന്നു.

ജോലി സമയത്താണ് പലരും യോഗത്തിന് എത്തിയത്. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ മൂന്ന് ബസുകളില് രണ്ട് തവണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും രാജ്ഭവനിലേക്ക് എത്തിയിരുന്നുവെന്നും വിവി രാജേഷ് പറയുന്നു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്‌ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

സര്‍വ്വീസ് കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കരുതെന്നാണ് ചട്ടം. ഇത് സംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത വഴി സ്വീകരിക്കും. ഇതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും വിവി രാജേഷ് പറഞ്ഞു.