ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്നര ദശാബ്ദമായി റോക്ക്‌ലാന്റ് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും അതോടൊപ്പം ഈസ്റ്ററും വിഷുവും സംയുക്തമായി  ഏപ്രില്‍ 18-ന് വെസ്റ്റ്‌ ന്യയാക്കിലുള്ള ക്ലാര്‍ക്‌സ്‌ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (Clarkstown Reformed Church Auditorium, 107 Strawtown Road, West Nyack, NY 10994) ആഘോഷിക്കുന്നു. വൈകിട്ട് നാലു മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിച്ചു.
ന്യൂജേഴ്സിയിലെ ഡോവറിലുള്ള സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാ. ഷിബു ഡാനിയല്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ഈസ്റ്റര്‍ സന്ദേശം നല്‍കുകയും ചെയ്യും. മറ്റൊരു മുഖ്യാതിഥിയായ ഗുരുജി ദിലീപ് കുമാര്‍ തങ്കപ്പന്‍ വിഷു സന്ദേശം നല്‍കും.
വിഭവസമൃദ്ധമായ സദ്യയും, വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുമെന്ന് സെക്രട്ടറി അലക്സ് എബ്രഹാം പറഞ്ഞു.  വിഷുക്കണി, വിഷുക്കൈനീട്ടം, ഈസ്റ്റര്‍ സ്‌കിറ്റ്, നൃത്തനൃത്യങ്ങള്‍ തുടങ്ങി വിവിധ പരിപാടികളടങ്ങിയ ഈ ആഘോഷം ഒരു മറക്കാനാവാത്ത സായാഹ്നമായിരിക്കുമെന്ന് ട്രഷറര്‍ ജോണ്‍  ദേവസ്യ അറിയിച്ചു.
പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സാബു ഇത്താക്കന്‍ ചെയര്‍ പെഴ്സണായും, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ലൈസി അലക്സ്, ജയപ്രകാശ് നായര്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.