ദോഹ: ഖത്തറില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെടുന്നവര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തിരിച്ചറിയല്‍ രേഖ നഷ്ടമാവുകയും ആറു മാസത്തിനകം ഖത്തറില്‍ തിരിച്ചു വരികയുമാണെങ്കില്‍ ഇത്തരക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാവുന്നതിന് മന്ത്രാലയം പകരം സംവിധാനം ഏര്‍പെടുത്തി.

വിദേശികള്‍ക്ക് നല്‍കുന്ന പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എപ്പോഴും കയ്യില്‍ സൂക്ഷിക്കണമെന്നും രാജ്യത്തിന് പുറത്തു വെച്ച് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ നിര്‍ബന്ധമായും ചില നിബന്ധനകള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. തിരിച്ചറിയല്‍ രേഖ നഷ്ടപ്പെടുകയോ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കയ്യില്‍ കരുതാതിരിക്കുകയോ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട നടപടി ക്രമങ്ങളും സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ട്.

Loading...

തിരിച്ചറിയല്‍ രേഖ നഷ്ടമാവുകയും ആറു മാസത്തിനകം ഖത്തറില്‍ തിരിച്ചു വരികയുമാണെങ്കില്‍ ഇത്തരക്കാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചു തന്നെ സ്‌പോണ്‍സറുടെ സഹായമില്ലാതെ പകരം താമസ രേഖ എന്നാല്‍ 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു താമസിക്കുകയും മടങ്ങി വരികയും ചെയ്യുന്നവരാണെങ്കില്‍ തിരിച്ചു വരാനുള്ള വിസക്കായി തൊഴിലുടമയെയോ സ്‌പോണ്‍സറെയോ ബന്ധപ്പെടേണ്ടി വരും.

കൂടാതെ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ടു നല്‍കുകയും ഇമിഗ്രേഷന്‍ വിഭാഗത്തില്‍ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തുകയും വേണം. സ്‌പോണ്‍സര്‍ തിരിച്ചു വരാനുള്ള വിസ അനുവദിക്കാതിരുന്നാല്‍ താമസ നിയമത്തിന്റെ ലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ക്ക് തൊഴിലുടമക്കെതിരെ അധികൃതരെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനും അവകാശമുണ്ടായിരിക്കും.

എന്നാല്‍ ഏതു സാഹചര്യത്തിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടും താമസ രേഖകയും സൂക്ഷിച്ചിരിക്കനമെന്നും യാത്ര ചെയ്യുമ്പോള്‍ ഇവ കയ്യില്‍ കരുതണമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് പുതുതായി നിലവില്‍ വന്ന രീതിയനുസരിച്ച് പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനു പകരം എല്ലാ വിവരങ്ങളും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുന്നത്. അതിനാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പഴയ തിരിച്ചറിയല്‍ കാര്‍ഡ് യാത്രാ രേഖയായി പരിഗണിക്കാതിരുന്നതിനാല്‍ നാട്ടില്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നില്ല.