68-ലും റാങ്കിന്റെ മധുരം: ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക് നേടി വിശാലാക്ഷി ടീച്ചര്‍

തേഞ്ഞിപ്പലം: വിദ്യാഭ്യാസത്തിനും ഉന്നത മാര്‍ക്കിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് വിശാലാക്ഷി ടീച്ചര്‍ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കുമായി വെട്ടിത്തിളങ്ങുന്നു. അറുപത്തെട്ടാം വയസില്‍ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്ക്‌ സ്വന്തമാക്കി വാര്‍ധക്യത്തിന്റെ ചെറുപ്പം ആഘോഷിക്കുകയാണ്‌ ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ അധ്യാപിക കാലിക്കറ്റ്‌ എലത്തൂര്‍ സ്വദേശി ടി.പി. വിശാലാക്ഷി.

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍നിന്ന്‌ എം.എ. ഫോക്‌ലോറില്‍ ഒന്നാംറാങ്കാണു ഇവര്‍ നേടിയെടുത്തത്‌. 2001-ല്‍ അധ്യാപനത്തില്‍നിന്നു വിരമിച്ച ഇവര്‍ ഇതിനുശേഷം വിവിധ കോഴ്‌സുകള്‍ പഠിച്ചു. 1968-70 കാലഘട്ടങ്ങളില്‍ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍നിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തിലാണ്‌ ആദ്യ ബിരുദാനന്തര ബിരുദം നേടിയത്‌.

Loading...

ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച ടീച്ചര്‍ 2012-ലാണ്‌ എം.എ. ഫോക്‌ലോറിനു ചേരുന്നത്‌. പ്രവേശന പരീക്ഷയില്‍ അവസാന റാങ്കായിരുന്നു ലഭിച്ചത്‌. പ്രവേശന പരീക്ഷയില്‍ അവസാന റാങ്ക്‌ ലഭിച്ചതാണു പഠനത്തിനും ഇപ്പോള്‍ ഒന്നാം റാങ്ക്‌ ലഭിക്കുന്നതിനും ഉത്തേജകമായതെന്നു ടീച്ചര്‍ പറഞ്ഞു.

ബൈപാസ്‌ സര്‍ജറി കഴിഞ്ഞു വിശ്രമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ പരിചരിക്കുന്നതിനോടൊപ്പം ഈ പ്രായത്തിലും തികഞ്ഞ ഒരു വിദ്യാര്‍ഥിയായി പഠനത്തില്‍ ശ്രദ്ധിച്ച ടീച്ചര്‍ക്ക്‌ അതിന്റെ ഫലം ലഭിക്കുകയായിരുന്നു.