ഓര്‍മ്മക്കുറിപ്പ്

ടോം …

Loading...

അതായിരുന്നു അവന്‍റെ പേര്, ആരാണ് അവനെ ആദ്യം അങ്ങിനെ വിളിച്ചത് എന്നെനിക്കറിയില്ല, ഞങ്ങളുടെ കമ്പനിയുടെ കോമ്പൌണ്ട് വാളിനു ചുറ്റുമായിരുന്നു കുറെ കാലമായിട്ടു അവന്റെ ലോകം,

എവിടുന്നോ ചാടി വന്നതാണ്, കണ്ടാലേ അറിയാം ഏതോ നല്ല കുടുംബത്തിൽ പിറന്നതാണെന്നു, അധികം ശബ്ദത്തിൽ കുരക്കില്ല. റോഡിലൂടെ പോകുന്ന വണ്ടികൾക്ക് പിറകെ കുറച്ചു നേരം ഓടും, അവൻ തന്നെ നിശ്ചയിച്ച അവന്റെ അതിർത്തി എത്തിയാൽ തിരിച്ചു ഇങ്ങോട്ട് തന്നെ പോരും………

ഒരു ദിവസം അവൻ ഞങ്ങളെ ഫാക്ടറിയിലെ ഒരു എന്ജിനിയരെ ഒന്ന് മാന്തി, പിറ്റേ ദിവസം ഫാക്ടറിയിലെ തന്നെ ഒരു ഓപറേറ്ററെയും.. മൂന്നാമത്തെ ദിവസം കടയിലേക്ക് പോവുകയായിരുന്ന എന്നെ മാന്താൻ വന്നപ്പോൾ ഞാൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു .. ബ്രോ… ഞാൻ ഫാക്ടറിയിലെ സ്റ്റാഫ് അല്ല. ഞാൻ സ്റ്റോറിൽ ആണ് വർക്ക്‌ ചെയ്യുന്നതെന്ന്. അവൻ വന്നത് പോലെ തിരിച്ചു പോയി ..

സത്യം പറഞ്ഞാൽ എനിക്ക് പട്ടികളെയും, പൂച്ചകളേയുമൊന്നും ഇഷ്ട്ടമില്ല, കോഴികളെ ഇഷ്ട്ടമാണ്. ടോമിനെ സ്വന്തം മകനെ പോലെ നോക്കിയിരുന്നത് ഞങ്ങളുടെ കമ്പനിയുടെ രാത്രി കാവൽക്കാരൻ ആയിരുന്നു. അവര് രണ്ടും നല്ല കൂട്ടായിരുന്നു.

രാത്രി പുറത്തൊക്കെ പോയി വൈകി വരുമ്പോൾ കാണാം പാർക്കിങ്ങിനു വേണ്ടി വരിയായി വച്ച മഞ്ഞയും കറുപ്പും നിറങ്ങളിലുള്ള കൊണ്ക്രീറ്റ് കട്ടകളിൽ ഏതെങ്കിലും ഒന്നിലിരിക്കുന്ന കാവൽകാരനേയും, അയാളുടെ കാലിനടുത്തിരിക്കുന്ന ടോമിനെയും,

ചൂടായാലും, മഴയായാലും, മഞ്ഞായാലും എല്ലാം അവര് രണ്ടുപേരും അവിടെയുണ്ടാകും, ഇടയ്ക്കു അയാൾ ടോർച്ചടിക്കുമ്പോൾ ആ വെളിച്ചം തട്ടി നില്ക്കുന്ന അതുവരെ ടോം ഓടി പോവും, അയാൾ ടോർച്ച് ഓഫാക്കിയാൽ പിണക്കം നടിച്ചുകൊണ്ട്‌ അയാളുടെ അടുത്തേക്ക്‌ ഓടിവരും..

അവരുടെതായ ഭാഷയിൽ അവർ എന്തൊക്കെയോ സംസാരിക്കുന്നത് കാണാം, കേൾക്കാൻ ഒരു അമ്പിളി മാമനും, കുറെ നക്ഷത്രങ്ങളുമുണ്ടാകും .. ഏകാന്തത അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു വിചിത്ര ഭാഷ രൂപപ്പെടുത്തിയിരിക്കുന്നു.

രണ്ടു ദിവസം മുന്നേ വൈകീട്ട് ഡ്യുട്ടിക്കെത്തിയ ഞാൻ ഒരു ചായയും കുടിച്ചു പുറത്തു നിൽക്കുമ്പോൾ ഒരു പോലീസ് വണ്ടി കമ്പനി കോമ്പൌണ്ടിൽ വന്നു നിന്നു. അവിടെ എവിടെയോ ഉണ്ടായിരുന്ന ടോം അങ്ങോട്ട്‌ ഓടി വന്നു. പോലീസ് വണ്ടിയുടെ നമ്പർ പ്ലേറ്റിനു എന്തോ പ്രത്യേകത തോന്നിയ ഞാൻ വണ്ടിയിലേക്ക് തന്നെ നോക്കി നിന്നു.

