പ്രവാസിയുടെ മൃതദേഹത്തില്‍ നിന്ന് ആന്തരികാവയവങ്ങള്‍ അപ്രത്യക്ഷമായി

വാരണാസി: സൗദി അറേബ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പ്രവാസി ഇന്ത്യക്കാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. നാട്ടിലെത്തിയ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണ്മാനില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദയില്‍ നിന്ന് യുവാവിന്റെ ജന്മനാടായ ഗാസിപൂരിലെത്തിച്ച മൃതദേഹം നാട്ടിലെ ഒരു ആശുപത്രിയിലാണ് പോസ്‌ററ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ ആന്തരികാവയവങ്ങള്‍ നഷ്ടമായതായി പറയുന്നു. കിഡ്‌നി അടക്കമുള്ള ആന്തരീകാവയവങ്ങളാണ് നഷ്ടമായത്.

Loading...

ഗര്‍സാര്‍പൂര്‍ ഗ്രാമത്തിലാണ് രാംദിന്‍ രാദ്ഭര്‍ താമസിച്ചിരുന്നത്. 2013ലാണ് ഇദ്ദേഹം സൗദിയിലേക്ക് പോകുന്നത്. എന്നാല്‍ ഒരു നല്ല തൊഴില്‍ കണ്ടെത്താന്‍ രാംദിന് സാധിച്ചില്ല. തുടര്‍ന്ന് അല്‍ ഖാഫിജിയില്‍ ഒരു തൊഴില്‍ കിട്ടിയെന്ന് ഇയാള്‍ ബന്ധുക്കളെ അറിയിച്ചു. ഭാര്യ ഷീലയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് രാംദിന്‍രെ കുടുംബം. 2014 ഏപ്രില്‍ 30നാണ് രാംദിന്‍ അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്.

തന്റെ തൊഴിലുടമ തന്നെ കൊല്ലുമെന്നാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിയ്ക്കുന്നത്.

തൂങ്ങി മരണമെന്നാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചത് പോലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് വൃക്കകള്‍, ഹൃദയാവരണം, പ്ലീഹ എന്നിവ മൃതദേഹത്തില്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്.

പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ഇക്കാര്യം രാഷ്ട്രപിതയുടേയും , പ്രധാനമന്ത്രിയുടേയും, വിദേശകാര്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.