പോലീസ് ലാൻഡ്ക്രൂയിസറിന്റെ ഗ്ലാസ് താന്നു, ഒരു ഇരട്ട കുഴൽ തോക്ക് പുറത്തേക്കു വന്നു, ടോം അപകടം മണത്തു. അവൻ രണ്ടടി പിറകോട്ടു വെച്ചു. ലാൻഡ് ക്രൂയിസറിൽ നിന്നും കറുത്ത ടീ ഷർട്ടും, കാർഗോ പാന്റും ധരിച്ച രണ്ടു പേർ പുറത്തിറങ്ങി,

തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെയും, പട്ടികളേയുമൊക്കെ വെടി വെച്ചു കൊല്ലുന്ന പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു അവർ. പൊതുജനങ്ങളുടെ സുരക്ഷക്ക് അത്രയും പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടത്തെ ഭരണകർത്താക്കൾ. ചിലപ്പോൾ ടോം പിറകെ ഓടിയ ഏതെങ്കിലും വണ്ടിക്കാരൻ പരാതി കൊടുത്തതാവും.

മതിലിനോട് ചേർന്ന് വെച്ച തണൽ മരങ്ങൾക്കിടയിലൂടെ ടോം ഒന്ന് ഓടാൻ ശ്രമിച്ചു, ഒരു ഉദ്യോഗസ്ഥന്‍ പെട്ടെന്ന് അവനു മുന്നിൽ തടസ്സമായി നിന്നു, തിരിച്ചു ആദ്യം നിന്നിടത്തേക്ക് തന്നെ വന്നു തോൽവി സമ്മതിച്ചു ടോം ഒരു പരാജിതനെ പോലെ തല താഴ്ത്തി നിന്നു.

തോക്കുള്ള ഉദ്യോഗസ്ഥന്‍ ഉന്നം പിടിച്ചു, ട്ടോ !!!!! ഒറ്റ വെടി, ടോം മണ്ണിലേക്ക് മറിഞ്ഞു വീണു, ഒന്ന് പിടയ്ക്കുക പോലും ചെയ്തില്ല പാവം. വെടിയുണ്ടയിൽ എന്തോ വിഷം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

എത്രയോ കോഴികളെ അറുക്കാൻ ഞാൻ പിടിച്ചു കൊടുത്തിട്ടുണ്ട്, ആടിനെയും അറുക്കാൻ സഹായിച്ചിട്ടുണ്ട്, പോത്തിനെ അറക്കുന്നത്‌കണ്ടു നിന്നിട്ടുണ്ട്. അന്നൊന്നും എനിക്കൊരു സങ്കടവും തോന്നിയിട്ടില്ല. പക്ഷെ ഈ കാഴ്ച്ച…ഹോ..

ഒരൊറ്റ വെടിയിൽ ഒരു ജീവൻ………..ഒന്ന് പിടക്കാൻ പോലുമാവാതെ !! എത്രയോ മനുഷ്യ ജീവനുകളും ദിവസവും ഇതേ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങിനെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ നേരെ വെടി വെക്കാൻ കൈ ഉറക്കുന്നത്?എനിക്ക് എന്തായാലും കഴിയില്ല.

ഉദ്ധ്യോഗസ്ഥർ പോയി, ഞാൻ രണ്ടു പണിക്കാരെ വിളിച്ചു ടോമിനെ എടുത്തു കച്ചറ ഡ്രമ്മിൽ ഇടീപ്പിച്ചു, സെക്യുരിട്ടിക്കാരന്റെ ഡ്യുട്ടി ടൈം ആവാത്തത് കൊണ്ട് അവനിതൊന്നും അറിയാതെ അപ്പുറത്തെ സ്ട്രീറ്റിലുള്ള റൂമിലിരിക്കുകയാണ്…

ഇന്നലെ അടയാളം ഖത്തറിന്റെ വാർഷികാഘോഷം കഴിഞ്ഞു വരുമ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു, കാവൽകാരനെ ഗേറ്റിൽ കണ്ടില്ല. ഞാൻ ചുറ്റും നോക്കി. കുറച്ചപ്പുറത്തുള്ള മരത്തിനു ചുവട്ടിൽ ഒറ്റക്കയാൾ ദുഖിച്ചിരിക്കുന്നുണ്ട്. അയാൾ വീണ്ടും തനിച്ചായിരിക്കുന്നു..

അല്ല…. അയാൾ തനിച്ചല്ല. ഒരു അമ്പിളി മാമനും ഒരുപാട് നക്ഷത്രങ്ങളും ഇന്നലെയും അയാൾക്ക്‌ കൂട്ടുണ്ടായിരുന്നു. പിന്നെ ടോമിന്‍റെ ഓർമകളും..